ലക്നൗ: 2019 ലോക്സഭ തെരഞ്ഞെടുപ്പിലെ ചട്ടലംഘനവുമായി ബന്ധപ്പെട്ട് രജിസ്റ്റർ ചെയ്ത രണ്ട് കേസുകളില്‍ ബി.ജെ.പി സ്ഥാനാർഥിയും മുൻ എം.പിയും നടിയുമായ ജയപ്രദയെ അറസ്റ്റ് ചെയ്യാൻ ഉത്തരവിട്ട് യു.പി കോടതി.
മാർച്ച് ആറിന് കോടതിയില്‍ ഹാജരാക്കാനും രാംപുർ പൊലീസ് സൂപ്രണ്ടിനോട് കോടതി നിർദേശിച്ചു.കേസിൽ കോടതി പലതവണ സമൻസ് അയച്ചെങ്കിലും ജയപ്രദ ഹാജരായിരുന്നില്ല. തുടർന്ന് ഏഴു തവണ ജാമ്യമില്ലാ വാറന്റ് പുറപ്പെടുവിച്ചിട്ടും കോടതിയില്‍ ഹാജരാക്കാൻ പൊലീസിനും കഴിഞ്ഞില്ല.
ജയപ്രദ അറസ്റ്റില്‍ നിന്ന് ഒഴിഞ്ഞുമാറുകയാണെന്നും അവരുടെ മൊബൈല്‍ നമ്ബറുകളെല്ലാം സ്വിച്ച് ഓഫ് ആണെന്നും കോടതിയില്‍ സമർപ്പിച്ച മറുപടിയില്‍ പൊലീസ് വ്യക്തമാക്കി. തുടർന്ന് ജഡ്ജി ശോഭിത് ബൻസാല്‍ ജയപ്രദയെ ഒളിവില്‍പ്പോയതായി വിലയിരുത്തിയാണ് അറസ്റ്റിന് നിർദേശം നല്‍കിയത്.
2019 ലെ തെരഞ്ഞെടുപ്പില്‍ രാംപുരില്‍ ബി.ജെ.പി സ്ഥാനാർഥിയായിരുന്ന ജയപ്രദ, സമാജ്‌വാദി പാർട്ടിയുടെ അസം ഖാനോട് പരാജയപ്പെട്ടു. 2004ലും 2009ലും സമാജ്‌വാദി പാർട്ടി ടിക്കറ്റില്‍ രാംപുർ എം.പി ആയെങ്കിലും പിന്നീട് പാർട്ടി പുറത്താക്കിയിരുന്നു.