KeralaNEWS

കൊല്ലത്ത് കുട്ടിയെ തട്ടിക്കൊണ്ടുപോയ സംഭവം; സംസ്ഥാന വ്യാപകമായി അലര്‍ട്ട്;  പൊലീസ് അന്വേഷണം ഊർജിതമാക്കി

കൊല്ലം ഓയൂരില്‍ 6 വയസുകാരിയെ തട്ടിക്കൊണ്ട് പോയ സംഭവത്തില്‍ സംസ്ഥാന വ്യാപകമായി പോലീസിന്റെ അലർട്ട്. അതിര്‍ത്തികളിലും, റയില്‍വേ സ്റ്റേഷനുകളിലും പരിശോധന വ്യാപിപ്പിച്ച പോലീസ് ഇക്കാര്യത്തിൽ പൊതുജനങ്ങളുടെ സഹായവും തേടിയിട്ടുണ്ട്.

കൊല്ലം ഓയൂര്‍ സ്വദേശി റജിയുടെ മകള്‍ അഭികേല്‍ സാറ റെജിയെയാണ് തട്ടിക്കൊണ്ട് പോയത്.ഓയൂര്‍ കാറ്റാടിമുക്കില്‍ വെച്ച്‌ കാറില്‍ എത്തിയ 4 പേരുള്‍പ്പെട്ട സംഘമാണ് കുട്ടിയെ തട്ടികൊണ്ട് പോയത്.

Signature-ad

വെള്ള നിറത്തിലുള്ള ഹോണ്ട അമേസ് കാറിലാണ് കുട്ടിയെ തട്ടികൊണ്ട് പോയത്.മൂന്നു പുരുഷന്മാരും ഒരു സ്ത്രീയുമാണ് കാറിലുണ്ടായിരുന്നത്. മൂത്ത മകന്‍ ജോനാഥനൊപ്പം ട്യൂഷന് പോകുമ്ബോഴാണ് സംഭവം. തടയാന്‍ ശ്രമിച്ച തന്നെ വലിച്ചിഴച്ചതായി സഹോദരന്‍ 8 വയസുള്ള ജോനാഥന്‍ പറയുന്നു. സംഭവത്തില്‍ സൈബർ പോലീസും അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

 കുട്ടിയുടെ അമ്മയുടെ ഫോണിലേക്ക് മോചനദ്രവ്യം ആവശ്യപ്പെട്ട് വന്ന  കോളിനെ ചുറ്റിപ്പറ്റിയാണ് സൈബർ സെല്ലിന്റെ അന്വേഷണം.കുട്ടിയെ വിട്ടുനല്‍കണമെങ്കില്‍ 5 ലക്ഷം രൂപ നല്‍കണമെന്നാവശ്യപ്പെട്ടാണ് കുട്ടിയുടെ അമ്മയുടെ നമ്ബരിലേക്ക് ഒരു സ്ത്രീ വിളിച്ചത്. നമ്ബര്‍ വീട്ടുകാര്‍ പൊലീസിന് കൈമാറിയിരുന്നു.

പാരിപ്പള്ളി കിഴക്കനേലയിലെ ഒരു വ്യാപാരിയുടെ ഫോണില്‍ നിന്നാണ് കുട്ടിയുടെ വീട്ടിലേക്ക് വിളിച്ചതെന്ന് പോലീസ് ഇതിനകം കണ്ടെത്തിയിട്ടുണ്ട്. കടയിലെത്തിയത് ഒരു പുരുഷനും സ്ത്രീയുമാണ്. കടയില്‍ നിന്ന് സാധനങ്ങള്‍ വാങ്ങിയശേഷമാണ് ഫോണ്‍ ചോദിച്ചതെന്നും വ്യാപാരി പറയുന്നു.

കടയിലെത്തിയ സ്ത്രീക്ക് 35 വയസ് തോന്നിക്കും. ചുരിദാറായിരുന്നു വേഷം. ഷാള്‍ ഉപയോഗിച്ച്‌ തല മറച്ചിരുന്നു. പുരുഷന് 45 വയസോളം പ്രായമുണ്ട്. മൂന്ന് തേങ്ങയും ബിസ്കറ്റും റെസ്കും കേക്കും വാങ്ങി. ഓട്ടോയിലാണ് വന്നത്. ആദ്യം വന്ന് ബിസ്കറ്റുണ്ടോ എന്ന് ചോദിച്ചു. പിന്നീടാണ് മറ്റ് സാധനങ്ങള്‍ വാങ്ങിയതും ഫോണുമായി കടയില്‍ നിന്ന് പുറത്തേക്ക് പോയി വിളിച്ച ശേഷം തിരികെ കൊണ്ടുവന്നു തന്നതെന്നും ഇയാൾ പറയുന്നു.

അതേസമയം കുട്ടിക്കായി പൊലീസ് സംസ്ഥാന വ്യാപക പരിശോധന തുടരുകയാണ്.കുട്ടിയെ പറ്റി എന്തെങ്കിലും വിവരങ്ങള്‍ ലഭിച്ചാല്‍ ബന്ധപ്പെടേണ്ട എമര്‍ജന്‍സി നമ്ബരുകൾ- 9946923282, 9495578999

Back to top button
error: