KeralaNEWS

വീണാ വിജയന് ഇന്ന് നിര്‍ണായകം; എസ്എഫ്ഐഒ അന്വേഷണം റദ്ദാക്കണമെന്ന ഹര്‍ജിയില്‍ വിധി ഉച്ചയ്ക്ക്

ബംഗളൂരു: മാസപ്പടി കേസില്‍ സീരിയസ് ഫ്രോഡ് ഇന്‍വെസ്റ്റിഗേഷന്‍ ഓഫീസിന്റെ (എസ് എഫ് ഐ ഒ) അന്വേഷണം റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് വീണാ വിജയന്റെ എക്‌സാലോജിക് കമ്പനി നല്‍കിയ ഹര്‍ജിയില്‍ കര്‍ണാടക ഹൈക്കോടതി ഇന്ന് വിധി പറയും. ഉച്ചയ്ക്ക് രണ്ടരയ്ക്ക് ജസ്റ്റിസ് എം. നാഗപ്രസന്നയുടെ ബെഞ്ചാണ് ഇടക്കാല ഉത്തരവ് പുറപ്പെടുവിക്കുക.

വിഷയത്തെക്കുറിച്ച് കമ്പനി കാര്യ നിയമത്തിലെ ചട്ടം 210 പ്രകാരം രജിസ്ട്രാര്‍ ഒഫ് കമ്പനീസ് അന്വേഷിച്ച് റിപ്പോര്‍ട്ട് നല്‍കിയതാണ്. അന്വേഷണത്തോട് തങ്ങള്‍ പൂര്‍ണമായും സഹകരിച്ചിരുന്നു. അതേനിയമത്തിലെ ചട്ടം 212 പ്രകാരം എസ് എഫ് ഐ ഒ അന്വേഷണം നടത്തുന്നത് നിയമവിരുദ്ധമാണെന്നാണ് ഹര്‍ജിയില്‍ പറയുന്നത്.

Signature-ad

വീണയെ എസ്എഫ്‌ഐഒ ചോദ്യം ചെയ്യുമെന്ന റിപ്പോര്‍ട്ടുകള്‍ക്കിടെയായിരുന്നു എക്‌സാലോജിക് കമ്പനി ഹൈക്കോടതിയില്‍ ഹര്‍ജി നല്‍കിയത്. എക്‌സാലോജിക്കിന്റെ ആസ്ഥാനം ബംഗളുരുവില്‍ ആയതിനാലാണ് കമ്പനി കര്‍ണാടക ഹൈക്കോടതിയെ സമീപിച്ചത്.

എസ്എഫ്ഐഒ, കേന്ദ്ര കോര്‍പറേറ്റ് കാര്യ മന്ത്രാലയം എന്നിവരെ എതിര്‍കക്ഷികളാക്കി അഡ്വ. മനു പ്രഭാകര്‍ കുല്‍ക്കര്‍ണി മുഖേനയായിരുന്നു എക്‌സാലോജിക് ഹര്‍ജി നല്‍കിയത്. കഴിഞ്ഞ തിങ്കളാഴ്ച കോടതി ഹര്‍ജി പരിഗണിച്ചിരുന്നു. ഒരു മണിക്കൂറോളം വാദം കേട്ട ശേഷം വിധി പറയാന്‍ മാറ്റുകയായിരുന്നു.

Back to top button
error: