തെക്ക് – കിഴക്കൻ ചൈനയിലെ ജിയാങ്‌സി പ്രവിശ്യയിൽ മദ്യപാനത്തിനിടയിൽ യുവതി മരിച്ച സംഭവത്തിൽ ഒപ്പമുണ്ടായിരുന്ന സുഹൃത്തുക്കളോട് നഷ്ടപരിഹാരം നൽകാൻ ഉത്തരവിട്ട് കോടതി. ജിയാങ്‌സി പ്രവിശ്യയിലെ നാൻചാങ്ങിലെ കോടതിയാണ് സംഭവ സമയത്ത് യുവതിയോടൊപ്പം ഉണ്ടായിരുന്ന മൂന്ന് സുഹൃത്തുക്കളോട് 7 ലക്ഷം രൂപ (60,000 യുവാൻ) നഷ്ടപരിഹാരമായി മരിച്ച യുവതിയുടെ കുടുംബത്തിന് നൽകാൻ ഉത്തരവിട്ടത്. സുഹൃത്തിനെ അമിതമായി മദ്യപിക്കുന്നതിൽ നിന്ന് തടയാനും അവളുടെ ജീവൻ രക്ഷിക്കാനുമുള്ള ന്യായമായ ബാധ്യത നിർവഹിക്കുന്നതിൽ സുഹൃത്തുക്കൾ പരാജയപ്പെട്ടെന്ന് ചൂണ്ടിക്കാട്ടിയാണ് കോടതി വിധി. മരിച്ച യുവതിയുടെ മാതാപിതാക്കൾ നൽകിയ പരാതിയിലാണ് കോടതി കേസ് പരിഗണിച്ചത്.
മെയ് 21നാണ് കേസിനാസ്പദമായ സംഭവം നടന്നത്. സിയാവോക്യുവും സുഹൃത്തുക്കളായ സുവും ചെനും തങ്ങളുടെ മറ്റൊരു സുഹൃത്തായ വാങ് ക്വിയുടെ വീട്ടിൽ അത്താഴ വിരുന്നിന് പോയി. പ്രണയ ബന്ധം തകർന്ന സിയാവോക്യുവിന് മാനസിക പിന്തുണ നൽകുന്നതിനായിരുന്നു സുഹൃത്തുക്കൾ ചേർന്ന് അത്തരത്തിലൊരു അത്താഴ വിരുന്ന് സംഘടിപ്പിച്ചത്. വിരുന്നിൽ അമിതമായ ആൽക്കഹോൾ അടങ്ങിയ ചൈനീസ് ബൈജിയു മദ്യവും ഇവർ ഉപയോഗിച്ചിരുന്നു. പാർട്ടിക്കിടയിൽ സിയാവോക്യു അര ലിറ്റർ ബൈജിയു മദ്യവും വാങ് 0.25 ലിറ്ററും കുടിച്ചു,
അതേ സമയം മറ്റ് രണ്ട് പേർ മദ്യപിച്ചുമില്ല. അത്താഴത്തിന് ശേഷം വിശ്രമിക്കാൻ ഷുവിനൊപ്പം സിയാവോക്യു തന്‍റെ കാറിലേക്ക് പോയി. എന്നാൽ കാറിൽ എത്തിയതും ഷു ഉറങ്ങിപ്പോയി. അടുത്ത ദിവസം പുലർച്ചെ ഏകദേശം 5 മണിക്ക് അവൾ ഉണർന്നപ്പോൾ കണ്ടത് അനക്കമില്ലാതെ കിടക്കുന്ന സിയാവോക്യുവിനെയാണ്. ഉടൻതന്നെ ആംബുലൻസ് വിളിക്കുകയും ആശുപത്രിയിൽ എത്തിക്കുകയും ചെയ്തെങ്കിലും സിയാവോക്യുവിന്‍റെ മരണം ഡോക്ടർമാർ സ്ഥിരീകരിച്ചു. ആൽക്കഹോൾ വിഷബാധയെ തുടർന്നുണ്ടായ ഹൃദയാഘാതമായിരുന്നു മരണ കാരണം.
മകളുടെ മരണത്തിന് ഉത്തരവാദി അന്നേ ദിവസം ഒപ്പമുണ്ടായിരുന്ന സുഹൃത്തുക്കളാണെന്ന് ആരോപിച്ച് കൊണ്ട് സിയാവോക്യുവിന്‍റെ മാതാപിതാക്കൾ ജൂണിലാണ് സുഹൃത്തുക്കള്‍ക്കെതിരെ പരാതി കൊടുത്തത്. ആൽക്കഹോൾ വിഷബാധ ഗുരുതരവും ചിലപ്പോൾ മാരകവുമാണെന്നാണ് മെഡിക്കൽ വിദഗ്ധർ സാക്ഷ്യപ്പെടുത്തുന്നത്, കുറഞ്ഞ സമയത്തിനുള്ളിൽ വലിയ അളവിൽ കുടിക്കുന്നതിന്‍റെ ഫലമാണിത്. അമിതമായ മദ്യപാനം ശ്വസനം, ഹൃദയമിടിപ്പ്, ശരീര താപനില, ഗാഗ് റിഫ്ലെക്സ് എന്നിവയെ ബാധിക്കും. ചില സന്ദർഭങ്ങളിൽ, ഇത് കോമയിലേക്കും മരണത്തിലേക്കും നയിച്ചേക്കാമെന്നും ആരോഗ്യവിദഗ്ദര്‍ പറയുന്നു.