CrimeNEWS

യുവാവിനെ തല്ലിക്കൊന്ന് പോലീസ് സ്റ്റേഷനിലിട്ട കേസിലെ പ്രതിക്കുനേരെ വധശ്രമം; അഞ്ചുപേര്‍ അറസ്റ്റില്‍

കോട്ടയം: യുവാവിനെ തല്ലിക്കൊന്ന് പോലീസ് സ്റ്റേഷനിലിട്ട സംഭവത്തിലെ പ്രതിയായ യുവാവിനെ ഗുണ്ടാസംഘം വീട് ആക്രമിച്ച് കൊലപ്പെടുത്താന്‍ ശ്രമം. സംഭവത്തില്‍ അഞ്ചുപേരെ പോലീസ് അറസ്റ്റ് ചെയ്തു. മണര്‍കാട് കിഴക്കേതില്‍ പ്രവീണ്‍രാജു (31), കൂരോപ്പട ളാക്കാട്ടൂര്‍ കല്ലുത്തറ ഉണ്ണിക്കുട്ടന്‍ (26), മണര്‍കാട് മണ്ഡലത്തില്‍ സനുമോന്‍ (29), അയര്‍ക്കുന്നം അമയന്നൂര്‍ തേവര്‍വടക്കേതില്‍ ശരത് ശശി (25), കോട്ടയം കളക്ടറേറ്റ് കോഴിമല ജിജിന്‍ ഫിലിപ്പ് (26) എന്നിവരെയാണ് മണര്‍കാട് പോലീസ് അറസ്റ്റ് ചെയ്തത്.

മണര്‍കാട് പറപ്പള്ളിക്കുന്ന് കുന്നംപള്ളില്‍ കെ.എസ്. സുധീഷിനെയാണ് പുലര്‍ച്ചെ വീടാക്രമിച്ച് കൊലപ്പെടുത്താന്‍ ശ്രമിച്ചത്. ബുധനാഴ്ച പുലര്‍ച്ചെയായിരുന്നു വടിയും കല്ലും ഉപയോഗിച്ചുള്ള ആക്രമണം. ഗുണ്ടാസംഘങ്ങള്‍ക്കിടയിലെ തര്‍ക്കമാണ് ആക്രമണത്തിന് കാരണമെന്ന് പോലീസ് പറഞ്ഞു. അറസ്റ്റിലായ പ്രതികള്‍ക്കൊപ്പം സഹകരിച്ച് പ്രവര്‍ത്തിക്കാത്തതിലുള്ള വിരോധമാണ് ആക്രമണത്തിന് പിന്നിലെന്നാണ് പരിക്കേറ്റ സുധീഷ് പോലീസിന് നല്‍കിയ മൊഴി.

Signature-ad

പരാതിയെ തുടര്‍ന്ന് മണര്‍കാട് പോലീസ് കേസെടുത്ത് ഒളിവില്‍ കഴിഞ്ഞിരുന്ന പ്രതികളെ വിവിധ സ്ഥലങ്ങളില്‍നിന്ന് പിടികൂടുകയുമായിരുന്നു. പ്രവീണ്‍രാജുവും, ജിജിന്‍ ഫിലിപ്പും മണര്‍കാട് സ്റ്റേഷനിലെ സമൂഹവിരുദ്ധ പട്ടികയില്‍പ്പെട്ടവരാണ്. ഉണ്ണിക്കുട്ടന് പാമ്പാടി, കോട്ടയം വെസ്റ്റ് എന്നീ സ്റ്റേഷനുകളിലും, ശരത്ത് ശശിക്ക് കോട്ടയം ഈസ്റ്റ്, അയര്‍ക്കുന്നം, പാമ്പാടി, പാലാ എന്നീ സ്റ്റേഷനുകളിലും ക്രിമിനല്‍ കേസുകള്‍ നിലവിലുണ്ടെന്ന് പോലീസ് പറഞ്ഞു. കോടതിയില്‍ ഹാജരാക്കിയ റിമാന്‍ഡ് ചെയ്തു.

 

Back to top button
error: