തിരുവനന്തപുരം: മെഡിക്കല്‍ കോളേജിലെ യുവ ഡോക്ടറുടെ മരണം ആത്മഹത്യയെന്ന് പൊലീസ്. വിശദമായ ആത്മഹത്യാക്കുറിപ്പ് പൊലീസ് ഫ്ലാറ്റില്‍നിന്നും കണ്ടെത്തി. അനസ്തേഷ്യ മരുന്ന് കുത്തിവച്ചാണ് യുവ ഡോക്ടര്‍ ജീവനൊടുക്കിയതെന്നും പൊലീസ് പറഞ്ഞു. കഴിഞ്ഞ ദിവസം രാത്രി 11.20നാണ് തിരുവനന്തപുരം മെഡിക്കല്‍ കോളേജിന് സമീപമുള്ള ഫ്ലാറ്റ് മുറിയില്‍ അബോധാവസ്ഥയില്‍ പിജി വിദ്യാര്‍ത്ഥിനിയായ ഡോ. ഷഹ്നയെ കണ്ടെത്തിയത്. സഹപാഠികളാണ് അബോധവസ്ഥയിൽ ഷഹ്ന കിടക്കുന്നത് പൊലീസിനെ അറിയിച്ചത്. ഉടൻ ആശുപത്രിയിലേക്ക് മാറ്റിയെങ്കിലും ജീവൻ രക്ഷിക്കാനായില്ല. ഇതിനുപിന്നാലെയാണ് ഫ്ലാറ്റില്‍ പൊലീസ് നടത്തിയ പരിശോധനയില്‍ കുറിപ്പ് കണ്ടെത്തിയത്.
വെഞ്ഞാറമൂട് സ്വദേശിയായ ഷഹ്ന സർജറി വിഭാഗത്തിൽ പി ജി ചെയ്യുകയായിരുന്നു. വാപ്പയായിരുന്നു എല്ലാമെന്നും ആശ്രയമായ വാപ്പ മരിച്ചുവെന്നും ഇനി സാമ്പത്തികമായി സഹായിക്കാന്‍ ആരുമില്ലെന്നുമാണ് കുറിപ്പില്‍ പറയുന്നത്. എല്ലാവര്ക്കും പണം മതിയെന്നും ആരെയും ബുദ്ധിമുട്ടിക്കാനില്ലെന്നും കുറിപ്പില്‍ എഴുതിയിട്ടുണ്ട്. പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ടിലാണ് അനസ്തേഷ്യ മരുന്ന് കൂടുതലായി കുത്തിവച്ചതാണ് മരണകാരണമെന്ന് വ്യക്തമായത്. സഹോദരിയുടെ വിവാഹം കഴിഞ്ഞു. ഇനി സഹോദരന് മാത്രമാണുള്ളതെന്നും വിവാഹത്തിന് ഉള്‍പ്പെടെ പണം ആവശ്യമാണെന്നും ഇനി ആര് നല്‍കാനാണെന്നും ആത്മഹത്യാ കുറിപ്പില്‍ പറയുന്നുണ്ട്.
അതേസമയം, ഒപ്പം പഠിക്കുന്ന സുഹൃത്തുമായി വിവാഹം നിശ്ചയിച്ചിരുന്നുവെന്നും ഇവര്‍ ആവശ്യപ്പെട്ട പണം നല്കാത്തതിനാല് ആ വിവാഹം മുടുങ്ങുന്ന സാഹചര്യമുണ്ടാക്കിയത് ഷെഹ്നയെ വിഷമിപ്പിച്ചിരുന്നുവെന്നാണ് ബന്ധുക്കളുടെ ആരോപണം. ആത്മഹത്യയില്‍ വിശദമായ അന്വേഷണം പൊലീസ് ആരംഭിച്ചു.
(ആത്മഹത്യ ഒന്നിനും പരിഹാരമല്ല. അതിജീവിക്കാൻ ശ്രമിക്കുക. മാനസികാരോഗ്യ വിദഗ്ധരുടെ സഹായം തേടുക. അത്തരം ചിന്തകളുളളപ്പോള്‍ ‘ദിശ’ ഹെല്പ് ലൈനില്‍ വിളിക്കുക. ടോള്‍ ഫ്രീ നമ്പര്‍: Toll free helpline number: 1056, 0471-2552056)