Social MediaTRENDING
ട്രെയിനിനെ 27 കിലോമീറ്റർ ഓടിത്തോൽപ്പിച്ച് ഓട്ടോറിക്ഷ ;മിസ്സായ അതേ ട്രെയിനിൽ യാത്രക്കാരനെ കയറ്റിവിട്ട് താരമായി ഓട്ടോഡ്രൈവർ
News DeskDecember 8, 2023
ബംഗളൂരു:മിനിറ്റുകള്‍ കൊണ്ടെത്തേണ്ട ദൂരം കടക്കാന്‍ മണിക്കൂറുകളെടുക്കുന്ന ബെംഗളൂരുവില്‍ ഗതാഗത കുരുക്ക് സൃഷ്ടിക്കുന്ന തലവേദന ചില്ലറയല്ല.
മണിക്കൂറുകൾ നീണ്ട ഗതാഗത കുരുക്ക് കാരണം ട്രെയിനും ബസ്സുമൊക്കെ കിട്ടാതാകുന്നതും ഓഫീസുകളിൽ സമയത്തിനെത്താൻ കഴിയാത്തതുമെല്ലാം ഇവിടെ സ്ഥിരം കാഴ്ചയുമാണ്. എന്നാൽ ഗതാഗത കുരുക്കിനെ തുടർന്ന് യുവാവിന് ട്രെയിൻ കിട്ടാതെ വന്നപ്പോൾ തന്റെ ഓട്ടോയിൽ അതിസാഹസികമായി 27 കിലോമീറ്റർ അപ്പുറം അടുത്ത സ്റ്റേഷനിലെത്തിച്ച് ട്രെയിനിൽ കയറാൻ സഹായിച്ച ഒരു ഓട്ടോ ഡ്രൈവറാണ് ഇപ്പോൾ ബെംഗളൂരുവിലെ താരം.
ആദിൽ ഹുസൈനെന്ന ഐ.ടി. ജീവനക്കാരനാണ് ഓട്ടോയിലുള്ള തന്റെ സാഹസികയാത്ര എക്സിൽ പങ്കുവെച്ചത്. ഉച്ചക്ക് 1.40-നുള്ള പ്രശാന്തി എക്സ്പ്രസിലായിരുന്നു ആദിലിന് പോവേണ്ടിയിരുന്നത്. എന്നാൽ ഗതാഗത കുരുക്ക് കാരണം 17 കിലോമീറ്റർ അകലെയുള്ള റെയിൽവെ സ്റ്റേഷനിൽ സമയത്തിനെത്താൻ ആദിലിന് കഴിഞ്ഞില്ല.സ്റ്റേഷനിലെത്തിയപ് പോഴേക്കും ട്രെയിൻ പുറപ്പെട്ടും കഴിഞ്ഞിരുന്നു.ഒടുവിൽ നിസ്സഹായനായി നിൽക്കവേയാണ് ഒരു ഓട്ടോക്കാരൻ ആദിലിനെ സമീപിക്കുന്നത്.
അടുത്ത സ്റ്റോപ്പായ യെൽഹങ്ക റെയിൽവെ സ്റ്റേഷനിലെത്തിക്കാമെ ന്നും അവിടെ വെച്ച് ട്രെയിനിൽ കയറാമെന്നും ഓട്ടോ ഡ്രൈവർ പറഞ്ഞു. 27 കിലോമീറ്റർ അകലെയുള്ള സ്റ്റേഷനിൽ ട്രെയിൻ എത്തുന്നതിന് മുമ്പ് എങ്ങനെ എത്തുമെന്ന് സംശയം പ്രകടിപ്പിച്ച ആദിലിനോട് ട്രെയിൻ കിട്ടിയാൽ മാത്രം പണം നൽകിയാൽ മതിയെന്നും ഓട്ടോ ഡ്രൈവർ പറഞ്ഞു.
ഡ്രൈവറുടെ ആത്മവിശ്വാസം കണ്ടപ്പോൾ ഒരു കൈ നോക്കാമെന്ന് ആദിലിനും തോന്നി. അങ്ങനെ ആദിൽ ഓട്ടോയിൽ പുറപ്പെട്ടു. ഗതാഗത കുരുക്കിൽപ്പെടാതെ തനിക്കറിയുന്ന ഊടുവഴികളിലൂടെയെല്ലാം ഓട്ടോ പറപ്പിക്കുകയായിരുന്നു ഡ്രൈവർ എന്ന് ആദിൽ പറയുന്നു. അങ്ങനെ 2.20-ന് ട്രെയിൻ എത്തുന്നതിന് 5 മിനിറ്റു മുമ്പ് ആദിലിനെ ഓട്ടോഡ്രൈവർ സ്റ്റേഷനിലെത്തിക്കുകയും ചെയ്തു.
പ്രതിഫലമായി താൻ ഓട്ടോഡ്രൈവർക്ക് 2500 രൂപ നൽകിയെന്നും ആദിൽ കുറിച്ചു.