NEWS

സർക്കാരിന് ധൂർത്തെന്ന് ഗവർണർ, വർഷത്തിൽ പകുതിയോളം ദിവസങ്ങളും കേരളത്തിനു പുറത്ത് ചുറ്റിക്കറങ്ങുന്ന  ആരിഫ്‌ മുഹമ്മദ്‌ ഖാൻ ചിലവിട്ടത് 44.87 കോടി

    ഗവർണറായി ചുമതലയേറ്റ്‌ 4 വർഷം കൊണ്ട്‌ ആരിഫ്‌ മുഹമ്മദ്‌ ഖാൻ സർക്കാർ ഖജനാവിൽനിന്ന്‌ ചെലവിട്ടത്‌ 44.87 കോടി. ബഹുഭൂരിഭാഗം ദിവസങ്ങളിലും  കേരളത്തിനു പുറത്തു കഴിയുന്ന ഗവർണറുടെ യാത്രച്ചെലവ്‌ മാത്രം ഒന്നരക്കോടി കഴിഞ്ഞതായി വിവരാവകാശ രേഖകൾ വ്യക്തമാക്കുന്നു. മുൻകാലത്തൊന്നും രാജ്‌ഭവനുവേണ്ടി ഇത്രയധികം രൂപ  ചെലവഴിക്കേണ്ടി വന്നിട്ടില്ല. കേന്ദ്രസർക്കാർ സംസ്ഥാനത്തെ സാമ്പത്തികമായി ഞെരുക്കുന്നതിനിടെയാണ്‌ ഗവർണറുടെ ധൂർത്ത്‌.

സംസ്ഥാന സർക്കാർ ധൂർത്ത്‌ നടത്തുന്നുവെന്ന്‌ പ്രതിപക്ഷത്തിനൊപ്പം ആക്ഷേപിക്കുന്ന ഗവർണർ സ്വന്തം ചെലവ്‌ നിയന്ത്രിക്കാൻ തയ്യാറല്ലെന്ന്‌ വിവരാവകാശ രേഖകൾ പരിശോധിച്ചാൽ വ്യക്തം.  നിലവിലുള്ള കാർ മാറ്റി പുതിയ ബെൻസ്‌ കാർ വാങ്ങാൻ 85.12 ലക്ഷം രൂപ ചെലവിട്ടു. യാത്രാപ്പടിക്കും നിത്യ ചെലവുകൾക്കും പുറമെ ദാനം കൊടുക്കാനും ഖജനാവിലെ പണമെടുത്തിട്ടുണ്ട്‌. 71.99 ലക്ഷം രൂപയാണ്‌ ദാനം നൽകിയത്‌. കഴിഞ്ഞ രണ്ടുവർഷം 25 ലക്ഷം രൂപ വീതമാണ്‌ ഈയിനത്തിൽ ചെലവിട്ടത്‌.

Signature-ad

യാത്രച്ചെലവിനത്തിൽ 1.6 കോടി രൂപ കൈപ്പറ്റി. ചുമതലയേറ്റ 2019ൽ 38.4 ലക്ഷം രൂപയായിരുന്ന യാത്രാപ്പടി എത്തി നിൽക്കുന്നത്‌ 72.27 ലക്ഷത്തിലാണ്‌. തൊട്ടുമുമ്പ്‌ ഗവർണറായിരുന്ന പി സദാശിവം അഞ്ചുവർഷം പൂർത്തീകരിച്ച്‌ മടങ്ങിയപ്പോൾ രാജ്‌ഭവന്റെ ആകെ ചെലവ്‌ 33 കോടി രൂപയായിരുന്നു.

  ഇതിനിടെ പിന്നിട്ട 1,095 ദിവസങ്ങളിൽ‌ 328 ദിവസവും ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ കേരളത്തിനു പുറത്തായിരുന്നു എന്ന് വിവരാവകാശ രേഖ. ഏറ്റവും കൂടുതൽ വിമാനയാത്ര നടത്തിയ ഗവർണർമാരുടെ പട്ടികയിലും അദ്ദേഹം ഇടം നേടി. പലവട്ടം രാജ്ഭവനോട് വിവരാവകാശ നിയമപ്രകാരം ചോദിച്ചിട്ടും നൽകാത്ത ഈ വിവരം ഒടുവിൽ മുഖ്യമന്ത്രിയുടെ പൊതുഭരണ വകുപ്പാണു പുറത്തുവിട്ടത്. 2021 ജൂലൈ 29 മുതൽ ഫെബ്രുവരി 1 വരെയുള്ള കണക്കുകളാണു വെളിപ്പെടുത്തിയത്. 2019 സെപ്റ്റംബറിലാണ് ആരിഫ് മുഹമ്മദ് ഖാൻ ഗവർണറായി ചുമതലയേറ്റത്.

ഗവർണറുടെ യാത്രയ്ക്കായി ബജറ്റിൽ മാറ്റി വച്ചതിന്റെ 20 ഇരട്ടി വരെ സർക്കാർ നൽകേണ്ടി വന്നു എന്നും ആക്ഷേപമുണ്ടായി. മിക്ക യാത്രകളും ഡൽഹി വഴിയും മംഗളൂരു വഴിയും സ്വദേശമായ യുപിയിലേക്കായിരുന്നു.

Back to top button
error: