LocalNEWS

സന്നിധാനത്ത് അടിയന്തര വൈദ്യ സഹായത്തിന് കനിവ് 108 സ്‌പെഷ്യല്‍ റെസ്‌ക്യൂ ആംബുലന്‍സിന് അനുമതി

തിരുവനന്തപുരം: ശബരിമല സന്നിധാനത്ത് തീർത്ഥാടകർക്ക് അടിയന്തര വൈദ്യ സഹായത്തിന് കനിവ് 108 സ്‌പെഷ്യൽ റെസ്‌ക്യൂ ആംബുലൻസ് ഉടൻ വിന്യസിക്കുമെന്ന് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോർജ് അറിയിച്ചു. കനിവ് 108 ആംബുലൻസിന്റെ 4×4 റെസ്‌ക്യു വാൻ അപ്പാച്ചിമേട് കേന്ദ്രമാക്കി പമ്പ മുതൽ സന്നിധാനം വരെ സേവനം നടത്തുന്നതിന് കഴിഞ്ഞ ദിവസം ഹൈക്കോടതി അനുമതി നൽകിയിരുന്നു. ഇതിനെ തുട‍ർന്നാണ് നടപടി. നിലവിൽ പമ്പയിൽ സേവനം നടത്തുന്ന ഈ വാഹനം സന്നിധാനത്തെത്തിക്കും. ദുർഘട പാതകളിൽ അനായാസം സഞ്ചരിക്കാൻ കഴിയുന്ന 4×4 വാഹനത്തിൽ അടിയന്തര വൈദ്യസഹായം നൽകാൻ വേണ്ടിയുള്ള മരുന്നുകളും ഉപകരണങ്ങളും ലഭ്യമാണ്. രോഗികളെ പരിചരിക്കുന്നതിന് പ്രത്യേക പരിശീലനം ലഭിച്ച ഒരു എമർജൻസി മെഡിക്കൽ ടെക്‌നീഷ്യന്റെ സേവനം ഈ വാഹനത്തിൽ ഉണ്ടായിരിക്കുമെന്നും മന്ത്രി വ്യക്തമാക്കി.

ശബരിമല തീർത്ഥാടനവുമായി ബന്ധപ്പെട്ട് മണ്ഡലകാലത്ത് തീർത്ഥാടകർക്ക് അടിയന്തര വൈദ്യ സഹായം ഒരുക്കാൻ ആരോഗ്യ വകുപ്പിന്റേയും കനിവ് 108 ന്റേയും ആംബുലൻസുകൾക്ക് പുറമേ കനിവ് 108ന്റെ റാപ്പിഡ് ആക്ഷൻ മെഡിക്കൽ യൂണിറ്റുകൾ കൂടി വിന്യസിച്ചിരുന്നു. ഇടുങ്ങിയ പാതകളിൽ സഞ്ചരിക്കാൻ കഴിയുന്ന ബൈക്ക് ഫീഡർ ആംബുലൻസ്, ദുർഘട പാതകളിലൂടെ സഞ്ചരിക്കാൻ കഴിയുന്ന 4×4 റെസ്‌ക്യു വാനിന് പുറമേ ഐസിയു ആംബുലൻസ് എന്നിവയാണ് ശബരിമലയ്ക്കായി സജ്ജമാക്കിയത്. എന്നാൽ കാനന പാതയിൽ യാത്ര ചെയ്യാൻ കോടതി അനുമതി വേണമായിരുന്നു. ഈ അനുമതിയാണ് കഴിഞ്ഞ ദിവസം ലഭിച്ചത്. തീർത്ഥാടകർക്ക് വൈദ്യസഹായം വേണ്ട സാഹചര്യങ്ങളിൽ 108 എന്ന ടോൾ ഫ്രീ നമ്പറിലേക്ക് ബന്ധപ്പെട്ടാൽ ഈ വാഹനങ്ങളുടെ സേവനം ലഭ്യമാകും.

Back to top button
error: