ഹരിയാനയിലെ ഭിവാനി പട്ടണത്തില്‍ രാമായണ ഇതിഹാസത്തിന്റെ അവതരണത്തില്‍ ഹനുമാന്റെ കഥാപാത്രത്തെ അവതരിപ്പിച്ച 63 കാരനായ നടനാണ് മരിച്ചത്. നാടകത്തിന്റെ ഭാഗമാണ് ഇതെന്ന് കരുതിയ കാണികള്‍ നടന്‍ മരണത്തിലേക്ക് പോകുമ്ബോള്‍ കരഘോഷം മുഴക്കി.
ദക്ഷിണ ഹരിയാന ബിജിലി വിത്രന്‍ നിഗത്തിന്റെ റിട്ടയേര്‍ഡ് ജൂനിയര്‍ എഞ്ചിനീയര്‍ ഹരീഷ് മേത്ത എന്നയാളാണ് മരണമടഞ്ഞത്. 25 വര്‍ഷമായി മേത്ത നാടക ക്ലബ്ബില്‍ ഹനുമാന്റെ വേഷം കെട്ടുന്ന ആളാണ്.
ഭിവാനിയിലെ ജവഹര്‍ ചൗക്കില്‍ വലിയ സ്‌ക്രീനില്‍ അയോധ്യാ ചടങ്ങുകളുടെ തത്സമയ സംപ്രേക്ഷണം നടത്താന്‍ പ്രദേശവാസികള്‍ ഏര്‍പ്പാട് ചെയ്തിരുന്നു. അതേ ഘട്ടത്തില്‍ തന്നെ രാമന്റെ പട്ടാഭിഷേകത്തെക്കുറിച്ച് പറയുന്ന രാമായണത്തില്‍ നിന്നുള്ള ഭാഗത്തിന്റെ നാടകവും സംഘടിപ്പിച്ചു. ‘മഹാബലി ഹനുമാന്‍’ എന്ന ചിത്രത്തിലെ മാന്‍ കി ആംഖോ സേ മെയിന്‍ ദേഖുന്‍ എന്ന ഗാനത്തിന്റെ പശ്ചാത്തലത്തില്‍ ആയിരുന്നു അഭിനയം. രാമന്റെ കഥാപാത്രത്തെ അവതരിപ്പിക്കുന്ന കുട്ടിയുടെ കാല്‍ക്കല്‍ പാട്ടിന്റെ അവസാനം പാദത്തില്‍ വീണ് നമസ്‌ക്കരിക്കണം. എന്നാല്‍ പാട്ട് പുരോഗമിക്കുന്നതിനിടയില്‍ തന്നെ അദ്ദേഹം നിലത്ത് വീണു. എല്ലാവരും ഇത് നാടകത്തിന്റെ ഭാഗമാണെന്ന് കരുതി, കൈയടിക്കുകയും ‘ജയ് ശ്രീറാം’ എന്ന് മുദ്രാവാക്യങ്ങള്‍ ഉയര്‍ത്തുകയും ചെയ്തു.
മേത്ത സ്റ്റേജില്‍ സാഷ്ടാംഗം വീണതോടെ ഭക്തി കൂടി മേത്ത അഭിനയം നീട്ടിക്കൊണ്ടുപോകുകയാണെന്ന് കരുതി സംഘാടകര്‍ മൈക്ക് മറ്റൊരു നടന് കൈമാറി. ഈ നടന്‍ മേത്തയുടെ ശരീരത്തില്‍ സ്പര്‍ശിച്ചു. എഴുന്നേല്‍ക്കാന്‍ ആവര്‍ത്തിച്ചു പറഞ്ഞിട്ടും എഴുന്നേല്‍ക്കാതെ വരികയായിരുന്നു.തുടർന്ന് ആശുപത്രിയിലെത്തിച്ചെങ്കിലും മരിച്ചിരുന്നു.