ലക്നൗ: അയോധ്യയിൽ തകർക്കപ്പെട്ട ബാബറി മസ് ജിദിന് പകരം നിർമിക്കുന്ന പള്ളിയുടെ നിർമാണം അടുത്ത വർഷം മെയ് മാസത്തിൽ ആരംഭിക്കും. ധനിപൂർ വില്ലേജിൽ നൽകിയ അഞ്ച് ഏക്കർ സ്ഥലത്ത് മസ്ജിദിന്റെ നിർമാണം ആരംഭിക്കാനാണ് പദ്ധതിയെന്ന് ട്രസ്റ്റിന്റെ ചീഫ് ട്രസ്റ്റിയും ഉത്തർപ്രദേശ് സുന്നി സെൻട്രൽ വഖഫ് ബോർഡ് ചെയർമാനുമായ സുഫർ ഫാറൂഖി അറിയിച്ചു. അയോധ്യയിൽ നിന്ന് 25 കിലോമീറ്റർ അകലെ ധന്നിപൂർ എന്ന സ്ഥലത്താണ് മസ്ജിദ് നിർമിക്കുന്നത്. ‘ഇന്തോ ഇസ്ലാമിക് കൾച്ചറൽ ഫൗണ്ടേഷൻ ട്രസ്റ്റ്’ ആണ് മസ്ജിദ് നിർമിക്കുന്നത്. അടുത്ത വർഷം ഫെബ്രുവരി മുതൽ പദ്ധതിക്കായി വൻതോതിൽ ധനസമാഹരണത്തിനായി വിവിധ സംസ്ഥാനങ്ങളിലും ജില്ലകളിലും ഓരോരുത്തരെ ചുമതലപ്പെടുത്തുമെന്ന് ബന്ധപ്പെട്ടവർ അറിയിച്ചു.
മസ്ജിദിന്റെ അന്തിമ രൂപരേഖ ഫെബ്രുവരി പകുതിയോടെ ലഭിക്കും. അതിനുശേഷം ഭരണാനുമതിക്കായി സമർപ്പിക്കും. ഫെബ്രുവരിയിൽ തന്നെ പരിസരത്ത് ‘സൈറ്റ് ഓഫീസ്’ തുറക്കുമെന്നും സുഫർ ഫാറൂഖി വ്യക്തമാക്കി.
എന്തുകൊണ്ടാണ് കാലതാമസം?
സാമ്പത്തിക ബുദ്ധിമുട്ടുകളും മസ്ജിദിന്റെ രൂപകല്പനയിൽ സമൂലമായ മാറ്റവും വന്നതിനാൽ, ഔപചാരിക നടപടികൾ വീണ്ടും ആരംഭിക്കേണ്ടതുണ്ടെന്ന് സുഫർ ഫാറൂഖി പറഞ്ഞു. ഇതാണ് മസ്ജിദ് നിർമാണത്തിലെ കാലതാമസത്തിന് കാരണം. ഇന്ത്യയിൽ നിർമിച്ചവയെ അടിസ്ഥാനമാക്കിയാണ് മസ്ജിദിന്റെ പ്രാരംഭ രൂപകൽപന ചെയ്തത്. എന്നാൽ, അത് ഒഴിവാക്കി പുതിയ രൂപരേഖ തയ്യാറാക്കി. നേരത്തെ നിശ്ചയിച്ചിരുന്ന 15,000 ചതുരശ്ര അടിക്ക് പകരം 40,000 ചതുരശ്ര അടിയിലാണ് മസ്ജിദ് നിർമിക്കുകയെന്നും അദ്ദേഹം വ്യക്തമാക്കി.
സാമ്പത്തിക ഞെരുക്കം മറികടക്കാൻ ക്രൗഡ് ഫണ്ടിംഗ് കാമ്പയ്‌നിന്റെ സാധ്യതയെക്കുറിച്ച് ചോദിച്ചപ്പോൾ, ഫെബ്രുവരിയോടെ ട്രസ്റ്റ് അതിൽ ഒരു തീരുമാനമെടുക്കുമെന്ന് ഫാറൂഖി പറഞ്ഞു. ക്രൗഡ് ഫണ്ടിംഗ് വലിയ ജോലിയാണ്, കൈകാര്യം ചെയ്യാൻ വളരെ ബുദ്ധിമുട്ടാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. നിലവിൽ, ട്രസ്റ്റുമായി ബന്ധപ്പെട്ട മുംബൈ ടീം ഇതിനായി പ്രവർത്തിക്കുന്നു, ഒന്നര മാസത്തിനുള്ളിൽ മതിയായ തുക ലഭിക്കുമെന്ന് പ്രതീക്ഷിക്കുന്നു. എന്നിരുന്നാലും, ക്രൗഡ് ഫണ്ടിംഗിന്റെ സാധ്യത പൂർണമായും തള്ളിക്കളയുന്നില്ലെന്നും ആവശ്യമെങ്കിൽ സംഭാവന നൽകാൻ തയ്യാറുള്ളവരിൽ നിന്ന് ഓൺലൈൻ സംഭാവനകൾ തേടുമെന്നും ഫാറൂഖി അറിയിച്ചു.
പ്രവാചകന്റെയും പിതാവിന്റെയും പേരിൽ ‘മസ്ജിദ് മുഹമ്മദ് ബിൻ അബ്ദുല്ല’ എന്നാവും മസ്ജിദ് അറിയപ്പെടുക. മസ്ജിദ് ഇ അയോധ്യ എന്നായിരുന്നു ആദ്യം നിശ്ചയിച്ച പേര്. പിന്നീട് ഇതിന് മാറ്റം വരുത്തി. മക്ക ഹറം മസ് ജിദിലെ ഇമാം ശെയ്ഖ് അബ്ദുർ റഹ്‌മാൻ അൽ – സുദൈസിയായിരിക്കും മസ് ജിദിന്റെ ശിലാസ്ഥാപനം നടത്തുകയെന്ന് കഴിഞ്ഞ ദിവസം റിപ്പോർട്ടുകൾ ഉണ്ടായിരുന്നു. എന്നാൽ, ശിലാസ്ഥാപനത്തിന് ശെയ്ഖ് അബ്ദുർ റഹ്‌മാൻ അൽ – സുദൈസിയെ കൊണ്ടുവരാൻ ട്രസ്റ്റിന് ഇതുവരെ ഉദ്ദേശ്യമില്ലെന്ന് ട്രസ്റ്റ് സെക്രട്ടറി അത്തർ ഹുസൈൻ പറഞ്ഞു. മസ്ജിദിന്റെ നിർമാണം എപ്പോൾ പൂർത്തിയാകും എന്ന ചോദ്യത്തിന് തുകയുടെ ലഭ്യതയെ ആശ്രയിച്ചിരിക്കുമെന്നും അദ്ദേഹം മറുപടി നൽകി.
2019 നവംബറിലെ സുപ്രധാന വിധിയിൽ, അയോധ്യയിലെ തർക്കഭൂമിയില്‍ ക്ഷേത്രം പണിയാമെന്നും പകരം തർക്കഭൂമിക്കു പുറത്ത് മുസ്‌ലിംകൾക്ക് അഞ്ച് ഏക്കർ ഭൂമി നൽകാനും സുപ്രീംകോടതി വിധി പുറപ്പെടുവിച്ചിരുന്നു. കോടതി വിധി പ്രകാരം യുപി സര്‍ക്കാര്‍ നല്‍കിയ അഞ്ച് ഏക്കര്‍ സ്ഥലത്താണ് പള്ളി നിര്‍മിക്കുന്നത്. പള്ളിയോടൊപ്പം ആശുപത്രി, ലൈബ്രറി, കമ്മ്യൂണിറ്റി കിച്ചൺ, മ്യൂസിയം എന്നിവ ട്രസ്റ്റ് നിർമിക്കുമെന്ന് അത്തർ ഹുസൈൻ പറഞ്ഞു.
രാമക്ഷേത്രത്തിന്റെ പ്രതിഷ്ഠാ ചടങ്ങ് 2024 ജനുവരി 22 ന് നടക്കുമെന്ന് പ്രതീക്ഷിക്കുന്നത്.