KeralaNEWS

നഗരസഭയുടെ അദ്ധ്യക്ഷയായി മത്സ്യവില്‍പനക്കാരി; ഇത് ചരിത്രം

വൈക്കം: കേരളത്തിന് അഭിമാനമായി വൈക്കം നഗരസഭയുടെ പുതിയ അദ്ധ്യക്ഷ. നൂറ്റാണ്ട് പിന്നിട്ട വൈക്കം നഗരസഭയില്‍ ആദ്യമായി മത്സ്യ വില്‍‌പനക്കാരി അദ്ധ്യക്ഷയായി ചുമതലയേറ്റിരിക്കുകയാണ്.

വൈക്കം നഗരസഭ 21ാം വാര്‍ഡ് എല്‍.എഫ്. ചര്‍ച്ച്‌ വാര്‍ഡില്‍ നിന്ന് തിരഞ്ഞെടുക്കപ്പെട്ട പ്രീതാ രാജേഷാണ് പുതിയ നഗരസഭ ചെയര്‍ പേഴ്സണായി ചുമതലയേറ്റത്.

Signature-ad

യു.ഡി.എഫിലെ രാധികാ ശ്യാം രാജിവച്ചതിനെ തുടര്‍ന്നാണ് നഗരസഭ ചെയര്‍ പേഴ്സണായി കോൺഗ്രസിലെ പ്രീതാ  രാജേഷ് ചുമതലയേറ്റത്.

പിന്നാക്ക വിഭാഗമായ ധീവര സമുദായത്തില്‍ നിന്ന് ക്ഷേത്ര നഗരിയുടെ ചെയര്‍പേഴ്സണ്‍ സ്ഥാനത്തെത്തുന്ന ആദ്യ വനിതയാണ് പ്രീത രാജേഷ്. കഴിഞ്ഞ ഏതാനും വര്‍ഷങ്ങളായി വൈക്കം കോവിലകത്തുംകടവ് മാര്‍ക്കറ്റില്‍ മത്സ്യവ്യാപാരം നടത്തിവരവെയാണ് മലയാളം എം.എക്കാരിയായ പ്രീതാ രാജേഷ് കോണ്‍ഗ്രസ് ടിക്കറ്റില്‍ തിരഞ്ഞെടുപ്പില്‍ മത്സരിക്കാനിറങ്ങിയത്.

എല്‍.ഡി.എഫിലെ കവിതാ രാജേഷിനെതിരെ മൂന്ന് വോട്ടിന്റെ ഭൂരിപക്ഷത്തിനാണ് പ്രീത വിജയിച്ചത്. വൈക്കം നഗരസഭയെ ഇനി രണ്ട് വര്‍ഷക്കാലം പ്രീത നയിക്കും. കഴിഞ്ഞ രണ്ടരവര്‍ഷം നഗരസഭ ആരോഗ്യ സ്റ്റാൻഡിംഗ് കമ്മറ്റി ചെയര്‍പേഴ്സണായിരുന്നതിന്റെ ഭരണപരിചയം പ്രീതയ്ക്ക് തുണയാകും.

Back to top button
error: