രണ്ടാം പിണറായി സര്‍ക്കാരിലെ പുതിയ മന്ത്രിമാരുടെ സത്യപ്രതിജ്ഞ 29നു നടത്താനുള്ള ക്രമീകരണങ്ങൾ രാജ്ഭവനിൽ തുടങ്ങി. പന്തലും മറ്റും ഒരുക്കുന്നതിനുള്ള പരിശോധന മരാമത്തുവകുപ്പ് ഉദ്യോഗസ്ഥർ നടത്തി. സർക്കാരിൽ നിന്ന് അനൗദ്യോഗിക അറിയിപ്പ് ലഭിച്ചതോടെയാണ് ഗവർണർ 29ന് സമയം നൽകിയത്. എന്നാൽ 24നു നടക്കുന്ന എൽഡിഎഫ് യോഗത്തിനു ശേഷമേ ഔദ്യോഗിക തീരുമാനം എടുക്കൂ. അതിനു ശേഷം മുഖ്യമന്ത്രി ഗവർണർക്ക് രേഖാമൂലം അറിയിപ്പ് നൽകും. നിശ്ചയിച്ചതിനെക്കാൾ ഒരു ദിവസം നേരത്തെ, ഇന്നലെ ഡൽഹിക്കു പോയ ഗവർണർ 28നു മടങ്ങി എത്തും. സത്യപ്രതിജ്ഞ കഴിഞ്ഞ് 30നു വീണ്ടും പോകും.
പുനഃസംഘടനയുമായി ബന്ധപ്പെട്ട് ഡിസംബര്‍ 24 ന്റെ ഇടതുമുന്നണി യോഗം തീരുമാനമെടുക്കും. യോഗത്തിൽ ആര്‍ജെഡിയുമായി ഉഭയകക്ഷി ചര്‍ച നടത്താനും സാധ്യതയുണ്ട്. സര്‍ക്കാര്‍ രണ്ടരവര്‍ഷം പൂര്‍ത്തിയാക്കുമ്പോള്‍ ഇടതുമുന്നണിയിലെ രണ്ടു ഘടകകക്ഷികള്‍ക്കു നൽകിയ മന്ത്രിപദവി മറ്റ് രണ്ടു ഘടകകക്ഷികള്‍ക്ക് കൈമാറണം എന്ന് നേരത്തേ തന്നെ ധാരണ ഉണ്ടായിരുന്നു.
ഇതനുസരിച്ച് ജനാധിപത്യ കേരള കോണ്‍ഗ്രസിന്റെ മന്ത്രിസ്ഥാനം ആന്റണി രാജു ഒഴിയുമ്പോള്‍ ഗതാഗതവകുപ്പ് കോണ്‍ഗ്രസ്(ബി)യുടെ ഗണേഷ് കുമാറിന് ലഭിക്കും. നേരത്തെ യു.ഡി.എഫ് ഭരണകാലത്തും ഗണേഷ് കുമാര്‍ ഗതാഗതവകുപ്പ് കൈകാര്യം ചെയ്തിരുന്നു.
ഐ.എന്‍.എൽന്റെ മന്ത്രിസ്ഥാനമാണ് കോണ്‍ഗ്രസ് എസിന് കൈമാറുക. തുറമുഖം, പുരാവസ്തു, മ്യൂസിയും വകുപ്പുകളാണ് മന്ത്രി അഹമദ് ദേവര്‍കോവിലിന്റെ ചുമതലയിലുള്ളത്. ഇത് രാമചന്ദ്രന് കടന്നപ്പള്ളിക്ക് കൈമാറും.
മന്ത്രിസഭ പുനഃസംഘടന നടപ്പാകുന്നതോടെ, ഏക എം എല്‍ എ മാരുള്ള മുന്നണിയിലെ ആര്‍ജെഡി ഒഴികെയുള്ള കക്ഷികള്‍ക്കെല്ലാം സര്‍ക്കാരില്‍ പ്രാതിനിധ്യം ലഭിക്കും. മന്ത്രിസ്ഥാനം ലഭിക്കാത്ത ആര്‍ജെഡിക്ക് മറ്റുസ്ഥാനങ്ങള്‍ നല്‍കുന്നത് പരിഗണിക്കേണ്ടി വരും എന്നാണ് എല്‍ഡിഎഫ് നേതാക്കള്‍ നല്കുന്ന സൂചന