KeralaNEWS

മുഖ്യമന്ത്രി ഈഴവ സമുദായത്തില്‍ നിന്നാണെങ്കിലും ശരീരഭാക്ഷ മുഴുവന്‍ നായരുടേത്: ഡോ.ഫസല്‍ ഗഫൂര്‍

കോഴിക്കോട് : കഴിഞ്ഞ കുറെ നാളുകളായി കേരളത്തിൽ യുഡിഎഫിന്റെ അടിത്തറ തകർന്നുകൊണ്ടിരിക്കുകയാണെന്നും മുസ്ലിങ്ങള്‍ക്കിടയില്‍ നിന്ന് ഒരുവിഭാഗം സിപിഎമ്മിലേക്ക് തിരിയുന്നുണ്ടെന്നും മുസ്ലിം എഡ്യൂക്കേഷന്‍ സൊസൈറ്റി(എംഇഎസ്) പ്രസിഡന്റ് ഡോ.ഫസല്‍ ഗഫൂര്‍.

യുഡിഎഫിന്റെ വോട്ടര്‍മാരില്‍ ബഹുഭൂരിപക്ഷവും ക്രിസ്ത്യാനികളും മുസ്ലിങ്ങളുമാണ്. ഇവര്‍ തമ്മിലുള്ള ബന്ധത്തില്‍ ചില വിള്ളലുകളുണ്ട്. പ്രത്യേകിച്ചും കത്തോലിക്കരില്‍ ഒരുവിഭാഗമാണ് മുസ്ലിം വിരോധത്തിന് പിന്നിലുളളത്. കത്തോലിക്കാസഭ പ്രധാനമന്ത്രി നരേന്ദ്ര മോദിയെ പ്രീതിപ്പെടുത്താനുളള തിരക്കിലാണ്. ഒരുപക്ഷേ ഇവരുടെ സാമ്ബത്തിക സ്രോതസിനെക്കുറിച്ച്‌ ഇഡി അന്വേഷിക്കുമെന്ന ഭയമാകും മോദി പ്രീണനത്തിന് പിന്നിൽ.

ഇക്കാര്യങ്ങൾ ഒന്നുകൊണ്ടു തന്നെ കേരളത്തിൽ യുഡിഎഫിന്റെ അടിത്തറയിൽ വിള്ളലുകളുണ്ടായിട്ടുണ്ട്.മുസ്ലിംലീഗ് ഒരിക്കല്‍ പോലും ഹിന്ദുവിരുദ്ധ പാര്‍ട്ടിയല്ല. എന്നാല്‍ ബിജെപി ഇസ്ലാംവിരുദ്ധ പാര്‍ട്ടിയാണ്. മുസ്ലിങ്ങള്‍ക്ക് ഒരു പ്രശ്‌നമുണ്ടാകുമ്ബോള്‍ പ്രത്യേകിച്ച്‌ സംഘപരിവാര്‍ സംഘടനകളുടെ ഭാഗത്ത് നിന്ന് എതിര്‍പ്പുയരുമ്ബോള്‍ രക്ഷകരായി സിപിഎം അവതരിക്കാറുണ്ടെന്ന ഒരു പൊതുബോധം സമുദായത്തിലുണ്ട്. ഇത്തരം സംഭവങ്ങളില്‍ പാര്‍ട്ടി കൃത്യമായ നിലപാട് പറയാറുമുണ്ട്. അയോധ്യ വിഷയത്തിലുള്‍പ്പെടെ ശക്തമായ നിലപാട് പറയാന്‍ സിപിഎമ്മിന് കഴിഞ്ഞിട്ടുണ്ട്. എന്നാല്‍ കോണ്‍ഗ്രസ് പലപ്പോഴും നിലപാട് പറയാതെ ആടികളിക്കാറാണ് പതിവ്. മുസ്ലിങ്ങള്‍ക്കിടയില്‍ നിന്ന് ഒരുവിഭാഗം സിപിഎമ്മിലേക്ക് തിരിയുന്നുണ്ട് എന്നത് സത്യമാണ്. അതുകൊണ്ട് മുസ്ലിംലീഗിന്റെ അടത്തറ ഇളകിയിട്ടില്ല. എന്നാല്‍ കോണ്‍ഗ്രസിന് ലഭിച്ചിരുന്ന മുസ്ലിം വോട്ടുകളില്‍ ഇളക്കം തട്ടിയിട്ടുണ്ട്.

Signature-ad

കേരളത്തില്‍ സമസ്തയ്ക്കും എന്‍എസ്‌എസിലെ സുകുമാരന്‍ നായര്‍ക്കും എസ്‌എന്‍ഡിപി യോഗത്തിലെ വെള്ളാപ്പളളി നടേശനും സ്വന്തമായി യാതൊരു വോട്ട് ബാങ്കുമില്ല. മുസ്ലിങ്ങളില്‍ സമസ്തയ്ക്ക് ഒരു സ്വാധീനവുമില്ല. വിശ്വാസത്തിന്റെ കാര്യത്തില്‍ സമസ്തയ്ക്കും, മുജാഹിദുകള്‍ക്കും, ജമാത്തെ ഇസ്ലാമിക്കും പ്രത്യേകിച്ച്‌ കാര്യമൊന്നുമില്ല. അടിസ്ഥാനപരമായി ഇവരെല്ലാം ഒന്നാണ്. ചിലകാര്യങ്ങളില്‍ മാത്രം വിരുദ്ധ അഭിപ്രായമുണ്ടെന്ന് മാത്രം.

പിണറായി മന്ത്രിസഭയില്‍ നായര്‍ പ്രാതിനിധ്യം വളരെ കൂടുതലാണ്. കോണ്‍ഗ്രസിന്റെ സംഘടനാ തലത്തിലും നായര്‍ സ്വാധീനം കൂടുതലാണ്. സംസ്ഥാന മന്ത്രിസഭയുടെ തലവന്‍ ഈഴവ സമുദായത്തില്‍ നിന്നാണെങ്കിലും ശരീരം മുഴുവന്‍ നായരുടേതാണ്. രാഹുല്‍ ഗാന്ധിക്ക്, ഇന്ദിരാ ഗാന്ധിയുടെ പാരമ്ബര്യമോ നേതൃശേഷിയോ ഇല്ല. ശശിതരൂരിനെ ഒരു മുഖ്യമന്ത്രി സ്ഥാനാര്‍ത്ഥിയായി കാണാന്‍ കഴിയില്ല. അദ്ദേഹം രാഷ്ട്രീയമായി പക്വതയില്ലാതെയാണ് മിക്കപ്പോഴും പെരുമാറുന്നത്. അടിസ്ഥാനപരമായി ശശി തരൂര്‍ ഒരു ചരിത്രകാരനും നയന്ത്രവിദഗ്ദ്ധനുമാണ്. അതിലുപരി എഴുത്തുകാരനുമാണ്. ഈ റോളുകള്‍ തമ്മില്‍ ബാലന്‍സ് ചെയ്ത് കൊണ്ടു പോകാന്‍ അദ്ദേഹത്തിന് കഴിയാറുമില്ല. ചിലപ്പോഴൊക്കെ മോദിയെ പ്രകീര്‍ത്തിക്കാന്‍ പോലും തരൂര്‍ തയ്യാറായിട്ടുണ്ട്. കോണ്‍ഗ്രസിന് ഉയര്‍ത്തി കാണിക്കാന്‍ തല്ക്കാലം ഒരു മുഖ്യമന്ത്രി സ്ഥാനാര്‍ത്ഥി കേരളത്തിലില്ല. കെ.സി.വേണുഗോപാല്‍ ഹൈക്കമാന്‍ഡ് പ്രതിനിധിയായി അവതരിക്കാന്‍ തയാറെടുക്കുന്നുണ്ട്. പക്ഷേ അത് ഫലവത്താകുമോയെന്ന് കണ്ടറിയണം. രമേശ് ചെന്നിത്തല ഒരു മികച്ച രാഷ്ട്രീയക്കാരനാണ്. വി.ഡി.സതീശന്‍ ഒരു മികച്ച നിയമസഭാ സമാജികനുമാണ്. ഇവരില്‍ ആര് മുഖ്യമന്ത്രിയാകുമെന്ന് ഇപ്പോള്‍ പ്രവചിക്കാനാവില്ലെന്നും ഫസല്‍ ഗഫൂര്‍ പറഞ്ഞു.

ന്യൂ ഇന്ത്യന്‍ എക്‌സ്പ്രസ് പത്രത്തിന് നല്‍കിയ അഭിമുഖത്തിലാണ് ഗഫൂർ ഇക്കാര്യങ്ങൾ പറഞ്ഞത്.

Back to top button
error: