IndiaNEWS

വിവാഹാഭ്യർത്ഥന നിരസിച്ചു: 23 കാരിയായ സ്കൂൾഅധ്യാപികയെ 3 പേർ പട്ടാപ്പകൽ തട്ടിക്കൊണ്ടുപോയി; ഞെട്ടിക്കുന്ന സിസിടിവി ദൃശ്യങ്ങൾ പുറത്ത്

    കർണാടകയിലെ ഹാസൻ ജില്ലയിൽ വിവാഹാഭ്യർത്ഥന നിരസിച്ചു എന്നാരോപിച്ച് 23 കാരിയായ സ്കൂൾ അധ്യാപികയെ മൂന്ന് പേർ പട്ടാപ്പകൽ തട്ടിക്കൊണ്ടുപോയി. സിസിടിവിയിൽ പതിഞ്ഞ ദൃശ്യങ്ങൾ സാമൂഹ്യ മാധ്യമങ്ങളിൽ വൈറലായി. വ്യാഴാഴ്ച രാവിലെയാണ് സംഭവം. അർപ്പിത എന്ന യുവതിയെയാണ് തട്ടിക്കൊണ്ടുപോയത്.

ജോലി ചെയ്യുന്ന സ്‌കൂളിന് പുറത്ത് നിൽക്കുകയായിരുന്ന അർപ്പിതയുടെ അടുത്തേക്ക് ഒരു എസ്‌യുവി പതിയെ വരുന്നതായി സിസിടിവി ദൃശ്യങ്ങൾ വ്യക്തമാക്കുന്നു. തുടർന്ന് മൂന്ന് പേർ  വാഹനത്തിൽ നിന്ന് ഇറങ്ങി അർപ്പിതയെ ബലമായി കാറിൽ പിടിച്ച് കയറ്റുന്നതും കാണാം. രാവിലെ എട്ട് മണിയോടെയാണ് സംഭവം നടന്നതെന്നാണ് റിപ്പോർട്ട്.

Signature-ad

അർപ്പിതയുടെ ബന്ധുവായ രാമു എന്നയാളിലേക്കാണ് സംശയമുന എത്തിനിൽക്കുന്നത്. 15 ദിവസം മുമ്പ് രാമു വിവാഹം കഴിക്കാൻ ആഗ്രഹം പ്രകടിപ്പിച്ചിരുന്നതായി അർപ്പിതയുടെ വീട്ടുകാർ പറഞ്ഞു. എന്നിരുന്നാലും, മാതാപിതാക്കൾ അത് നിരസിച്ചു. ഇതായിരിക്കാം യുവതിയെ തട്ടിക്കൊണ്ടുപോകാൻ രാമുവിനെ പ്രേരിപ്പിച്ചതെന്ന് കുടുംബം ആരോപിച്ചു.

തട്ടിക്കൊണ്ടുപോകൽ സംബന്ധിച്ച് പൊലീസ് അന്വേഷണം ആരംഭിച്ചു. കവിയും തത്ത്വചിന്തകനുമായ കനകദാസിന്റെ ജന്മവാർഷികത്തോടനുബന്ധിച്ച് വ്യാഴാഴ്ച കർണാടകയിൽ സ്‌കൂളുകൾക്ക് അവധിയായിരുന്നു. അവധി ദിനത്തിൽ അർപ്പിത എന്തിനാണ് സ്കൂളിനടുത്ത് എത്തിയത് എന്നതിനെ കുറിച്ചും
അന്വേഷിച്ച് വരികയാണെന്ന് പൊലീസ് സൂപ്രണ്ട് പറഞ്ഞു.

Back to top button
error: