മകരസംക്രമസന്ധ്യയില്‍ ശബരീശന് ചാര്‍ത്തുന്ന തിരുവാഭരണം ശബരിമല കഴിഞ്ഞാല്‍ ചാര്‍ത്തി ദീപാരാധന നടത്തുന്ന ഏകക്ഷേത്രം കൂടിയാണിത്. ആചാരാനുഷ്ഠാനങ്ങള്‍ നിലനില്‍ക്കുന്ന ശബരിമലയില്‍ അയ്യപ്പദര്‍ശനം നടത്താന്‍ കഴിയാത്ത സ്ത്രീകള്‍ക്ക് തിരുവാഭരണം കണ്ടുതൊഴാന്‍ അവസരം കിട്ടുന്ന ഏക ക്ഷേത്രവും ഇതുതന്നെയാണ്. മകരവിളക്ക് കഴിഞ്ഞ് ശബരിമല നടയടച്ച് തിരുവാഭരണവുമായുള്ള മടക്കയാത്രയിലാണ് ഈ ക്ഷേത്രത്തില്‍ തിരുവാഭരണം ചാര്‍ത്തുന്നത്.
മകരമാസം എട്ടാം തീയതി(ജനുവരി 22) രാവിലെയാണ് ശബരിമല നടയടയ്ക്കുന്നത്.ഉച്ചയോടെ തിരുവാഭരണം കക്കാട്ടുകോയിക്കല്‍ ക്ഷേത്രത്തില്‍ ചാര്‍ത്തും. അര്‍ദ്ധരാത്രിവരെ തിരുവാഭരണം ചാര്‍ത്തി ഇവിടെ ദര്‍ശനവുമുണ്ട്.അതുകഴിഞ്ഞ് തിരുവാഭരണപേടകം പന്തളത്തേക്ക് മടങ്ങും.
ശബരിമല ക്ഷേത്രനിര്‍മാണത്തിനായി എത്തിയ പന്തളം രാജാവ് താമസിച്ച സ്ഥലമാണ് പെരുനാട്. ശബരിമലയില്‍ നിത്യപൂജ പറ്റില്ല.അതിനാൽ ശബരീശന്റെ ചൈതന്യം വര്‍ദ്ധിപ്പിക്കുന്നതിന് നിത്യപൂജ നടത്താന്‍ പന്തളം രാജാവ് നിര്‍മിച്ച ക്ഷേത്രമാണിത്. ഇവിടുത്തെ ക്ഷേത്രത്തിന് ശബരിമല സന്നിധാനവുമായി വളരെ ബന്ധമുണ്ട്. വിഗ്രഹങ്ങളുടെ സാദൃശ്യമാണ് അതില്‍ പ്രധാനം. രണ്ട് വിഗ്രഹങ്ങളും ഒരേ അളവിലും ഭാവത്തിലുമുള്ളതാണ്. പണ്ട് ശബരിമലയില്‍ ഉത്സവം അഞ്ച് ദിവസവും ബാക്കി അഞ്ച് ദിവസം പെരുനാട്ടിലുമായിരുന്നു നടന്നുവന്നിരുന്നത്.
പമ്ബാനദിയുടെ കൈവഴിയായ കക്കട്ടാറിനോടു ചേര്‍ന്നുള്ള ക്ഷേത്രം മണ്ണാറക്കുളഞ്ഞി – പമ്ബ റോഡില്‍ മഠത്തുംമൂഴി കവലയില്‍നിന്ന് ഇടത്തോട്ട് ഒരുകിലോമീറ്റര്‍ മാറിയാണ് നിലകൊള്ളുന്നത്.