CrimeNEWS

കേസുമായി ബന്ധമില്ലാത്തയാൾക്ക് പൊലീസിന്റെ ക്രൂര മർദ്ദനം, ചെവിക്കും കാലിനും ഗുരുതരമായി പരിക്കേറ്റു; മർദ്ദനം എസിപിയുടെ നേതൃത്വത്തിലെന്ന് ആരോപണം, പ്രതിയല്ലെന്നറിഞ്ഞ് വിട്ടയച്ചു

കോഴിക്കോട്: കോഴിക്കോട് കുറ്റിക്കാട്ടൂരിൽ കേസുമായി ബന്ധമില്ലാത്തയാൾക്ക് പൊലീസിന്റെ ക്രൂര മർദ്ദനം. കുറ്റിക്കാട്ടൂർ സ്വദേശി സി. മാമുക്കോയയ്ക്കാണ് ക്രൂര മർദ്ദനമേറ്റത്. മാമുക്കോയയുടെ ചെവിക്കും കാലിനും ഗുരുതരമായി പരിക്കേറ്റു. പിന്നീട് മെഡിക്കൽ കോളേജ് സ്റ്റേഷനിലെത്തിച്ച മാമുക്കോയയെ പ്രതിയല്ലെന്ന് കണ്ട് പൊലീസ് വിട്ടയക്കുകയായിരുന്നു. മെഡിക്കൽ കോളേജ് എസിപിയുടെ നേതൃത്വത്തിലാണ് മർദ്ദനമുണ്ടായത്. കുറ്റിക്കാട്ടൂർ യത്തീംഖാനയുടെ തർക്ക സ്ഥലത്ത് നിൽക്കുമ്പോഴാണ് മാമുക്കോയയ്ക്ക് നേരെ മ‍ർദ്ദനമുണ്ടായത്. അതിനിടെ, കസ്റ്റഡിയിലെടുക്കുമ്പോൾ പൊലീസ് ക്രൂരമായി മർദ്ദിക്കുന്ന ദൃശ്യങ്ങൾ പുറത്ത് വന്നിട്ടുണ്ട്.

കഴിഞ്ഞ ശനിയാഴ്ച രാവിലെ ഒന്‍പത് മണിയോടെ കുറ്റിക്കാട്ടൂര്‍ യത്തീംഖാന കോംപൗണ്ടിലാണ് പൊലീസിന്‍റെ ഈ ക്രൂര നടപടി. ഈ ഭൂമിയുമായി ബന്ധപ്പെട്ട് ചില തര്‍ക്കങ്ങള്‍ നിലനില്‍ക്കുന്നുണ്ട്. ഇതിന്‍റെ ഭാഗമായാണ് മെഡിക്കല്‍ കോളേജ് അസിസ്റ്റന്‍റ് കമ്മീഷണര്‍ സുദര്‍ശന്‍റെ നേതൃത്വത്തിലുള്ള പൊലീസ് സംഘം യത്തീംഖാനയിലെത്തിയത്. യത്തീം ഖാനയില്‍ കോഴി വിതരണം ചെയ്യുന്നത് മാമുക്കോയയാണ്. പതിവ് പോലെ മാമുക്കോയ ഇറച്ചി വിതരണത്തിന് എത്തിയതായിരുന്നു. ഈ സമയം അകാരണമായി പൊലീസ് കസ്റ്റഡിയിലെടുത്ത് മര്‍ദ്ദിക്കുകയായിരുന്നവെന്ന് മാമുക്കോയ പറയുന്നു. മെഡിക്കല്‍ കോളേജ് പൊലീസ് സ്റ്റേഷനില്‍ എത്തിച്ച മാമുക്കോയയെ നിരപരാധിയാണെന്ന് കണ്ട് ഉടന്‍ വിട്ടയക്കുകയും ചെയ്തു.

Signature-ad

പൊലീസ് മര്‍ദ്ദനത്തില്‍ മാമുക്കോയയുടെ ചെവിക്ക് ഗുരുതരമായി പരിക്കേറ്റു. ലാത്തി അടിയില്‍ കാലിനും പരിക്കേറ്റു. പൊലീസ് മര്‍ദ്ദനത്തിനെതിരെ സിറ്റി പൊലീസ് കമ്മീഷണര്‍ക്കും മുഖ്യമന്ത്രിക്കും പരാതി നല്‍കിയിരിക്കുകയാണ് മാമുക്കോയ. മനുഷ്യാവകാശ കമ്മീഷനും പരാതി നല്‍കുമെന്ന് മാമുക്കോയ പറഞ്ഞു. നേരത്തെ യത്തീം ഖാനയുടെ ഭാരവാഹിയായി മാമുക്കോയ പ്രവര്‍ത്തിക്കുകയും ചെയ്തിട്ടുണ്ട്.

Back to top button
error: