CrimeNEWS

ഗവര്‍ണര്‍ക്കെതിരെ പ്രതിഷേധം: എസ്എഫ്‌ഐക്കാരുടെ ജാമ്യാപേക്ഷ തള്ളി

തിരുവനന്തപുരം: ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാനെതിരെ റോഡില്‍ പ്രതിഷേധിച്ച എസ്എഫ്‌ഐ പ്രവര്‍ത്തകരുടെ ജാമ്യാപേക്ഷ ജുഡീഷ്യല്‍ മജിസ്‌ട്രേറ്റ് കോടതി (മൂന്ന്) തള്ളി. പ്രതികളുടേത് ഗുരുതരമായ കുറ്റമാണെന്ന് പ്രോസിക്യൂഷന്‍ കോടതിയെ അറിയിച്ചിരുന്നു. വിദ്യാര്‍ഥികള്‍ നടത്തിയത് പ്രതിഷേധം മാത്രമാണെന്നും ഗവര്‍ണറെ തടഞ്ഞുവച്ചിട്ടില്ലെന്നുമായിരുന്നു പ്രതികള്‍ക്കുവേണ്ടി ഹാജരായ അഭിഭാഷകന്റെ വാദം.

എസ്എഫ്‌ഐ പ്രവര്‍ത്തകരായ യദുകൃഷ്ണന്‍, അഷിഖ് പ്രദീപ്, ആര്‍.ജി.ആഷിഷ്, ദിലീപ്, റയാന്‍, അമന്‍ ഗഫൂര്‍, റിനോ സ്റ്റീഫന്‍ എന്നിവര്‍ക്കെതിരെയാണ് കേസെടുത്തത്. ഐപിസി 143, 147, 149, 283, 353 വകുപ്പുകള്‍ പ്രകാരമാണ് പ്രവര്‍ത്തകര്‍ക്കെതിരെ കേസെടുത്തത്. ഗവര്‍ണറുടെ ആവശ്യപ്രകാരം ഐപിസി 124 അനുസരിച്ചും കേസെടുത്തു. ഗവര്‍ണര്‍ക്കും രാഷ്ട്രപതിക്കും നേരെ അതിക്രമം ഉണ്ടായാല്‍ ഈ വകുപ്പ് അനുസരിച്ചാണ് കേസെടുക്കുന്നത്. 7 വര്‍ഷം വരെ ശിക്ഷയും പിഴയും ലഭിക്കും.

നിയമവിരുദ്ധമായി സംഘം ചേരുന്നതിനു ഐപിസി 143 അനുസരിച്ച് ആറുമാസം തടവോ പിഴയോ ലഭിക്കും. കലാപശ്രമത്തിന് ഐപിസി 147 അനുസരിച്ച് 2 വര്‍ഷം വരെ തടവും പിഴയും ലഭിക്കാം. സര്‍ക്കാര്‍ ജീവനക്കാരുടെ ഡ്യൂട്ടി തടസപ്പെടുത്തിയതിന് ഐപിസി 353 അനുസരിച്ച് രണ്ടു വര്‍ഷം വരെ തടവും പിഴയും രണ്ടും കൂടിയോ ലഭിക്കാം. ജാമ്യമില്ലാത്ത വകുപ്പാണിത്.

Back to top button
error: