KeralaNEWS

തമിഴ്നാടിനെ ഇളക്കിമറിച്ച് അണ്ണാമലൈ; കേരളത്തിൽ  നനഞ്ഞ പടക്കമായി സുരേന്ദ്രൻ 

ചെന്നൈ: 39 ലോകസഭ അംഗങ്ങളെ സൃഷ്ടിക്കുന്ന സംസ്ഥാനമായ തമിഴ്നാട്ടില്‍ ആര്‍.എസ്.എസിനും ബി.ജെ.പിയ്ക്കും ഒരുപോലെ പ്രിയങ്കരനാണ് അണ്ണാമലൈ.

കര്‍ണ്ണാടക കേഡര്‍ ഐ.പി.എസ് ഉദ്യോഗസ്ഥനായിരുന്ന അണ്ണാമലൈ ഉന്നതമായ ആ പദവി രാജിവച്ചാണ് ചെറു പ്രായത്തില്‍ തന്നെ രാഷ്ട്രീയത്തില്‍ ഇറങ്ങിയിരിക്കുന്നത്. സര്‍വ്വീസില്‍ തുടരുകയാണെങ്കില്‍ ഡി.ജി.പി പദവിയില്‍ എത്താന്‍ വരെ സാധ്യതയുണ്ടായിരുന്ന പദവിയാണ് അണ്ണാമലൈ കൈവിട്ടിരിക്കുന്നത്. അദ്ദേഹത്തിന്റെ ഈ ഭാഗ്യപരീക്ഷണം തന്നെയാണ് മോദിയെയും ആര്‍.എസ്.എസ് നേതൃത്വത്തെയും സ്വാധീനിച്ചിരിക്കുന്നത്.

 

Signature-ad

തമിഴകത്ത് ഉടനീളം അണ്ണാമലൈയുടെ നേതൃത്വത്തില്‍ ബി.ജെ.പി നടത്തിയ പദയാത്ര ബി.ജെ.പി…അതിന്റെ ചരിത്രത്തില്‍ ഇന്നുവരെ നടത്താത്ത ബഹുജന മുന്നേറ്റത്തിനാണ് കാരണമായിരിക്കുന്നത്. ശക്തമായ ത്രികോണ മത്സരത്തിന് വഴിയൊരുക്കാന്‍ അതെന്തായാലും കാരണമായിട്ടുണ്ട്. അണ്ണാ ഡി.എം.കെയില്‍ നിന്നും കോണ്‍ഗ്രസ്സില്‍ നിന്നും എം.എല്‍.എമാരെയും നേതാക്കളെയും അടര്‍ത്തിമാറ്റിയ ബി.ജെ.പി ഭാവിയിലെ പ്രതീക്ഷയായാണ് തമിഴ്നാടിനെ കാണുന്നത്.

 

തമിഴ്നാട് ബിജെപി അദ്ധ്യക്ഷന്‍ ദേശീയ നേതൃത്വത്തിനു മുന്നില്‍ ഹീറോയാകുമ്ബോള്‍ കേരളത്തിലെ അവസ്ഥ നേരെ തിരിച്ചാണ്. കെ സുരേന്ദ്രന്‍ നയിച്ച ജാഥ നനഞ്ഞ പടക്കമായി പോയെന്ന വിലയിരുത്തലാണ് ബി.ജെ.പി നേതൃത്വത്തിനുള്ളത്. പ്രചരണ ഗാനത്തിലെ തിരിച്ചടി മുതല്‍ തുടക്കം മുതല്‍ തന്നെ സുരേന്ദ്രന് പിഴക്കുകയാണുണ്ടായത്.

 

ഇത്തവണയെങ്കിലും ഒരു സീറ്റില്‍ വിജയിക്കാന്‍ കഴിഞ്ഞില്ലങ്കില്‍ സുരേന്ദ്രന് തല്‍സ്ഥാനം രാജിവയ്ക്കേണ്ടി വരും. അത്തരമൊരു സാഹചര്യത്തില്‍ സംസ്ഥാന ബി.ജെ.പിയില്‍ സമ്ബൂര്‍ണ്ണമായ അഴിച്ചുപണിയും ഉണ്ടാകും.

 

തൃശൂര്‍, തിരുവനന്തപുരം, കാസര്‍ഗോഡ്, പത്തനംതിട്ട, ആറ്റിങ്ങല്‍, പാലക്കാട് എന്നീ ആറ് ലോകസഭ മണ്ഡലങ്ങളിലാണ് ബി.ജെ.പി പ്രധാനമായും മുന്നേറാന്‍ ശ്രമിക്കുന്നത്. ഇതില്‍ തൃശൂര്‍, തിരുവനന്തപുരം, പത്തനംതിട്ട മണ്ഡലങ്ങളിലാണ് അവര്‍ വിജയ പ്രതീക്ഷ പുലര്‍ത്തുന്നത്. ഇതില്‍ ഒന്നില്‍ വിജയിച്ചേ തീരൂ എന്ന നിര്‍ദ്ദേശമാണ് മോദി കേരള ഘടകത്തിന് നല്‍കിയിരിക്കുന്നത്. എന്നാല്‍, ഇടതുപക്ഷ സ്ഥാനാര്‍ത്ഥി നിര്‍ണ്ണയം പുറത്തു വന്നതോടെ ബി.ജെ.പിയുടെ പ്രതീക്ഷക്കും മങ്ങലേറ്റിട്ടുണ്ട്.

 

അവര്‍ ഏറെ വിജയ സാധ്യത കാണുന്ന തൃശൂരില്‍ വി.എസ് സുനില്‍കുമാര്‍ സ്ഥാനാര്‍ത്ഥി ആയതാണ് സകല കണക്കു കൂട്ടലുകളും തെറ്റിച്ചിരിക്കുന്നത്. ബി.ജെ.പിയും ഇടതുപക്ഷവും തമ്മില്‍ നേരിട്ടുള്ള മത്സരത്തില്‍ കോണ്‍ഗ്രസ്സിനു ലഭിക്കേണ്ട ഒരു വിഭാഗം വോട്ടുകള്‍ സുനില്‍കുമാറിനു ലഭിച്ചാല്‍ അദ്ദേഹം വിജയിക്കുമോ എന്നതാണ് ബി.ജെ.പി നേതൃത്വത്തിന്റെ ആശങ്ക. ഈ ആശങ്ക കോണ്‍ഗ്രസ്സ് നേതൃത്വത്തിനുമുണ്ട്. ഇത്തവണത്തെ ഇടതുപക്ഷ സ്ഥാനാര്‍ത്ഥി ശക്തനാണെന്ന കാര്യത്തില്‍ കോണ്‍ഗ്രസ്സിനു മാത്രമല്ല അവരുടെ സ്ഥാനാര്‍ത്ഥി ടി.എന്‍ പ്രതാപനും സംശയമില്ല. അദ്ദേഹം അത് പരസ്യമായി പ്രകടിപ്പിച്ചിട്ടുമുണ്ട്.

 

തൃശൂരിലെ അതേ അവസ്ഥ തന്നെയാണ് കഴിഞ്ഞ തവണ ബി.ജെ.പി രണ്ടാമതെത്തിയ തിരുവനന്തപുരത്തും ഉള്ളത്. ജനകീയനായ പന്ന്യന്‍ രവീന്ദ്രനെയാണ് ഇവിടെ ഇടതുപക്ഷം രംഗത്തിറക്കിയിരിക്കുന്നത്. വിജയം ഉറപ്പിച്ചിരുന്ന സിറ്റിംഗ് എം പി ശശി തരൂരിന്റെ കണക്കു കൂട്ടലുകള്‍ തെറ്റിക്കുന്ന പ്രഖ്യാപനമായിരുന്നു അത്. ഇതോടെ ശക്തമായ ത്രികോണ മത്സരത്തിനാണ് തിരുവനന്തപുരത്തും തിരിതെളിഞ്ഞിരിക്കുന്നത്. പത്തനംതിട്ടയില്‍ തോമസ് ഐസക്കിനെ പോലെയുള്ള മുതിര്‍ന്ന നേതാവിനെ രംഗത്തിറക്കിയ ഇടതുപക്ഷം ഏതു വിധേയനേയും മണ്ഡലം പിടിച്ചെടുക്കണമെന്ന വാശിയിലാണ് ഉള്ളത്. സിറ്റിംഗ് എം.പിയായ ആന്റോ ആന്റണിക്കെതിരായ വികാരം വോട്ടാകുമെന്നാണ് സി.പി.എം പ്രതീക്ഷിക്കുന്നത്.

Back to top button
error: