IndiaNEWS

സിംഹത്തിന് സീത എന്ന് പേരുനൽകുന്നതിൽ എന്താണ് പ്രശ്‌നം: വിഎച്ച്പിയോട് കൊൽക്കത്ത ഹൈക്കോടതി

കൊൽക്കത്ത: സിംഹത്തിന് സീത എന്ന് പേര് നൽകുന്നതിൽ എന്താണ് പ്രശ്നമെന്ന് വിശ്വ ഹിന്ദു പരിഷത്തിനോട് കൊൽക്കത്ത ഹൈക്കോടതി.
 ഹിന്ദുവിശ്വാസപ്രകാരം മൃഗങ്ങളും ദൈവങ്ങൾ അല്ലേയെന്നും കോടതി ചോദിച്ചു. അക്ബർ എന്ന് പേരുള്ള ആൺ സിംഹത്തെയും സീത എന്ന് പേരുള്ള പെൺസിംഹത്തെയും ഒന്നിച്ചുപാർപ്പിക്കുന്നതിനെതിരെ നൽകിയ ഹർജി പരി​ഗണിക്കുന്നതിനിടെയാണ് വിഎച്ച്പിയോട് കൊൽക്കത്ത ഹൈക്കോടതി ജൽപായ്ഗുരി സർക്യൂട്ട് ബെഞ്ച് ജസ്റ്റിസ് സൗഗത ഭട്ടാചാര്യയുടെ ചോദ്യം.
അക്ബർ– സീത സിംഹ ജോഡികൾ ഒരുമിച്ച്‌ വിഹരിക്കുന്നത്‌ മതവികാരം വ്രണപ്പെടുത്തുമെന്നാണ് തീവ്ര ഹിന്ദുത്വ സംഘടനയായ വിശ്വഹിന്ദു പരിഷതിന്റെ വാദം. ഹിന്ദു വിശ്വാസത്തെ അപമാനിക്കുന്നതിന് തുല്യമാണ് അക്ബറിനെ സീതയ്‌ക്കൊപ്പം ഒരേ കൂട്ടിലിട്ടതെന്നും പെൺ സിംഹത്തിന്റെ പേരു മാറ്റണമെന്നും വിഎച്ച്പി ആവശ്യപ്പെട്ടു.
സീത ദേവിയുടെ പേര് നൽകിയതിലാണ് പരാതിയെന്ന് വിഎച്ച്പി പറഞ്ഞു. എന്നാൽ സീത എന്ന പേരിൽ എന്താണ് ബുദ്ധിമുട്ടെന്ന് കോടതി തിരിച്ചു ചോദിച്ചു. സിംഹങ്ങൾക്ക് പേര് നൽകിയിട്ടുണ്ടോ എന്ന് വ്യക്തമാക്കാൻ സർക്കാരിനോട് കോടതി ആവശ്യപ്പെട്ടു. ഹർജി നാളെ വീണ്ടും പരി​ഗണിക്കും.
സീതയ്‌ക്ക് അഞ്ചരയും അക്ബറിന് ഏഴ് വയസ്സുമുണ്ട്‌. ഇവ രണ്ടും സെപാഹിജാല സുവോളജിക്കൽ പാർക്കിലാണ് ജനിച്ച് വളർന്നത്. ഒരേ ചുറ്റുപാടിൽ കഴിഞ്ഞതിനാലാണ് ബംഗാളിലേക്കും ഒരുമിച്ച് കൊണ്ടുവന്നത്.

Back to top button
error: