ദില്ലി: മുസ്ലീംലീഗ് ജമ്മുകശ്മീരി(മസ്രത് ആലം)നെ നിരോധിത സംഘടനയായി പ്രഖ്യാപിച്ചു. കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന്റേതാണ് നടപടി. സംഘടന ദേശവിരുദ്ധ പ്രവർത്തനങ്ങൾക്ക് നേതൃത്വം നല്കുകയും ഭീകരവാദത്തെ പിന്തുണക്കുകയും ചെയ്യുന്നുവെന്ന് ചൂണ്ടിക്കാട്ടിയാണ് നടപടി. ഗുരുതരമായ ആരോപണങ്ങളാണ് സംഘടനക്കെതിരെ കേന്ദ്രം ആരോപിച്ചിരിക്കുന്നത്. ജമ്മുകശ്മീരിനെ പാക്കിസ്താനോട് ചേർക്കലാണ് സംഘടനയുടെ അജണ്ടയെന്നും ദേശവിരുദ്ധ പ്രവർത്തനങ്ങളിൽ സംഘടന ഇടപെടുന്നുവെന്നും കേന്ദ്രം പറയുന്നു. ഭീകര പ്രവർത്തനങ്ങൾക്ക് പ്രോത്സാഹനം നൽകുന്നു, ഇവരുടെ സാമ്പത്തിക സ്രോതസ്സുകൾ ഇതിന് വേണ്ടിയാണ്. ഈ സാഹചര്യത്തിൽ സംഘടന നിരോധിക്കുകയാണെന്ന് കേന്ദ്രആഭ്യന്തര മന്ത്രി അമിത് ഷാ ട്വീറ്റിലൂടെ അറിയിച്ചു. സംഘടന നിരോധിച്ചു കൊണ്ടുള്ള ഉത്തരവ് പുറത്തുവന്നിട്ടുണ്ട്.