ലക്നൗ: ഉത്തർപ്രദേശില്‍ കോണ്‍ഗ്രസ് എം.പി രാഹുല്‍ ഗാന്ധിയെ ശ്രീകൃഷ്ണനാക്കി പോസ്റ്ററുകള്‍. രാഹുല്‍ ഗാന്ധി നയിക്കുന്ന ഭാരത് ജോഡോ ന്യായ് യാത്ര ഉത്തർപ്രദേശില്‍ എത്തുന്ന ദിവസമാണ് പോസ്റ്ററുകള്‍ പ്രത്യക്ഷപ്പെട്ടത്.
പോസ്റ്ററുകളില്‍ രാഹുല്‍ ഗാന്ധിയെ രഥത്തിനുള്ളില്‍ നില്‍ക്കുന്ന ശ്രീകൃഷ്ണനായും യു.പി കോണ്‍ഗ്രസ് അധ്യക്ഷൻ അജയ് റായിയെ അർജുനനായും ചിത്രീകരിച്ചിരിക്കുന്നു. മാള്‍ റോഡിലും ഘണ്ടാഘർ മേഖലയിലുമാണ് പോസ്റ്ററുകള്‍ പതിച്ചിട്ടുള്ളത്.
ഉത്തർപ്രദേശ് കോണ്‍ഗ്രസ് കമ്മിറ്റി അംഗം സന്ദീപ് ശുക്ലയാണ് പോസ്റ്ററുകള്‍ പതിച്ചിരിക്കുന്നത്. സന്ദീപ് ശുക്ലയുടെ ചിത്രവും പോസ്റ്ററില്‍ ഉണ്ട്.
ഭാരത് ജോഡോ ന്യായ് യാത്ര ബുധനാഴ്ച ഉന്നാവോ വഴി കാണ്‍പൂരില്‍ എത്തും. കാണ്‍പൂരില്‍ രാഹുല്‍ ഗാന്ധി പൊതുയോഗത്തെ അഭിസംബോധന ചെയ്യും. ജനുവരി 14ന് മണിപ്പൂരില്‍നിന്ന് തുടങ്ങിയ യാത്ര മാർച്ച് 20ന് മുംബൈയിലാണ് സമാപിക്കുക. ആകെ 6713 കിലോമീറ്റർ ദൂരമാണ് യാത്ര. ഇതില്‍ 100 ലോക്‌സഭാ മണ്ഡലങ്ങളും 337 നിയമസഭാ മണ്ഡലങ്ങളും 110 ജില്ലകളും ഉള്‍പ്പെടും.