IndiaNEWS

ക്രൈസ്തവരെ അടുപ്പിക്കാൻ ‘പിസി മോഡല്‍’ ; പത്തനംതിട്ടയിൽ ബിജെപി സ്ഥാനാർത്ഥിയുടെ കാര്യത്തിൽ ഇന്ന് വ്യക്തത വരും

ത്തനംതിട്ടയില്‍ ബിജെപി സ്ഥാനാർത്ഥിയായി നടൻ ഉണ്ണി മുകുന്ദനോ പിസി ജോർജോ? ഇക്കാര്യത്തില്‍ ഇന്ന് വ്യക്തത വരുമെന്നാണ് സൂചന.

പി.സി.ജോർജ് നേതൃത്വം നല്‍കുന്ന കേരള ജനപക്ഷം (സെക്കുലർ) ബിജെപിയിലേക്ക് ചേരുമെന്ന സൂചന വന്നതോടെ കേരളത്തിലെ മറ്റ് ലോക്‌സഭാ മണ്ഡലത്തിലെ സ്ഥാനാർത്ഥികളിലും ബിജെപി അതിന് അനുസരിച്ച്‌ മാറ്റം വരുത്തുമെന്നാണ് ലഭിക്കുന്ന വിവരം. പിസി ജോർജിന്റെ പദവിയില്‍ അടക്കം തീരുമാനം ഇന്നുണ്ടാകും. പിസി ജോർജിന് പാർട്ടി സുപ്രധാന പദവി നല്‍കുമെന്ന് ഡൽഹിയിലെ ഒരു മുതിർന്ന ബിജെപി നേതാവ് പറഞ്ഞു.

Signature-ad

ഇതിന്റെ ഭാഗമായുള്ള ചർച്ചകള്‍ക്കു പാർട്ടി ചെയർമാൻ പി.സി.ജോർജ്, മകൻ ഷോണ്‍ ജോർജ്, ജോർജ് ജോസഫ് കാക്കനാട് എന്നിവർ ഡല്‍ഹിയിലെത്തിയിട്ടുണ്ട്. കേന്ദ്രമന്ത്രി വി.മുരളീധരൻ, കേരളത്തിന്റെ ചുമതലയുള്ള പാർട്ടി നേതാവ് പ്രകാശ് ജാവഡേക്കർ എന്നിവരുമായി ചർച്ച നടത്തിയ സംഘം ഇന്നു ബിജെപി ദേശീയ പ്രസിഡന്റ് ജെ.പി.നഡ്ഡ ഉള്‍പ്പെടെയുള്ളവരുമായി ചർച്ച നടത്തും. ഇതിനു ശേഷമാകും ലയനകാര്യത്തില്‍ അന്തിമ തീരുമാനമെടുക്കുക. എല്ലാ നേതാക്കളും ഉപാധികളില്ലാതെ ബിജെപിയില്‍ അംഗത്വം എടുക്കുമെന്നാണ് സൂചന.

രണ്ടു മാസമായി നടക്കുന്ന ചർച്ചയുടെ അടിസ്ഥാനത്തിലാണു തീരുമാനമെന്നും ബിജെപിയില്‍ ചേരണമെന്ന ആവശ്യം പാർട്ടിയില്‍ ശക്തമാണെന്നും ജോർജ് പ്രതികരിച്ചു. പാർട്ടി ആവശ്യപ്പെട്ടാല്‍ പത്തനംതിട്ടയില്‍ മത്സരിക്കുമെന്നും അദ്ദേഹം പറഞ്ഞു. പത്തനംതിട്ടയിലേക്ക് ബിജെപി നടൻ ഉണ്ണി മുകുന്ദനേയും പരിഗണിക്കുന്നുണ്ട്. എന്നാല്‍ പിസി ജോർജ് മത്സരിക്കാൻ സന്നദ്ധമായ സാഹചര്യത്തില്‍ പത്തനംതിട്ടയില്‍ പിസി ജോർജിന് സാധ്യത ഏറെയാണെന്നാണ് പൊതുവേയുള്ള വിലയിരുത്തൽ.

കേരളത്തിലെ ക്രിസ്ത്യൻ വിഭാഗത്തെ ബിജെപിയുമായി അടുപ്പിക്കാനാണ് ശ്രമം. അനില്‍ ആന്റണിക്ക് പിന്നാലെ പത്തനംതിട്ടയിലെ ഓർത്തഡോക്‌സ് വൈദികനും ബിജെപിയില്‍ എത്തി. ഇതിനൊപ്പം പിസി ജോർജ് എത്തുമ്ബോള്‍ ന്യൂനപക്ഷത്തിലേക്ക് കൂടുതല്‍ അടുക്കാൻ കഴിയുമെന്നാണ് വിലയിരുത്തല്‍. തൃശൂർ, തിരുവനന്തപുരം, ആറ്റിങ്ങല്‍, പത്തനംതിട്ട, ആലപ്പുഴ മണ്ഡലങ്ങളില്‍ ഈ വരവ് ഗുണം ചെയ്യുമെന്നാണ് പ്രതീക്ഷ. പാലക്കാടും ബിജെപി അതിശക്തമായ മത്സരം കാഴ്ച വയ്ക്കും. കൂടുതല്‍ ക്രൈസ്തവ നേതാക്കളെ ബിജെപിയില്‍ എത്തിക്കാനുള്ള ശ്രമം ദേശീയ നേതൃത്വം തുടരുമെന്നാണ് സൂചന.

Back to top button
error: