ഐ.എസ്.എല്ലില്‍ ഒരിക്കല്‍ പോലും കിരീടം ചൂടിയിട്ടില്ലെങ്കിലും കൊമ്ബന്മാരുടെ ആരാധക പിന്തുണക്ക് ഒരു കുലുക്കവും നാളിതുവരെ തട്ടിയില്ല. മൂന്ന് തവണ കലാശപ്പോരില്‍ വച്ചാണ് ബ്ലാസ്റ്റേഴ്സിന് കാലിടറിയത്.അപ്പോഴൊക്കെ അടുത്ത സീസണുകളില്‍ ടീം വർധിത വീര്യത്തോടെ തിരിച്ചെത്തുമെന്ന ഉറച്ച പ്രതീക്ഷകളായിരുന്നു ആരാധകരെ ഈ ടീമിനൊപ്പം പിടിച്ച് നിർത്തിയത്. കഴിഞ്ഞ സീസണില്‍ ഏറെ വിവാദങ്ങള്‍ക്കൊടുവില്‍ ഒരിക്കല്‍ കൂടി കിരീടമില്ലാതെ സീസണ് അവസാനിക്കുമ്ബോള്‍ ബ്ലാസ്റ്റേഴ്സ് പരിശിലീകൻ ഇവാൻ വുകുമാനോവിച്ചില്‍ പ്രതീക്ഷയർപ്പിച്ച് വീണ്ടും ആരാധകർ കാത്തിരുന്നു.
ഈ സീസണിന്റെ തുടക്കത്തില്‍ മികച്ച രീതിയില്‍ പന്തു തട്ടി തുടങ്ങിയ മഞ്ഞപ്പടക്ക് കഴിഞ്ഞ കുറച്ച് മത്സരങ്ങളില്‍ എന്താണ് സംഭവിക്കുന്നതെന്ന് ആരാധകർക്ക് ഇനിയും മനസ്സിലായിട്ടില്ല. സൂപ്പർ കപ്പില്‍ നിന്ന് തോറ്റ് പുറത്തായ ശേഷം ഐ.എസ്.എല്ലില്‍ തുടർച്ചയായി രണ്ട് തോല്‍വികള്‍. അതില്‍ ലീഗിലെ പത്താം സ്ഥാനക്കാരായ പഞ്ചാബ് എഫ്.സിയോട് കഴിഞ്ഞ ദിവസംഹോം ഗ്രൗണ്ടില്‍ വഴങ്ങിയ നാണംകെട്ട തോല്‍വിയാണ് ആരാധകരെ ഏറെ ഞെട്ടിച്ചത്. ഈ സീസണില്‍ ആദ്യമായാണ് സ്വന്തം മൈതാനത്ത് മഞ്ഞപ്പട തോല്‍ക്കുന്നത്. ഇത് ആരാധകരെ ഏറെ നിരാശരാക്കി. അവരത് പരസ്യമായി ഗാലറിയില്‍ പ്രകടിപ്പിക്കുകയും ചെയ്തു.
സാധാരണ തോല്‍വിയിലും ജയത്തിലുമൊക്കെ ഗാലറിക്ക് മുന്നില്‍ വന്ന് നിന്ന് ആരാധകരെ അഭിവാദ്യം ചെയ്യാറുള്ള ബ്ലാസ്റ്റേ്സിനെ ഇക്കുറി ‘പ്ലേ ഫോർ ദ ബാഡ്ജ്’ എന്ന പ്രതിഷേധ മുദ്രാവാക്യമാണ് വരവേറ്റത്. ഗാലറിയില്‍ സ്വന്തം ടീമിനായി മൈക്രോഫോണില്‍ ഉച്ചത്തില്‍ അലറിവിളിച്ച അതേ ആരാധകർ കളിക്കാരോട് നെഞ്ചിലണിഞ്ഞ ഈ ബാഡ്ജിനായി കളിക്കൂ എന്ന് അമർഷത്തോടെ അലറി വിളിച്ചു. കലൂർ ഗാലറിയില്‍ നിന്ന് ഇങ്ങനെയൊരു കാഴ്ച മുമ്ബൊന്നും ആരാധകർ കണ്ടിട്ടില്ല. കളി തീരും മുമ്ബേ നിരാശയോടെ കാണികള്‍ ഗാലറി വിടുന്ന കാഴ്ചക്കും കഴിഞ്ഞ ദിവസം കലൂര്‍ സ്റ്റേഡിയം സാക്ഷ്യം വഹിച്ചു.
മുമ്ബ് 2018 ല്‍ ടീമിന്റെ തുടർ തോല്‍വികളില്‍ മനം മടുത്ത് കളികാണാൻ ഇനി ഗാലറിയില്‍ എത്തില്ലെന്ന് ബ്ലാസ്റ്റേഴ്സ് ആരാധകർ തീരുമാനമെടുത്തിരുന്നു. സോഷ്യല്‍ മീഡിയയില്‍ ടീമിന്റെ മോശം പ്രകടനത്തില്‍ ആരാധകർ ക്യാമ്ബയിനുകളും നടത്തി. ഇതിനെതിരെ വിമർശനമുയർത്തി ജർമൻ ഇതിഹാസം ലോതർ മതേയോസ് അടക്കം രംഗത്തെത്തിയിരുന്നു. പിന്നീട് തുടർ തോല്‍വികള്‍ നല്കിയ വേദനയിലാണ് ഹോം മത്സരത്തില്‍ നിന്ന് വിട്ടു നില്ക്കാൻ തീരുമാനമെടുത്തത് എന്നും ഗാലറിയില്‍ ഇനിയും ഞങ്ങളുണ്ടാവുമെന്നും ബ്ലാസ്റ്റേഴ്സ് ആരാധകക്കൂട്ടായ്മയായ മഞ്ഞപ്പട വ്യക്തമാക്കി.
ടീമിന്റെ മോശം പ്രകടനങ്ങളുടെ പേരില്‍ കളിക്കാരോട് നിരാശയും അമര്‍ഷവും പ്രകടിപ്പിക്കുന്ന ആരാധകരെ മുമ്ബും ഫുട്ബോള്‍ ലോകം കണ്ടിട്ടുണ്ട്. മാസങ്ങള്‍ക്ക് ഫ്രഞ്ച് ലീഗില്‍ പി.എസ്.ജിയോട് കനത്ത തോല്‍വി ഏറ്റുവാങ്ങിയ ഒളിമ്ബിക് ലിയോണ്‍ താരങ്ങളെ ഗ്രൗണ്ടില്‍ നിർത്തി ആരാധകർ ശകാരിച്ചിരുന്നു. നിങ്ങളണിയുന്ന ബാഡ്ജിനെ കളങ്കപ്പെടുത്തരുതെന്നും ഇതിഹാസങ്ങള്‍ അണിഞ്ഞ ജേഴ്സിയാണത് എന്നുമൊക്കെ മോക്രോഫോണിലൂടെ വിളിച്ച് പറയുന്ന ഒരു ആരാധകന് മുന്നില്‍ നിരാശയോട് തലതാഴ്ത്തി നില്ക്കുന്ന ലിയോണ്‍ താരങ്ങള്‍ ഫുട്ബോള്‍ ലോകത്ത് വലിയ വാര്‍ത്തയായിരുന്നു.
കഴിഞ്ഞ നാല് മത്സരങ്ങളില്‍ മാത്രം കേരള ബ്ലാസ്റ്റേഴ്സ് ആകെ വഴങ്ങിയത് 12 ഗോളുകളാണ്. നാലിലും തോല്‍ക്കാനായിരുന്നു വിധി. പഞ്ചാബിനെതിരായ മത്സരത്തില്‍ ഡിഫൻസിന്റെ ബാല പാഠങ്ങള്‍ പോലും മറന്ന ബ്ലാസ്റ്റേഴ്സ് ആദ്യം ഗോളടിച്ച് മുന്നിലെത്തിയ ശേഷമാണ് മൂന്ന് ഗോള്‍ വഴങ്ങി സ്വന്തം കാണികള്‍ക്ക് മുന്നില്‍ നാണം കെട്ടത്. ഡിഫൻസീവ് തേഡില്‍ വന്ന ഗുരുതരമായ പിഴവുകളാണ് ആ മൂന്ന് ഗോളിലേക്കും വഴി തുറന്നത്.
ടീമിലെ പ്രധാന താരങ്ങളായ ക്വാമി പെപ്രയും അഡ്രിയാൻ ലൂണയും പരിക്കേറ്റ് പുറത്തായതാണ് തോല്‍വിയുടെ പ്രധാന കാരണങ്ങളിലൊന്ന് എന്ന് പറഞ്ഞാശ്വസിക്കാമെങ്കിലും ടീമിന്റെ മൊത്തം കെട്ടിലും മട്ടിലും പ്രശ്നങ്ങളുണ്ടെന്ന് ഈ മത്സരം ആരാധകരോട് വിളിച്ച് പറയുന്നുണ്ട്. താന്‍ ബ്ലാസ്റ്റേഴ്സില്‍ എത്തിയ ശേഷം രണ്ടരക്കൊല്ലത്തിനിടെ ടീം കളിച്ച ഏറ്റവും മോശം മത്സരമായിരുന്നു പഞ്ചാബ് എഫ്.സിയുമായുള്ളത് എന്നാണ് കോച്ച് ഇവാന് മത്സര ശേഷം പറഞ്ഞത്. പിഴവുകള്‍ തിരുത്തി ടീം വിജയവഴിയില്‍ തിരിച്ചെത്തുമെന്ന ശുഭ പ്രതീക്ഷയിലാണ് ആരാധകരിപ്പോള്‍.