KeralaNEWS

പരശുറാം എക്സ്പ്രസിലെ തിരക്കില്‍ വീണ്ടും വിദ്യാര്‍ഥിനി കുഴഞ്ഞുവീണു;നാലുമാസത്തിനിടെ ഇത് 18-ാമത്തെ സംഭവം

കണ്ണൂർ: പരശുറാം എക്സ്പ്രസിലെ തിരക്കില്‍ വീണ്ടും ഒരു വിദ്യാർഥിനി കുഴഞ്ഞുവീണു. വന്ദേഭാരതിനു(20631) വേണ്ടി പരശുറാം പിടിച്ചിട്ടപ്പോഴാണ്‌ തിങ്ങിനിറഞ്ഞ ലേഡീസ് കോച്ചില്‍ സ്കൂള്‍ വിദ്യാർഥിനി കുഴഞ്ഞുവീണത്.

മംഗളൂരു-നാഗർകോവില്‍ പരശുറാം എക്സ്പ്രസില്‍ (16649) തിങ്കളാഴ്ച രാവിലെ എലത്തൂരിലാണ് സംഭവം.യാത്രക്കാർ വെള്ളം കൊടുത്ത് പെണ്‍കുട്ടിയെ കോഴിക്കോട്ട്‌ ഇറക്കി. ശ്വാസം മുട്ടിപ്പോകുന്ന തിരക്കായിരുന്നു പരശുറാമിലെന്ന് യാത്രക്കാരിയും ആരോഗ്യവകുപ്പ് ജീവനക്കാരിയുമായ ഷീബ ബാബു പറഞ്ഞു.

 നാലുമാസത്തിനിടെ പരശുറാം എക്സ്പ്രസില്‍ മാത്രം വിദ്യാർഥിനികള്‍ ഉള്‍പ്പെടെ 18 വനിതാ യാത്രക്കാർ തളർന്നുവീണു. ജനുവരി, ഫെബ്രുവരി മാസത്തില്‍ മാത്രം എട്ട്‌ വിദ്യാർഥിനികളാണ് തളർന്നുവീണത്.

Signature-ad

പരശുറാമിലെ തിരക്ക് പരിഹരിക്കാൻ സൗകര്യമൊരുക്കുമെന്ന് റെയില്‍വേ അധികൃതർ മനുഷ്യാവകാശ കമ്മിഷൻ സിറ്റിങ്ങില്‍ അറിയിച്ചിരുന്നു. കോച്ച്‌ കൂട്ടുമെന്നും സൂചിപ്പിച്ചിരുന്നു. എന്നാല്‍ കോച്ച്‌ കൂട്ടിയില്ലെന്നു മാത്രമല്ല,വന്ദേഭാരത് ഉള്‍പ്പെടെ വണ്ടികള്‍ക്കുവേണ്ടി പരശുറാം പിടിച്ചിടുന്നത് തുടരുകയുമാണ്. നാഗർകോവിലില്‍ പ്ലാറ്റ്ഫോമിന് നീളമില്ലെന്ന സാങ്കേതികത്വമാണ് കോച്ച് കൂട്ടാത്തതിന് കാരണമായി പറയുന്നത്.

ദേശീയപാത 66-ന്റെ പണി നടക്കുന്നതിനാല്‍ ഭൂരിഭാഗം യാത്രക്കാരും ബസ്, സ്വകാര്യവാഹന യാത്ര ഒഴിവാക്കി തീവണ്ടികളെയാണ് ആശ്രയിക്കുന്നത്. ഇവർക്ക് പാസഞ്ചർ വണ്ടികളോ ജനറല്‍ കോച്ചുകളോ ഇല്ലാത്ത അവസ്ഥയാണിപ്പോള്‍.

Back to top button
error: