ഡല്‍ഹി: അസമില്‍ ഭാരത് ജോഡോ ന്യായ് യാത്രക്ക് നേരേ കല്ലേറ്.കല്ലേറിൽ വാഹനങ്ങളുടെ ചില്ലുകള്‍ തകർന്നു. അക്രമത്തിന് പിന്നില്‍ ബിജെപി എന്ന് കോണ്‍ഗ്രസ് ആരോപിച്ചു.
ബിജെപിയുടെ യുവജന വിഭാഗമായ ഭാരതീയ ജനതാ യുവമോർച്ച (ബിജെവൈഎം) പ്രവർത്തകരാണ് ആക്രമണം നടത്തിയതെന്നും ഭാരത് ജോഡോ യാത്രയെ കേന്ദ്രസർക്കാർ ഭയക്കുന്നുവെന്നും അതിനാല്‍ യാത്ര തടയാൻ അക്രമങ്ങള്‍ നടത്തുകയാണെന്നും കോണ്‍ഗ്രസ് നേതാക്കള്‍ ആരോപിച്ചു.
യാത്ര അസമില്‍ പ്രവേശിച്ചപ്പോള്‍ സംസ്ഥാന മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശർമയും രാഹുല്‍ ഗാന്ധിയും തമ്മില്‍ വാക്കേറ്റമുണ്ടായ സംഭവം ചൂണ്ടിക്കാട്ടിയായിരുന്നു നേതാക്കളുടെ ആരോപണം. അസമില്‍ യാത്രക്ക് അനുമതി നല്‍കുന്നത് സംബന്ധിച്ചായിരുന്നു രാഹുല്‍ ഗാന്ധിയും മുഖ്യമന്ത്രിയും തമ്മില്‍ വാക്കേറ്റമുണ്ടായത്.
യുവമോർച്ച പ്രവർത്തകർ കോണ്‍ഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെയുടെ ചിത്രം വികൃതമാക്കുകയും രാഹുല്‍ ഗാന്ധിയുടെ ഫോട്ടോ പതിച്ച ബാനറുകളും കട്ടൗട്ടുകളും നശിപ്പിച്ചതായും പാർട്ടി ആരോപിച്ചു. അസം മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശർമ്മയുടെ നിർദ്ദേശപ്രകാരമാണ് വാഹനത്തിന് നേരെ ആക്രമണമുണ്ടായതെന്നാണ് അസം കോണ്‍ഗ്രസ് അധ്യക്ഷൻ ഭൂപൻ കുമാർ ബോറ മാധ്യമങ്ങളോട് പറഞ്ഞു. പ്രതികളെ ഉടൻ അറസ്റ്റ് ചെയ്യണമെന്നും കോണ്‍ഗ്രസ് ആവശ്യപ്പെട്ടു.