KeralaNEWS

കഴിഞ്ഞ വർഷമുണ്ടായ അപകട സാധ്യതയുടെയും കുസാറ്റ് ദുരന്തത്തിന്റെയും പശ്ചാത്തലത്തിൽ ഫോർട്ട് കൊച്ചിയിലെ ഇത്തവണത്തെ പുതുവത്സര ആഘോഷത്തിന് കർശന സുരക്ഷയൊരുക്കാൻ എറണാകുളം ജില്ലാ ഭരണകൂടം

കൊച്ചി: ഫോർട്ട് കൊച്ചിയിലെ ഇത്തവണത്തെ പുതുവത്സര ആഘോഷത്തിന് കർശന സുരക്ഷയൊരുക്കാൻ എറണാകുളം ജില്ലാ ഭരണകൂടം. കഴിഞ്ഞ വർഷമുണ്ടായ അപകട സാധ്യതയുടെയും കുസാറ്റ് ദുരന്തത്തിന്റെയും പശ്ചാത്തലത്തിലാണ് പൊലീസ് നടപടി കടുപ്പിക്കുന്നത്. കഴിഞ്ഞ തവണ ലക്ഷക്കണക്കിനാളുകൾ ആഘോഷത്തിനെത്തിയപ്പോൾ ദുരന്തം ഒഴിവായത് തലനാരിഴയ്ക്കാണ്. ഇത്തവണ ജാഗ്രതയിലാണ് അധികൃതർ.

നവവത്സരാഘോഷത്തിന്‍റെ ഭാഗമായി പാപ്പാഞ്ഞിയെ കത്തിക്കുന്നത് കാണാൻ കഴി‍ഞ്ഞ വർഷം എത്തിയത് വിദേശികളടക്കം അപ്രതീക്ഷിത ജനക്കൂട്ടമാണ്. പുതുവത്സരം പിറന്നതോടെ ആൾക്കൂട്ടം ഒന്നിച്ച് മൈതാനത്തിന് പുറത്തേക്കിറങ്ങി. തിക്കിലും തിരക്കിലും പെട്ട് നിരവധി പേർക്ക് പരിക്കേറ്റു. ആളപായമുണ്ടാവാതിരുന്നത് തലനാരിഴയ്ക്കാണ്. കനത്ത ഗതാഗത തടസമുണ്ടായത് പൊലീസിനേയും വലച്ചു. വാഹനങ്ങൾ പാർക്ക് ചെയ്യാൻ ഇത്തവണ വിപുലമായ സൗകര്യങ്ങൾ ഒരുക്കും.

ഗതാഗതത്തിന് കൂടുതൽ സ്വകാര്യ ബസുകളും കെഎസ്ആർടിസി ബസുകളും തയ്യാറാക്കും. വൈപ്പിൻ ഫോർട്ട് കൊച്ചി റൂട്ടിൽ കൂടുതൽ റോ റോ സർവീസും നടത്തും. എല്ലായിടത്തും വെളിച്ചം ഉറപ്പാക്കും. നിരീക്ഷണ ക്യാമറകളും ബാരിക്കേഡുകളും സ്ഥാപിക്കും. ഫോർട്ട് കൊച്ചി സബ് കളക്ടറുടെ നേതൃത്ത്വത്തിലുള്ള ഏഴംഗ സമിതിക്കാണ് ഫോർട്ട് കൊച്ചി പുതുവത്സരാഘോഷത്തിന്റെ ചുമതല.

2023 പിറന്നപ്പോള്‍ ഇരുപതിനായിരം ജനങ്ങളെ ഉൾക്കൊള്ളുന്ന പരേഡ് ഗ്രൗണ്ടിൽ നാല് ലക്ഷത്തോളം പേർ എത്തിയെന്നുള്ള കണക്കുകള്‍ പുറത്ത് വന്നിരുന്നു. തിരക്ക് മുന്നിൽകണ്ടുള്ള ഗതാഗത ക്രമീകരണങ്ങളോ, സുരക്ഷയോ ഒരുക്കിയില്ല. ജനങ്ങളെ നിയന്ത്രിക്കാനുള്ള ഗതാഗത നിയന്ത്രണങ്ങൾ സ്ഥിതി കൂടുതൽ വഷളാക്കുകയും ചെയ്തു. കേരളത്തിലെ ഏറ്റവും വലിയ പുതുവത്സരാഘോഷം നടക്കുന്ന ഫോർട്ട് കൊച്ചിയിൽ അന്ന് മുന്നൊരുക്കത്തിൽ വലിയ വീഴ്ചയാണ് സംഭവിച്ചത്. ഇത്തവണ അത് ആവര്‍ത്തിക്കാതിരിക്കാനുള്ള നടപടുകളാണ് സ്വീകരിക്കുന്നത്.

Back to top button
error: