NEWSPravasi

യുഎഇ വാസത്തിന് അരനൂറ്റാണ്ട്; കപ്പലിറങ്ങിയ ഓര്‍മകള്‍ പങ്കുവച്ച് യൂസഫലി

ദുബായ്: ഗള്‍ഫ് മലയാളികളുടെ അംബാസഡര്‍ എന്ന വിശേഷണത്തിന് അര്‍ഹനായ മലയാളി വ്യവസായ പ്രമുഖന്‍ എംഎ യൂസഫലി യുഎഇയിലെത്തി അഞ്ച് പതിറ്റാണ്ട് തികയുകയാണ്. ആധുനിക യുഎഇ രാഷ്ട്രരൂപീകരണത്തോളം പഴക്കമുണ്ട് യൂസഫലിയുടെ പ്രവാസ ജീവിതത്തിനും. മരുഭൂവില്‍ മഹാവിസ്മയങ്ങള്‍ തീര്‍ത്ത് രാജ്യം വാനിലേക്ക് ചിറകുകള്‍ വിരിച്ചപ്പോള്‍ അതിന്റെ സ്പന്ദനങ്ങള്‍ അടുത്തറിഞ്ഞ യൂസഫലിയും തന്റെ വിപുലമായ ബിസിനസ് സാമ്രാജ്യം കെട്ടിപ്പടുക്കുകയായിരുന്നു.

പഴയകാല പ്രവാസികളെ പോലെ യൂസഫലിയും കപ്പലിലാണ് ആദ്യമായി ദുബായ് തീരമണയുന്നത്. 1973 ഡിസംബര്‍ 31 നാണ് യുഎഇയില്‍ എത്തിയത്. ദുബായില്‍ കപ്പലിറങ്ങിയ ശേഷം അബുദാബിയിലേക്ക് പോയി. അന്നുമുതല്‍ സ്ഥിരതാമസം അബുദാബിയിലാണ്. ലുലു ഗ്രൂപ്പിന്റെ ആസ്ഥാന നഗരമായി പിന്നെ അബുദാബി മാറുകയായിരുന്നു.

Signature-ad

ഡിസംബര്‍ രണ്ടിനാണ് യുഎഇ ദേശീയ ദിനം. 52 ാം ദേശീയ ദിനാഘോഷത്തിന്റെ ഭാഗമായുള്ള ചടങ്ങുകള്‍ക്കിടെ മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കവേയാണ് ലുലു ഗ്രൂപ്പ് ചെയര്‍മാന്‍ ആദ്യമായി രാജ്യത്ത് എത്തിയ അനുഭവങ്ങള്‍ ഓര്‍ത്തെടുത്തത്. യുഎഇയില്‍ എത്തിയിട്ട് ഈ മാസം 31ന് 50 വര്‍ഷം തികയുകയാണെന്ന് അദ്ദേഹം പറഞ്ഞു. ഇതുവരെയുള്ള എല്ലാ ദേശീയദിന ആഘോഷത്തിലും പങ്കെടുത്തിട്ടുണ്ട്. ദൈവാനുഗ്രഹത്താല്‍ ഈ വര്‍ഷവും പങ്കെടുക്കുന്നു-യൂസഫലി പറഞ്ഞു.

മലയാളിയെ സ്‌നേഹിച്ച യുഎഇക്ക് ദേശീയദിനത്തില്‍ അദ്ദേഹം നന്ദി രേഖപ്പെടുത്തി. മലയാളികള്‍ക്ക് ജോലിചെയ്യാനും കച്ചവടംചെയ്യാനും മിച്ചംവരുന്ന തുക യാതൊരു ബുദ്ധിമുട്ടുംകൂടാതെ മാതൃരാജ്യത്തേക്ക് അയക്കാനും അനുവാദംതരുന്ന വിശാലഹൃദയരായ ഭരണാധികാരികളാണ് യുഎഇയിലുള്ളത്. മലയാളികളെ ഇവര്‍ക്ക് വിശ്വാസവും സ്‌നേഹവുമാണ്. എല്ലാ കൊട്ടാരങ്ങളിലും മലയാളികളുണ്ട്. ലോകത്തില്‍ മലയാളികള്‍ ഏറ്റവും കൂടുതല്‍ താമസിക്കുന്ന വിദേശരാജ്യം യുഎഇയാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. 35.4 ലക്ഷത്തിലധികം ഇന്ത്യക്കാര്‍ യുഎഇയിലുണ്ടെന്നാണ് കണക്ക്.

ദേശീയദിനം ആഘോഷിക്കുന്ന എല്ലാ ഇന്ത്യക്കാര്‍ക്കും യുഎഇ ഭരണാധികാരികള്‍ക്കും അദ്ദേഹം ദേശീയദിനാശംസകള്‍ നേര്‍ന്നു. യുഎഇ സമ്പദ്വ്യവസ്ഥ വളരേണ്ടത് പ്രധാനമായും ഇന്ത്യക്കാരുടെ കൂടി ആവശ്യമാണെന്ന് യൂസഫലി അഭിപ്രായപ്പെട്ടു.

എന്നെ പോലെ ഇവിടെ എത്തുന്ന മലയാളികള്‍ക്ക് എല്ലാ സഹായവും ഈ രാജ്യം ചെയ്യുന്നുണ്ട്. സ്വന്തം പേരിലും രാജ്യത്തിന്റെ പേരിലും മലയാളികളുടെ പേരിലും അവരോട് എപ്പോഴും നന്ദി പറയാറുണ്ട്. ഈ രാജ്യം നമുക്ക് തന്ന എല്ലാ കാര്യത്തിനും നന്ദി പറഞ്ഞ് ദേശീയദിനം ആഘോഷിക്കാം. യുഎഇ കൂടുതല്‍ ഉന്നതിയിലേക്ക് കുതിക്കട്ടെയെന്നും അദ്ദേഹം ആശംസിച്ചു.

ഇന്ത്യന്‍ ഭരണകൂടത്തിന്റെ താല്‍പര്യപ്രകാരം രാജ്യത്തെ നിരവധി മേഖലകളില്‍ യുഎഇ വന്‍തോതില്‍ നിക്ഷേപം നടത്തിവരുന്നുണ്ട്. ഉഭയകക്ഷിബന്ധവും ഏറ്റവും ശക്തമായ നിലയിലാണ്. വാണിജ്യത്തിന് പുറമേ വിദ്യാഭ്യാസം പോലുള്ള മേഖകളിലേക്ക് അനുദിനം ബന്ധം വളരുകയാണ്. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ യുഎഇ സന്ദര്‍ശനങ്ങളും യുഎഇ ഭരണാധികാരി മുഹമ്മദ് ബിന്‍ സായിദ് അല്‍ നഹ്യാന്റെ ഇന്ത്യ സന്ദര്‍ശനവും സഹകരണവും ബന്ധവും ഊഷ്മളമാക്കി.

യുഎഇയും ഇന്ത്യയും പൊതുവായി ഊന്നല്‍നല്‍കുന്നത് സ്ഥിരത, സമാധാനം, സാമ്പത്തിക പുരോഗതി എന്നീ മേഖലകളിലാണെന്ന് നേരത്തേ യൂസഫലി അഭിപ്രായപ്പെട്ടിരുന്നു. എല്ലാ സംരംഭകര്‍ക്കുമുള്ള ഇന്‍കുബേറ്റര്‍ എന്നതിനൊപ്പം സുരക്ഷിതമായി ജോലിചെയ്യാനും ജീവിക്കാനും പറ്റിയ ഇടം എന്നതാണ് ലോകത്തെ ഇവിടേക്ക് ആകര്‍ഷിക്കുന്നതെന്നും അദ്ദേഹം പറയുന്നു.

23 രാജ്യങ്ങളില്‍ പ്രവര്‍ത്തിച്ചുവരുന്ന ലുലു ഗ്രൂപ്പിന്റെ വാര്‍ഷിക വിറ്റുവരവ് എട്ട് ബില്യണ്‍ യുഎസ് ഡോളറാണ്. മൂന്ന് വര്‍ഷത്തിനുള്ളില്‍ ഇന്ത്യയില്‍ 10,000 കോടി രൂപയുടെ നിക്ഷേപമിറക്കാനും അര ലക്ഷത്തിലധികം പേര്‍ ജോലിനല്‍കാനും ലുലു ഗ്രൂപ്പ് പദ്ധതി തയ്യാറാക്കിയിട്ടുണ്ട്.

 

Back to top button
error: