KeralaNEWS

കൊല്ലം- ഗുരുവായൂര്‍ തീര്‍ത്ഥാടനം: അഞ്ച് ക്ഷേത്രങ്ങൾ 1240 രൂപയ്ക്ക് പോയി വരാം!

കേരളത്തിലെ വിവിധ സ്ഥലങ്ങളെ കോർത്തിണക്കി കെഎസ്‌ആർടിസി ബജറ്റ് ടൂറിസം കുതിക്കുകയാണ്. യാത്രക്കാരുടെ ആവശ്യം മനസ്സിലാക്കി ട്രിപ്പുകള്‍ പ്ലാൻ ചെയ്യുന്നതുകൊണ്ടുതന്നെ ഓരോ യാത്രയും വൻവിജയവും ആകാറുണ്ട്.

ഇപ്പോഴിതാ, കൊല്ലം കെഎസ്‌ആർടിസി കേരളത്തിലെ പ്രധാന ക്ഷേത്രമായ ഗുരുവായൂര്‍ ക്ഷേത്രം ഉള്‍പ്പെടുത്തി ഏകദിന തീർത്ഥയാത്ര നടത്തുകയാണ്.ഗുരുവായൂരും സമീപത്തെ മമ്മിയൂർ ക്ഷേത്രവും ഉള്‍പ്പെടെയുള്ള പ്രധാന ക്ഷേത്രങ്ങള്‌ കണ്ടു വരുന്ന തീർത്ഥ യാത്ര കുറഞ്ഞ ചെലവില്‍ പൂർത്തിയാക്കുവാൻ സാധിക്കുമെന്നതാണ് പ്രത്യേകത.

Signature-ad

മാർച്ച്‌ 15 വെള്ളിയാഴ്ച രാത്രി എട്ടു മണിക്ക് കൊല്ലം കെഎസ്‌ആർടിസി ഡിപ്പോയില്‍ നിന്നും പുറപ്പെടുന്ന യാത്ര വെളുപ്പിനെ 2.30 യോട് കൂടി ഗുരുവായൂരില്‍ എത്തുന്ന വിധത്തിലാണ് ക്രമീകരിച്ചിരിക്കുന്നത്.തുടർന്ന് രാവിലെ ഒൻപത് മണിയോടെ മമ്മിയൂർ ക്ഷേത്രത്തിലേക്ക് പോകും. ഗുരുവായൂർ ദർശനം പൂർത്തിയാകണമെങ്കിലും ദർശത്തിന്‍റെ പൂർണ്ണഫലം ലഭിക്കണമെങ്കിലും മമ്മിയൂർ ക്ഷേത്ര ദർശനം നടത്തണമെന്നാണ് വിശ്വാസം. മമ്മിയൂരപ്പനായി ശിവനെ ആരാധിക്കുന്ന ക്ഷേത്രത്തില്‍ പ്രതിഷ്ഠ നടത്തിയത് പരശുരാമൻ ആണെന്നാണ് വിശ്വാസം.

മമ്മിയൂർ ക്ഷേത്രത്തില്‍ നിന്നുമിറങ്ങി ആനക്കൊട്ടില്‍ കാണാനാണ് പോകുന്നത്. ഇവിടെ സന്ദര്‍ശനം കഴിഞ്ഞ് ഗുരുവായൂരിലേക്ക് മടങ്ങും. ഉച്ചഭക്ഷണം ഗുരുവായൂരില്‍ നിന്ന് കഴിച്ച ശേഷം കൊല്ലത്തിന് മടക്ക യാത്ര. ഈ യാത്രയിലാണ് കൊടുങ്ങല്ലൂർ ഭഗവതി ക്ഷേത്രം, പറവൂർ ദക്ഷിണ മൂകാംബിക ക്ഷേത്രം എന്നിവിടങ്ങള്‍ സന്ദർശിക്കുന്നത്.

കൊല്ലൂരിലെ മൂകംബികയുടെ ചൈതന്യം അതേപടി ഉള്‍ക്കൊള്ളുന്ന ക്ഷേത്രമാണ് പറവൂർ ദക്ഷിണ മൂകാംബികാ ക്ഷേത്രം. വെള്ളത്തിനു നടുവിലെ ശ്രീകോവിലില്‍ സ്ഥിതി ചെയ്യുന്ന ക്ഷേത്രത്തിലെ വിദ്യാരംഭവും പ്രസിദ്ധമാണ്. വർഷത്തിലേതു ദിവസവും ഇവിടെ വിദ്യാരംഭം നടത്താം. ക്ഷേത്രത്തിലെ കഷായ നിവേദ്യവും ത്രിമധുരവും കഴിക്കുന്നത് വിദ്യാപുരോഗതിക്ക് നല്ലതാണ്. ഇവിടെ ദേവിക്ക് മുന്നില്‍ നടത്തുന്ന സംഗീതാർച്ചനയും പ്രസിദ്ധമാണ്.

 

യാത്രയില്‍ ദര്‍ശനം നടത്തുന്ന കൊടുങ്ങല്ലൂര്‍ ക്ഷേത്രം കേരളത്തിലെ ആദ്യ കാളിക്ഷേത്രം കൂടിയാണ്. കൊടുങ്ങല്ലൂര്‍ ശ്രീ കുരുംബഭഗവതി ക്ഷേത്രത്തെ കേരളത്തിലെ ഭഗവതി ക്ഷേത്രങ്ങളുടെ മാതൃസ്ഥാനം എന്നാണ് അറിയപ്പെടുന്നത്. പ്രതിബിംബത്തില്‍ ആണ് ഇവിടെ ആരാധന നടത്തുന്നത്. കൊടുങ്ങല്ലൂർ ഭരണിയാണ് ഇവിടുത്തെ പ്രധാന ആഘോഷം. തൃപ്രയാർ ക്ഷേത്രവും യാത്രയില്‍ സന്ദർശിക്കും.

 

തുടര്‍ന്ന് രാത്രി എട്ടു മണിയോടെ തിരികെ കൊല്ലം കെഎസ്‌ആർടിസി സ്റ്റാൻഡില്‍ എത്തിച്ചേരും. 1240 രൂപയാണ് ഒരാള്‍ക്കുള്ള നിരക്ക്. ഇതില്‍ ബസ് ടിക്കറ്റ് നിരക്ക് മാത്രമാണ് ഉള്‍പ്പെടുത്തിയിരിക്കുന്നത്. യാത്രയിലെ ഭക്ഷണം ഉള്‍പ്പെടെയുള്ള മറ്റു ചിലവുകള്‍ യാത്രക്കാർ സ്വയം വഹിക്കണം.

Back to top button
error: