ടെഹ്റാൻ: തങ്ങളുടെ മുതിര്‍ന്ന കമാൻഡറെ കൊലപ്പെടുത്തിയ ഇസ്രായേലിനും അമേരിക്കയ്ക്കും കൃത്യമായ സമയത്ത് തിരിച്ചടി നല്‍കുമെന്ന് ഇറാൻ പ്രതിരോധ മന്ത്രി മുഹമ്മദ് റെസ അഷ്തിയാനി.
സയണിസ്റ്റുകള്‍ക്ക് ശക്തമായ മറുപടിയാണ് ഹമാസ് നല്‍കുന്നതെന്നും ഇസ്രായേലിനെ നേരിടാനുള്ള ഇറാന്റെ ദൗത്യത്തില്‍ ഒരു മാറ്റവുമുണ്ടാകില്ലെന്നും അദ്ദേഹം പ്രതികരിച്ചു.
കഴിഞ്ഞ ദിവസമാണ് സിറിയയിലെ ഡമസ്കസില്‍ ഇസ്രായേല്‍ നടത്തിയ ആക്രമണത്തില്‍ ഇറാൻ സേന ഉപദേഷ്ടാവ് കൊല്ലപ്പെട്ടത്. സിറിയയിലെ ഇറാൻ റവല്യൂഷണറി ഗാര്‍ഡ് കമാൻഡര്‍ സഈദ് റാസി മൗസവിയാണ് കൊല്ലപ്പെട്ടത്.
ഡമസ്കസിലെ സൈനബിയ ജില്ലയിലാണ് സംഭവം. സിറിയയും ലെബനനും ഇറാനും തമ്മിലുള്ള സൈനിക സഖ്യത്തെ ഏകോപിപ്പിക്കുന്ന ചുമതലയുള്ള വ്യക്തിയായിരുന്നു സഈദ് റാസി മൗസവി.
2020ല്‍ അമേരിക്കൻ സൈന്യം വധിച്ച ഇറാൻ സൈനിക ഓഫിസര്‍ ഖാസിം സുലൈമാനിയുടെ പിൻഗാമിയായാണ് മൗസവി അറിയപ്പെട്ടിരുന്നത്.