ഗണേശ് കുമാർ എൻഎസ്എസിനും സര്‍ക്കാരിനും ഒപ്പമുണ്ടെങ്കിലും അതിനെ പാലമായി എൽഡിഎഫ് കാണേണ്ടതില്ലെന്ന് സുകുമാരൻ നായര്‍ പറഞ്ഞു.
അതേസമയം സുകുമാരൻ നായരുമായി ഗണേഷ്കുമാർ ഇന്ന് കൂടിക്കാഴ്ച നടത്തി.ചങ്ങനാശ്ശേരിയിലെ എൻഎസ്എസ് ആസ്ഥാനത്തായിരുന്നു കൂടിക്കാഴ്ച.തുടർന്ന്മന്നം സമാധിയില്‍ ഗണേശ് കുമാറും സുകുമാരൻ നായരും ഒന്നിച്ച് പ്രാര്‍ത്ഥന നടത്തി.
ഗണേശിന് മന്ത്രി സ്ഥാനം ലഭിച്ചതില്‍ സന്തോഷമെന്നായിരുന്നു കൂടിക്കാഴ്ചയ്ക്ക് ശേഷം സുകുമാരൻ നായരുടെ പ്രതികരണം. ഗണേശ് ഒരിക്കലും എൻ എസ് എസിന് എതിരാകില്ല. ഗണേശ് എൻഎസ്എസിനും സര്‍ക്കാരിനും ഒപ്പമുണ്ട്. അതിനെ പാലമായി കാണേണ്ടതില്ല. എൻ എസ് എസിന് എതിരായ നിലപാട് വന്നാല്‍ അപ്പോള്‍ നോക്കാമെന്നും സുകുമാരൻ നായര്‍ പറഞ്ഞു.
അതേസമയം, അന്തരിച്ച മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിയെ അപകീര്‍ത്തിപ്പെടുത്തിയതില്‍ വലിയ പങ്കുള്ള കെ.ബി ഗണേശ് കുമാറിനെ മന്ത്രിസഭയില്‍ ഉള്‍പ്പെടുത്തുന്നതിനെതിരേ പ്രതിപക്ഷ നേതാവ് വി.ഡി സതീശൻ രംഗത്തെത്തി. ഗണേശ് കുമാറിനെ മന്ത്രിയാക്കാനുള്ള തീരുമാനത്തില്‍നിന്ന് ഇടതുമുന്നണിയും മുഖ്യമന്ത്രിയും പിന്മാറണമെന്ന് സതീശൻ ആവശ്യപ്പെട്ടു. മന്ത്രിമാരുടെ സത്യപ്രതിജ്ഞ യു.ഡി.എഫ് ബഹിഷ്കരിക്കുമെന്നും അദ്ദേഹം പറഞ്ഞു.