KeralaNEWS

ഐ.എസ്.ആര്‍.ഒയിലെ യുവ ശാസ്ത്രജ്ഞന്‍ കുഴഞ്ഞുവീണ് മരിച്ചു; കാസർകോട് സ്വദേശിയായ ഇദ്ദേഹം ചന്ദ്രയാൻ ദൗത്യങ്ങളിൽ നിർണായക പങ്കുവഹിച്ച പ്രതിഭ

      ഐഎസ്ആര്‍ഒയിലെ യുവ ശാസ്ത്രജ്ഞന്‍ ബെംഗ്ളൂറില്‍ കുഴഞ്ഞുവീണ് മരിച്ചു. കാസർകോട് ചൂരി സൂര്‍ളുവിലെ പരേതനായ കെ പുട്ടണ്ണ – നാഗവേണി ദമ്പതികളുടെ മകൻ കെ അശോക് (42) ആണ് മരിച്ചത്. രാജ്യത്തിന് അഭിമാനം പകർന്ന ചന്ദ്രയാൻ ദൗത്യങ്ങളിൽ നിർണായക പങ്കുവഹിച്ച ശാസ്ത്രജ്ഞരിൽ ഒരാളാണ്.

ബെംഗ്ളുറു ഐഎസ്ആര്‍ഒയിൽ ചന്ദ്രയാൻ-2 ദൗത്യത്തിൽ ഓർബിറ്റ് പ്രോജക്ട് മാനജരായും ചന്ദ്രയാന്‍-3ൽ പ്രൊപല്‍ഷന്‍ മൊഡ്യൂള്‍ പ്രൊജക്ട് മാനജറുമായി സേവനമനുഷ്ഠിച്ചു. വെള്ളിയാഴ്ച ഉച്ചയ്ക്ക് ഒരു മണിയോടെ ബെംഗ്ളൂറിലെ താമസസ്ഥലത്ത് കുഴഞ്ഞുവീഴുകയായിരുന്നു. ആശുപത്രിയിൽ എത്തിച്ചെങ്കിലും മരണം സംഭവിച്ചു. മൃതദേഹം നാട്ടിലെത്തിച്ച് പാറക്കട്ടയിലെ സമുദായ ശ്മശാനത്തില്‍ സംസ്‌കരിച്ചു.

Signature-ad

കുഡ്‌ലുവിലെ ശ്രീ ഗോപാല കൃഷ്ണ ഹൈസ്‌കൂളിൽ നിന്നായിരുന്നു പ്രാഥമിക വിദ്യാഭ്യാസം നേടിയത്. തുടർന്ന് പെരിയ പോളിടെക്‌നിക് കോളജിൽ നിന്ന് മെക്കാനികൽ എൻജിനീയറിംഗിൽ ഡിപ്ലോമയും ബെംഗ്ളുറു വിശ്വേശ്വരയ്യ ഈവനിംഗ് കോളജിൽ നിന്ന് മെക്കാനികൽ എൻജിനീയറിംഗിൽ ബിരുദവും നേടി.

ഐഎസ്ആർഒയിൽ പ്രോജക്ട് മാനജരായാണ് അശോക് സേവനം ആരംഭിച്ചത്. ജിസാറ്റ് 11 ഉപഗ്രഹത്തിന്റെ വിജയത്തിൽ മികച്ച നേട്ടത്തിനുള്ള ടീം എക്സലൻസ് അവാർഡും ലഭിച്ചിരുന്നു. ഭാര്യ: മഹാരാഷ്ട്ര സ്വദേശിനി മഷയാക് (ഐഎസ്ആര്‍ഒ ശാസ്ത്രജ്ഞ). മക്കൾ: റയാന്‍സ്, ഹിയ.

Back to top button
error: