KeralaNEWS

കേരളത്തിന്‌ കേന്ദ്രസഹായം എന്ന പ്രചാരണം തെറ്റിദ്ധരിപ്പിക്കുന്നത്: ധനമന്ത്രി കെ.എൻ. ബാലഗോപാൽ

തിരുവനന്തപുരം:കേരളത്തിന്‌ കേന്ദ്രസഹായം എന്ന പ്രചാരണം തെറ്റിദ്ധരിപ്പിക്കുന്നതാണെന്ന് ധനമന്ത്രി കെ.എൻ. ബാലഗോപാൽ.

കേന്ദ്ര സർക്കാർ കഴിഞ്ഞ ദിവസം സംസ്ഥാനത്തിന്‌ പ്രത്യേക സാമ്ബത്തിക സഹായം അനുവദിച്ചതായ ചില പ്രചാരണങ്ങള്‍ ശ്രദ്ധയില്‍പ്പെട്ടു. നികുതി വിഹിതമായി 2736 കോടി രൂപയും ഐ.ജി.എസ്‌.ടിയുടെ സെറ്റില്‍മെന്റായി 1386 കോടി രൂപയുമാണ്‌ കഴിഞ്ഞ ദിവസം ലഭ്യമാക്കിയത്‌.

സാധാരണ ഗതിയില്‍തന്നെ ബജറ്റ്‌ അനുസരിച്ച്‌ ഗഡുക്കളായി സംസ്ഥാനത്തിന്‌ ലഭ്യമാക്കേണ്ട നികുതി വിഹിതമാണിവ. കേന്ദ്ര സർക്കാർ സംസ്ഥാനത്തു നിന്ന്‌ പിരിച്ചു കൊണ്ടു പോകുന്ന നികുതി തുകയുടെ വിഹിതമായാണ്‌ 2736 കോടി രൂപ തന്നിട്ടുള്ളത്‌. കേന്ദ്ര നികുതി വിഹിതം മാസ ഗഡുവായാണ്‌ അനുവദിക്കുന്നത്‌. ഇത്തവണയും ആ തുകയാണ്‌ ലഭ്യമാക്കിയത്‌. കേരളത്തിന്‌ മാത്രമല്ല, എല്ലാ സംസ്ഥാനത്തിനും ആനുപാതിക വിഹിതം ലഭിച്ചിട്ടുണ്ട്‌.എന്നിരിക്കെയും കേരളത്തിന്‌ കേന്ദ്രസഹായം എന്ന വലിയതോതിലുള്ള പ്രചാരണം തെറ്റിദ്ധരിപ്പിക്കുന്നതാണ്.

Signature-ad

അന്തർ സംസ്ഥാന ചരക്ക് നീക്കത്തിനും സേവനത്തിനും ഇടാക്കുന്ന ഐ.ജി.എസ്‌.ടി കേന്ദ്ര ഖജനാവിലാണ്‌ എത്തുക. ഇത്‌ സംസ്ഥാനങ്ങള്‍ക്ക്‌ വിഭജിച്ചു നല്‍കുന്നതാണ്‌ രീതി. സംസ്ഥാനത്തിന്‌ അവകാശപ്പെട്ട ഐ.ജി.എസ്‌.ടി വിഹിതം അനുവദിച്ചതും കേന്ദ്ര സഹായമല്ല.

സാധാരണ ഗതിയില്‍ യാതൊരു തർക്കങ്ങളുമില്ലാതെ കേരളത്തിന്‌ അർഹമായും ലഭിക്കേണ്ട 13,609 കോടി രൂപയുടെ വായ്‌പാനുമതി പോലും കേന്ദ്രം നിഷേധിച്ചിരിക്കുകയാണ്‌. സുപ്രീംകോടതിയില്‍ സംസ്ഥാനം നല്‍കിയ പരാതി പിൻവലിച്ചാല്‍ ഈ അനുമതി നല്‍കാമെന്നാണ്‌ കേന്ദ്ര സർക്കാരിന്റെ ഇപ്പോഴത്തെ നിലപാട്‌.

ഫെബ്രുവരി, മാർച്ച്‌ മാസങ്ങളിലെ വർധിച്ച ചെലവുകള്‍ വഹിക്കാൻ സംസ്ഥാനത്തിന്‌ ഉപയോഗിക്കാനാകുന്ന തുകയാണ്‌ ഒരു കാരണവുമില്ലാതെ തടഞ്ഞുവച്ചിരിക്കുന്നത്‌. എന്നാല്‍, മറ്റ്‌ സംസ്ഥാനങ്ങള്‍ക്ക്‌ ഇത്തരം തുകകള്‍ എടുക്കുന്നതിനുള്ള അനുമതികള്‍ നല്‍കിയിട്ടുണ്ടെന്നും മന്ത്രി ബാലഗോപാല്‍ വ്യക്തമാക്കി.

ഭരണഘടനാപരമായി സംസ്ഥാനങ്ങളുമായി നികുതിവരുമാനം പങ്കുവെക്കാൻ കേന്ദ്ര സർക്കാർ ബാധ്യസ്ഥമാണ്.എന്നാൽ ധനകാര്യ കമീഷൻ വെച്ച മാനദണ്ഡങ്ങളെല്ലാം കാറ്റിൽ പറത്തി തെക്കേ ഇന്ത്യൻ സംസ്ഥാനങ്ങൾക്കുള്ള ധനവിഹിതം ഓരോ വർഷവും കേന്ദ്രം വെട്ടിക്കുറയ്ക്കുകയാണ്.ഇന്ത്യയുടെ മൊത്തം ആഭ്യന്തര ഉത്പാദനത്തിന്റെ  മൂന്നിലൊന്നും തെക്കേ ഇന്ത്യൻ സംസ്ഥാനങ്ങളിൽ നിന്നാണ്.എന്നാൽ അവർക്ക് തിരിച്ചു കിട്ടുന്ന നികുതിവിഹിതം നാൾക്കുനാൾ കുറഞ്ഞുവരികയാണ്.കാരണം മറ്റൊന്നല്ല,ബിജെപിക്ക് ബാലികേറാമലയാണ് ഈ‌ സംസ്ഥാനങ്ങൾബാലഗോപാൽ കൂട്ടിച്ചേർത്തു.

Back to top button
error: