ഇസ്ലാമാബാദ്/ഹൈദരാബാദ്: പാക്ക് ക്രിക്കറ്റ് താരം ശുഐബ് മാലിക് സിനിമാ താരം സന ജാവേദിനെ വിവാഹം ചെയ്തു. മുന്‍ ഇന്ത്യന്‍ ടെന്നിസ് താരം സാനിയ മിര്‍സയുമായി വിവാഹമോചിതനാകുന്നു എന്ന അഭ്യൂഹങ്ങള്‍ക്കിടെയാണ് മാലിക്കിന്റെ വിവാഹ വാര്‍ത്ത പുറത്തുവന്നിരിക്കുന്നത്. വിവാഹം കഴിച്ച വിവരം മാലിക് തന്നെയാണ് സമൂഹ മാധ്യമങ്ങളിലൂടെ പുറത്തുവിട്ടത്.
2022ലാണ് ഇരുവരും തമ്മില്‍ അസ്വാരസ്യങ്ങളുണ്ടെന്നും വിവാഹമോചനത്തിന്റെ വക്കിലാണെന്നുമുള്ള അഭ്യൂഹങ്ങള്‍ പരന്നത്. സമൂഹമാധ്യമ പോസ്റ്റുകളിലും ബയോയിലും ഉള്‍പ്പെടെ മാറ്റങ്ങള്‍ വരുത്തിയതാണ് ചര്‍ച്ചയായത്. എന്നാല്‍, ഇക്കാര്യം ഇരുവരും നിഷേധിക്കുകയായിരുന്നു. കഴിഞ്ഞ ഫെബ്രുവരിയിലാണ് സാനിയ ടെന്നിസ് കരിയര്‍ അവസാനിപ്പിച്ചത്. ഇതിന് ശേഷം സാനിയയുടെ പല പോസ്റ്റുകളിലും വിവാഹമോചനത്തിന്റെ സൂചനകളുണ്ടെന്ന് അഭ്യൂഹമുയര്‍ന്നു.
അതേസമയം, വിവാഹബന്ധം വേര്‍പെടുത്താനുള്ള തീരുമാനം സാനിയ മിര്‍സയുടേതായിരുന്നെന്ന് പിതാവ് ഇമ്രാന്‍ മിര്‍സ. മുസ്ലിം സ്ത്രീക്ക് ഭര്‍ത്താവില്‍നിന്ന് വിവാഹമോചനം നേടാനുള്ള ‘ഖുല’ ആണ് സാനിയ ചെയ്തതെന്നും ഇമ്രാന്‍ മിര്‍സ പറഞ്ഞു. 2022 മുതല്‍ ഇരുവരും തമ്മില്‍ അകല്‍ച്ചയിലാണെന്നും വിവാഹ മോചനത്തിന് തയാറെടുക്കുന്നതായും അഭ്യൂഹമുയര്‍ന്നിരുന്നു.