CrimeNEWS

വീടിന് നമ്പറിടാന്‍ പഞ്ചായത്ത് ഓഫീസില്‍ അപേക്ഷ നല്‍കിയയാളില്‍ നിന്ന് കൈക്കൂലി വാങ്ങുന്നതിനിടെ ഓവര്‍സിയറും ഏജന്റും അറസ്റ്റില്‍

മലപ്പുറം: വീടിന് നമ്പറിടാന്‍ പഞ്ചായത്ത് ഓഫീസില്‍ അപേക്ഷ നല്‍കിയയാളില്‍ നിന്ന് കൈക്കൂലി വാങ്ങുന്നതിനിടെ ഓവര്‍സിയറും ഏജന്റും അറസ്റ്റില്‍. മലപ്പുറം ജില്ലയിലെ നന്നമ്പ്ര ഗ്രാമ പഞ്ചായത്തിലെ ഓവര്‍സിയറായ ജഫസല്‍ പിയും ഏജന്റ് കൂടിയായ ഡ്രൈവര്‍ ദിഗിലേഷും ആണ് വെള്ളിയാഴ്ച വിജിലന്‍സിന്റെ പിടിയിലായത്. പുതിയ വീടിന് നമ്പര്‍ കിട്ടാന്‍ 3000 രൂപയാണ് കൈക്കൂലി വാങ്ങിയത്.

തിരൂരങ്ങാടി സ്വദേശിയാണ് പരാതിയുമായി വിജിലന്‍സിനെ സമീപിച്ചത്. പരാതിക്കാരന്‍ നിര്‍മിക്കുന്ന വീടിന് കെട്ടിട നമ്പര്‍ അനുവദിക്കുന്നതിനായി പഞ്ചായത്ത് ഓഫീസില്‍ അപേക്ഷ കൊടുത്തിരുന്നു. തുടര്‍ന്ന് ഗ്രാമ പഞ്ചായത്തിലെ എഞ്ചിനീയറിങ് വിഭാഗത്തിലെ ഉദ്യോഗസ്ഥര്‍ സ്ഥലത്തെത്തി പരിശോധന നടത്തി. ജനല്‍ ഉറപ്പിച്ചതുമായി ബന്ധപ്പെട്ട് അപാകതകളുണ്ടെന്നും അത് പരിഹരിച്ചാല്‍ മാത്രമേ കെട്ടിട നമ്പര്‍ നല്‍കൂ എന്നും ഓവര്‍സീയറായ ജഫസല്‍ അറിയിച്ചു.

Signature-ad

എന്നാല്‍ ഇതിന് പിന്നാലെ ഓവര്‍സിയറുടെ ഏജന്റായ ഡ്രൈവര്‍ ദിഗിലേഷ് വീട്ടുടമയെ ഫോണില്‍ വിളിച്ചു. 3000 രൂപ നല്‍കിയാല്‍ ഓവര്‍സിയറോട് പറഞ്ഞ് എല്ലാം ശരിയാക്കി തരാമെന്ന് അറിയിച്ചു. ഇതിന് ശേഷം കെട്ടിട ഉടമ ഓവര്‍സിയറെ നേരിട്ട് കണ്ടു. ഡ്രൈവര്‍ പറഞ്ഞതു പോലെ ‘കാര്യങ്ങള്‍’ ചെയ്യാന്‍ ആയിരുന്നു നിര്‍ദേശം. വീട്ടുടമ ഇക്കാര്യം മലപ്പുറം വിജിലന്‍സ് ഡിവൈഎസ്‍പി ഫിറോസ് എം ഷഫീക്കിനെ അറിയിച്ചു.

ഓവര്‍സിയറെയും ഏജന്റിനെയും കുടുക്കാന്‍ വിജിലന്‍സ് കെണിയൊരുക്കി. വെള്ളിയാഴ്ച ഉച്ചയോടെ 3000 രൂപ വാങ്ങുന്നതിനിടെ രണ്ട് പേരെയും കൈയോടെ വിജിലന്‍സ് സംഘം അറസ്റ്റ് ചെയ്യുകയായിരുന്നു. ഇവരെ കോഴിക്കോട് വിജിലന്‍സ് കോടതിയില്‍ ഹാജരാക്കുമെന്ന് അധികൃതര്‍ പറഞ്ഞു. വിജിലന്‍സ് ഡി.വൈ.എസ്.പി ഫിറോസ് ഷഫീക്കിനെ കൂടാതെ, ഇന്‍സ്‍പെക്ടര്‍മാരായ സ്റ്റെപ്റ്റോ ജോണ്‍ ടി. എല്‍, ഗിരീഷ് കുമാര്‍, സബ് ഇന്‍സ്‍പെക്ടര്‍മാരായ ശ്രീനിവാസന്‍, മോഹനകൃഷ്ണന്‍, എഎസ്ഐമാരായ മുഹമ്മദ് സലിം, ജിറ്റ്സ്, മധുസൂദനന്‍, പൊലീസുകാരായ രാജീവ്, സന്തോഷ്, ശ്രീജേഷ്, സുബിന്‍, ശിഹാബ്, സുനില്‍ എന്നിവരും വിജിലന്‍സ് സംഘത്തിലുണ്ടായിരുന്നു.

Back to top button
error: