SportsTRENDING

കേരളത്തിൽ ഫുട്ബോൾ ക്ലബ്ബ് ആരംഭിക്കാൻ ലുലു ഗ്രൂപ്പ് ചെയർമാൻ എം എ യൂസഫലി

തൃശൂർ: കായിക കേരളത്തിന്റെ തലവര തന്നെ മാറ്റാവുന്ന ഒരു വാർത്തയാണ് ഇപ്പോൾ പുറത്തു വരുന്നത്.ജൻമനാട്ടിൽ ഒരു പ്രൊഫഷണൽ ഫുട്ബോൾ ക്ലബ്ബ് ആരംഭിക്കാൻ ലുലു ഗ്രൂപ്പ് ചെയർമാൻ എം എ യൂസഫലി താൽപ്പര്യം പ്രകടിപ്പിച്ചതായാണ് ആ വാർത്ത.
നേരത്തെയും ഇതേപോലെ ഒരു വാർത്ത പുറത്തുവന്നിരുന്നു.വെസ്റ്റ് ബംഗാൾ മുഖ്യമന്ത്രിയായ മമതാ ബാനർജി  ദുബായ് സന്ദർശിച്ചിരുന്ന വേളയിൽ വെസ്റ്റ് ബംഗാളിലെ പ്രശസ്ത ഫുട്ബോൾ ക്ലബ്ബായ മുഹമ്മദൻ സ്പോർട്ടിംഗ് ഫുട്ബോൾ ക്ലബ്ബിനെ ഏറ്റെടുക്കാൻ വേണ്ടി ലുലു ഗ്രൂപ്പിനെ ക്ഷണിച്ചു എന്നതായിരുന്നു ആ വാർത്ത.

100 വർഷത്തോളം പഴക്കമുള്ള ഈ ക്ലബ്ബിനെ ഏറ്റെടുക്കാൻ വേണ്ടി ലുലു ഗ്രൂപ്പും അവരുടെ ഉടമസ്ഥനായ യൂസുഫലിയും തയ്യാറായതായും റിപ്പോർട്ടുകൾ ഉണ്ടായിരുന്നു. പക്ഷേ ഒഫീഷ്യലായിട്ടുള്ള സ്ഥിരീകരണങ്ങൾ ഒന്നും തന്നെ പിന്നീട്  വന്നില്ല.

 

Signature-ad

അതേസമയം ഇപ്പോൾ യൂസുഫലിക്ക് അദ്ദേഹത്തിന്റെ ജന്മനാടായ കേരളത്തിൽ തന്നെ ഒരു ഫുട്ബോൾ ക്ലബ്ബ് ആരംഭിക്കാനാണ് താൽപ്പര്യം  എന്നാണ് ലഭിക്കുന്ന വിവരം. പുതിയ ക്ലബ്ബ് ഇവർ ആരംഭിക്കുമോ അതല്ല നിലവിലുള്ള ഏതെങ്കിലും ക്ലബ്ബിനെ ഏറ്റെടുക്കുമോ എന്നതൊന്നും വ്യക്തമല്ല.

 

കേരളത്തിലെ ഇപ്പോഴത്തെ പ്രശസ്തമായ രണ്ടു ഫുട്ബോൾ ക്ലബ്ബുകൾ കേരള ബ്ലാസ്റ്റേഴ്സും,  ഗോകുലം എഫ്സിയുമാണ്. ബ്ലാസ്റ്റേഴ്സിനെ ലുലു ഗ്രൂപ്പ് ഏറ്റെടുക്കുകയാണെങ്കിൽ അത് ക്ലബ്ബിന്റെ വലിയ വളർച്ചക്ക് കാരണമാകും എന്ന കാര്യത്തിൽ സംശയങ്ങൾ ഒന്നുമില്ല. പക്ഷേ നിലവിലെ ക്ലബ്ബിന്റെ ഉടമസ്ഥർ ബ്ലാസ്റ്റേഴ്സിനെ കൈവിടാൻ താൽപര്യപ്പെടുന്നില്ല എന്ന് നേരത്തെ തന്നെ വാർത്തകൾ ഉണ്ടായിരുന്നു.ഹൈദരബാദുകാരുടേതാണ് കേരള ബ്ലാസ്റ്റേഴ്സ് ഫുട്ബോൾ ടീം.

 

പ്രമുഖ വ്യവസായിയും മലയാളിയുമായ ഗോകുലം ഗോപാലന്റേതാണ് ഗോകുലം കേരള എഫ്സി.അദ്ദേഹവും നിലവിൽ ഐ ലീഗിൽ മികച്ച പ്രകടനം നടത്തുന്ന ക്ലബ്ബിനെ കൈമാറാൻ സാധ്യത കാണുന്നില്ല.ഇവിടെയാണ് പുതിയൊരു ക്ലബ്ബ് യൂസഫലി തുടങ്ങിയേക്കും എന്ന അഭ്യൂഹം പരക്കുന്നത്.തൃശൂർ ആസ്ഥാനമായിട്ടായിരിക്കും പുതിയ ക്ലബ് പ്രവർത്തിക്കുക എന്നതാണ് ലഭിക്കുന്ന വിവരം.

.

കേരള ബ്ലാസ്റ്റേഴ്സ്,ഗോകുലം കേരള എന്നിവ  കൂടാതെ മറ്റു ഒട്ടനവധി ക്ലബ്ബുകളും കേരളത്തിലുണ്ട്. എന്തായാലും ലുലു ഗ്രൂപ്പിന്റെ നിക്ഷേപം വരികയാണെങ്കിൽ അത് കേരളത്തിന്റെ ഫുട്ബോൾ വളർച്ചക്ക് വളരെയധികം മുതൽക്കൂട്ടാവും എന്ന കാര്യത്തിൽ യാതൊരു സംശയമില്ല.

Back to top button
error: