തിരുവനന്തപുരം: കേരള വനിതാ കമ്മിഷന്റെ, 2023ലെ മാധ്യമ പുരസ്കാരത്തിനുള്ള എൻട്രികള്‍ സമർപ്പിക്കുന്നതിനുള്ള തീയതി ഫെബ്രുവരി 17 വരെ നീട്ടി.
മലയാളം അച്ചടി മാധ്യമം മികച്ച റിപ്പോർട്ട്, മികച്ച ഫീച്ചർ, വിഷ്വല്‍ മീഡിയ മലയാളം മികച്ച റിപ്പോർട്ട്, മികച്ച ഫീച്ചർ, മികച്ച ഫോട്ടോഗ്രഫി, മികച്ച വീഡിയോഗ്രഫി എന്നിങ്ങനെ ആറ് വിഭാഗങ്ങളിലായാണ് പുരസ്കാരം. വ്യത്യസ്തമേഖലകളിലെ സ്ത്രീകളുടെ നേട്ടങ്ങള്‍, സ്ത്രീകള്‍ നേരിടുന്ന പ്രശ്നങ്ങള്‍, പ്രതിസന്ധികളെ തരണം ചെയ്ത വനിതകള്‍ തുടങ്ങി സ്ത്രീകളുമായി ബന്ധപ്പെട്ട വാർത്തകളും വീഡിയോകളും ഫോട്ടോകളുമാണ് പുരസ്കാര നിർണയത്തിനായി പരിഗണിക്കുക.
ഒരാള്‍ ഒരു എൻട്രി മാത്രമേ അയയ്ക്കാൻ പാടുള്ളൂ. പുരസ്കാര ജേതാക്കള്‍ക്ക് 20,000 രൂപ സമ്മാനത്തുകയും പ്രശസ്തിപത്രവും നല്‍കും. ആർ.എൻ.ഐ അംഗീകൃത പത്രമാധ്യമസ്ഥാപനങ്ങളിലെയും കേന്ദ്ര വാർത്താവിതരണ മന്ത്രാലയത്തിന്റെ അംഗീകാരമുള്ള ടെലിവിഷൻ ചാനലുകളിലെയും മാധ്യമപ്രവർത്തകർക്ക് പുരസ്കാരത്തിന് അപേക്ഷിക്കാം.