KeralaNEWS

ഗവർണർക്ക്  കേന്ദ്രസേനയെ നല്‍കി അമിത് ഷാ; അവരിവിടെ വന്ന് എന്തുചെയ്യുമെന്ന് പിണറായി വിജയൻ

ന്നലെ കൊല്ലം നിലമേലില്‍ റോട്ടിലിറങ്ങി ആറാടുകയായിരുന്ന ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍ ഒരുപക്ഷേ താന്‍ വിചാരിച്ചയിടത്ത് കാര്യങ്ങള്‍ കൊണ്ടെത്തിച്ചതിന്റെ ആവേശത്തിലായിരിക്കും ഇപ്പോഴുള്ളത്.

അങ്ങ് മിഠായിത്തെരുവില്‍ അലുവ കഴിച്ചുണ്ടാക്കിയ മൈലേജ് നയപ്രസംഗത്തില്‍ തീര്‍ന്നതോടെ പുതിയതെന്തെന്ന് നോക്കി നടന്ന ഗവര്‍ണര്‍ക്ക് മുന്നില്‍ വീണ്ടും കരിങ്കൊടിയായെത്തി പ്രതിഷേധിക്കുന്ന എസ്‌എഫ്‌ഐക്കാരെ വീണുകിട്ടി. പിന്നീടങ്ങോട്ട് ആരേയും അമ്ബരപ്പിക്കുന്ന ഷോ ഓഫിനാണ് കൊല്ലത്തെ നിലമേല്‍ വേദിയായത്.

 ബാനർ കണ്ട് എസ്‌എഫ്‌ഐ സമരക്കാര്‍ക്ക് നേര്‍ക്ക് ഓടിയടുത്ത ഗവര്‍ണറെ എങ്ങനെ അനുനയിപ്പിക്കുമെന്ന് അറിയാതെ പൊലീസും വെള്ളം കുടിച്ചു.റോഡിൽ കുത്തിയിരുന്ന്  സമരക്കാര്‍ക്കും പൊലീസിനും നേരെ പൊട്ടിത്തെറിച്ചും അലറിയും ഗവര്‍ണര്‍ കേരളം ഇതുവരെ കണ്ടിട്ടില്ലാത്ത പുത്തന്‍ കാഴ്ചകള്‍ക്കാണ് അവസരമുണ്ടാക്കിയത്.

എസ്‌എഫ്‌ഐക്കാരെ തൂക്കി അകത്തിട്ട് ജാമ്യമില്ലാ വകുപ്പ് പ്രകാരം കേസ് രേഖപ്പെടുത്തിയിട്ടല്ലാതെ കുത്തിയിരിപ്പ് സമരം അവസാനിപ്പിക്കില്ലെന്ന് പറഞ്ഞ ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍ പറഞ്ഞിടത്ത് കാര്യമെത്തിക്കാനായി അമിത് ഷായെ വിളിക്കുന്നു പ്രധാനമന്ത്രിയെ വിളിക്കുന്നു. ഒടുവില്‍ സിആര്‍പിഎഫിനെ ഇറക്കി തനിക്ക് സുരക്ഷ ഒരുക്കാന്‍ കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന്റെ നിര്‍ദേശത്തിൽ വരെ  കാര്യങ്ങൾ കൊണ്ടെത്തിച്ചു.

പിണറായി വിജയന്റെ കേരള പൊലീസ് തനിക്ക് സുരക്ഷ ഒരുക്കുന്നതില്‍ പരാജയപ്പെട്ടുവെന്ന് കാണിച്ച്‌ കേന്ദ്രത്തെ സുരക്ഷാ ചുമതല ഏല്‍പ്പിക്കുന്നതില്‍ വിജയിച്ചിരിക്കുകയാണ് ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍.സംഭവത്തിനു പിന്നാലെ ഗവര്‍ണര്‍ക്ക് സിആര്‍പിഎഫ് കമാന്‍ഡോകളുടെ സെഡ് പ്ലസ് സുരക്ഷ നല്‍കാനാണ് കേന്ദ്ര സര്‍ക്കാര്‍ തീരുമാനിച്ചത്. രാജ്ഭവനെ കേന്ദ്ര ആഭ്യന്തര മന്ത്രാലയം ഇക്കാര്യമറിയിച്ചതോടെ നയപ്രസംഗത്തിലെ വരികള്‍ വായിക്കാതെ നിശബ്ദനായ ഗവര്‍ണര്‍ തന്റെ സാന്നിധ്യം നിയമസഭയ്ക്ക് വെളിയില്‍ ശക്തമായി  അറിയിച്ചിരിക്കുകയാണ്.

എസ്‌എഫ്‌ഐ പിള്ളേരുടെ കരിങ്കൊടിയും ബാന്നറും കണ്ട് ഹാലിളകുന്ന ആരിഫ് മുഹമ്മദ് ഖാന് കേരള പൊലീസിനോട് പറഞ്ഞതു പോലെ യൂ ആര്‍ പ്രൊട്ടക്ടിങ് ദെം എന്ന് ഇനി പറയില്ലായിരിക്കും. കാരണം സെഡ് പ്ലസ് സുരക്ഷയാകുന്നതോടെ 55 അംഗ സുരക്ഷാ സേനയ്ക്കാകും ഗവര്‍ണറുടെ സുരക്ഷാ ചുമതല. ഇതില്‍ പത്തിലേറെ കമാന്‍ഡോകള്‍ ഉണ്ടാവും. അഞ്ചിലേറെ ബുള്ളറ്റ് പ്രൂഫ് വാഹനങ്ങളുടെ വാഹനവ്യൂഹവും ഗവര്‍ണര്‍ക്ക് അകമ്ബടി സേവിച്ചു കൊണ്ട് കേരളത്തിലെ നിരത്തില്‍ റോന്ത് ചുറ്റും.

അതേസമയം സിആര്‍പിഎഫിന് കേരളത്തില്‍ എന്തു ചെയ്യാനാവുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ ചോദിച്ചു.അവര്‍ക്ക് കേസെടുക്കാനാവുമോ? ഗവര്‍ണര്‍ ആഗ്രഹിക്കുന്നത് പോലെ അവർക്ക് കാര്യങ്ങള്‍ ചെയ്യാനാവുമോയെന്നും മുഖ്യമന്ത്രി ചോദിച്ചു.

സ്റ്റേറ്റ് തലവന്‍ എന്ന നിലയില്‍ ഏറ്റവും കൂടുതല്‍ പോലീസ് സുരക്ഷ ലഭിക്കുന്നത് ഗവര്‍ണര്‍ക്കാണ്. എന്നാല്‍ അത് വേണ്ട കേന്ദ്ര സുരക്ഷ മതിയെന്നാണ് അദ്ദേഹത്തിന്റെ നിലപാട്.ആയിക്കോട്ടെ വിരോധമില്ല.സംസ്ഥാനത്തെ നിരവധി ആര്‍ എസ് എസ് പ്രവര്‍ത്തകര്‍ക്കും കേന്ദ്ര സുരക്ഷ ലഭിച്ചിട്ടുണ്ട്. അതേ പട്ടികയിലാണ് ഗവര്‍ണറും ഇപ്പോള്‍ ഇടം പിടിച്ചിരിക്കുന്നത്. സിആര്‍പിഎഫിന് എന്താ പ്രത്യേകത?അവര്‍ക്ക് നേരിട്ട് കേസെടുക്കാനാകുമോ? സിആര്‍പിഎഫിന് ഗവര്‍ണര്‍ ആഗ്രഹിക്കുന്ന രീതിയില്‍ പ്രവര്‍ത്തികകാനാകുമോ. അധികാര സ്ഥാനത്തിന് മേലെയാണ് നിയമം എന്ന് മനസിലാക്കാന്‍ കഴിയണം. ഇത്തരം കാര്യങ്ങളില്‍ സ്വയം വിവേകം കാണിക്കണം. അത് ഇതേവരെ ആര്‍ജിക്കാന്‍ ഗവര്‍ണര്‍ക്കായിട്ടില്ല. ഉന്നത സ്ഥാനങ്ങളില്‍ ഇരിക്കുന്നവര്‍ ജനാധിപത്യ മര്യാദയും പക്വതയും വിവേകവും കാണിക്കണം. ഇതിലൊക്കെ ഏതെങ്കിലും കുറവുണ്ടോ എന്ന് അദ്ദേഹം പരിശോധിക്കണം – മുഖ്യമന്ത്രി പറഞ്ഞു.

Back to top button
error: