IndiaNEWS

തടസങ്ങളെല്ലാം ഭേദിച്ചു കര്‍ഷകര്‍ രാജ്യതലസ്ഥാനത്തേക്ക്

ന്യൂഡൽഹി: പഞ്ചാബ്-ഹരിയാന, ഡല്‍ഹി-ഹരിയാന അതിർത്തിയില്‍ പോലീസ് തീർത്ത കോണ്‍ക്രീറ്റ് ബാരിക്കേഡും മുള്ളുകന്പിയും തകർത്തെറിഞ്ഞ് കർഷകർ രാജ്യതലസ്ഥാനത്തേക്ക്.

പഞ്ചാബ്-ഹരിയാന അതിർത്തിയിലെ അംബാല ശംഭുവില്‍ ഹരിയാന പോലീസ് കർഷകരെ തടഞ്ഞുവെങ്കിലും കർഷകർ പോലീസ് തീർത്ത കോണ്‍ക്രീറ്റ് ബാരിക്കേഡും മറ്റും തകർത്ത് മുന്നേറി.ഇതിനിടെ കർഷകർക്കിടയിലേക്ക് ആകാശത്തുനിന്ന് ഡ്രോണ്‍ ഉപയോഗിച്ച്‌ പോലീസ് കണ്ണീർവാതക പ്രയോഗവും നടത്തി. ഹരിയാനയിലെ ഖനൗരിയില്‍ പോലീസ് ലാത്തിച്ചാർജും നടത്തി. രോഷാകുലരായ കർഷകർ പോലീസ് സ്ഥാപിച്ച കോണ്‍ക്രീറ്റ് ബാരിക്കേഡുകളും മുള്ളുകമ്പികളും തകർത്തു.

Signature-ad

പഞ്ചാബ്, ഹരിയാന, ഉത്തർപ്രദേശ് സംസ്ഥാനങ്ങളില്‍നിന്നു കാല്‍ ലക്ഷത്തോളം കർഷകരാണ് ഡല്‍ഹി ലക്ഷ്യമാക്കി നീങ്ങുന്നത്. റോഡ് മാർഗമോ, ട്രെയിൻ മാർഗമോ, മെട്രോയിലൂടെയോ കർഷകർ ഡല്‍ഹിയിലെത്താതിരിക്കുന്നതിനുള്ള നടപടികള്‍ കേന്ദ്രസർക്കാർ സ്വീകരിച്ചിട്ടുണ്ട്. ഞായറാഴ്ച മുതല്‍ ഡല്‍ഹിയുടെ അതിർത്തിപ്രദേശങ്ങളില്‍ നിരോധനാജ്ഞ ഏർപ്പെടുത്തിയിരുന്നു.

പഞ്ചാബില്‍നിന്നു പുറപ്പെട്ട കർഷകർ ഹരിയാന അതിർത്തിയില്‍ സ്ഥാപിച്ച ബാരിക്കേഡുകളും മുള്ളുകന്പികളും ട്രാക്‌ടറില്‍ കെട്ടിവലിച്ചു തകർത്തു. ആറു മാസത്തേക്കുള്ളഭക്ഷണ സാധനങ്ങളും താമസത്തിനുള്ള സൗകര്യങ്ങളും സജ്ജീകരിച്ചാണ് കർഷകർ ഡല്‍ഹിയിലേക്ക് മാർച്ച്‌ ചെയ്യുന്നത്. പ്രതിഷേധക്കാർ തന്പടിച്ചിരുന്ന പ്രദേശങ്ങളില്‍ ലംഗാർ (ഗുരുദ്വാര ഭക്ഷണശാല) ഒരുക്കിയിട്ടുണ്ട്.

കർഷകർക്ക് ഇന്ധനം നല്‍കാതിരിക്കാൻ ഹരിയാന സർക്കാർ നിയന്ത്രണം ഏർപ്പെടുത്തിയെങ്കിലും ആവശ്യത്തിനുള്ള ഇന്ധനവുമായാണ് ട്രാക്‌ടറുകള്‍ എത്തിയിരിക്കുന്നത്.

Back to top button
error: