KeralaNEWS

കുസാറ്റ് അപകടത്തിൽ ജീവൻ പൊലിഞ്ഞ ആൻ റുഫ്ത അരങ്ങിലെ രാജകുമാരി, മകളെ പഠിപ്പിക്കാന്‍ പണം കണ്ടെത്താന്‍ അമ്മ ഇറ്റലിയില്‍ ഹൃദയഭേദകം എന്ന് ബോളിവുഡ് ഗായിക നികിത ഗാന്ധി

    കളമശ്ശേരി കുസാറ്റ് കാമ്പസിലെ അപകടത്തില്‍ മരിച്ച വടക്കന്‍ പറവൂര്‍ സ്വദേശിയും വിദ്യാര്‍ഥിയുമായ ആന്‍ റുഫ്തയുടെ അമ്മ ഇറ്റലിയിലാണ്. വിസിറ്റിങ് വിസയില്‍ മകളെ പഠിപ്പിക്കാന്‍ പണം കണ്ടെത്താന്‍ അടുത്തിടെയാണ് ഇവര്‍ ഇറ്റലിയിലേക്ക് പോയത്.

ഇറ്റലിയില്‍ നിന്നും ഇവരെ തിരികെ നാട്ടില്‍ എത്തിക്കാനുള്ള ശ്രമം നടക്കുകയാണ്. മലയാളി അസോസിയേഷനുകളുമായി സഹകരിച്ച് ഇവരെ എത്തിക്കാനുള്ള ശ്രമത്തിലാണെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍ പറഞ്ഞു.

കൊച്ചി ശാസ്ത്ര സാങ്കേതിക സര്‍വകലാശാലയിലെ എഞ്ചിനിയറിങ് വിദ്യാര്‍ത്ഥികളുടെ ടെക് ഫെസ്റ്റിനിടെയുണ്ടായ അപകടത്തിലാണ്  നോർത്ത് പറവൂർ സ്വദേശി ആൻ റുഫ്ത, കൂത്താട്ടുകുളം സ്വദേശി അതുല്‍ തമ്പി, താമരശ്ശേരി സ്വദേശി സാറാ തോമസ്, പാലക്കാട് മുണ്ടൂർ സ്വദേശി ആൽവിൻ ജോസഫ് എന്നിവർ മരിച്ചത്. ഇതിൽ ആൽവിൻ ഒഴികെ മൂന്നു പേരും രണ്ടാം വര്‍ഷ എന്‍ജിനീയറിങ് വിദ്യാര്‍ഥികളാണ്. വൈകീട്ട് ഏഴ് മണിയോടെ ടെക്ഫെസ്റ്റ്  ‘ധിഷണ’യുടെ ഭാഗമായി സംഘടിപ്പിച്ച ബോളിവുഡ് ഗായിക നിഖിത ഗാന്ധിയുടെ ഗാനമേള കാണാനെത്തിയ വിദ്യാര്‍ഥികളാണ് അപകടത്തില്‍പ്പെട്ടത്.

ഇന്ന് രാവിലെ പോസ്റ്റ്മോര്‍ട്ടം നടത്തും. രണ്ട് മൃതദേഹങ്ങള്‍ കളമശേരി മെഡിക്കല്‍ കോളജിലും രണ്ട് മൃതദേഹങ്ങള്‍ എറണാകുളം ജനറല്‍ ആശുപത്രിയിലുമാണ് പോസ്റ്റ്മോര്‍ട്ടം നടത്തുക.

ചവിട്ടുനാടക വേദിയിലെ താരമായിരുന്ന ആൻ റിഫ്തയുടെ മരണം നാടിനു തേങ്ങലായി. ചവിട്ടുനാടകക്കളരിയിലെ ആശാനായ പിതാവ് റോയ് ജോർജ്കുട്ടിയുടെ കൈപിടിച്ചാണ് ആൻ വേദിയിലെത്തിയിരുന്നത്. ജൊവാൻ ഓഫ് ആർക്ക്, കാറൽസ്മാൻ, വിശുദ്ധ ഗീവർഗീസ്, സെന്റ് സെബാസ്റ്റ്യൻ തുടങ്ങി നിരവധി  നാടകങ്ങളിൽ അഭിനയിച്ചു. കുട്ടിക്കാലത്തു തന്നെ വേദിയിലെത്തിയ ആൻ നായിക കഥാപാത്രങ്ങളും രാജകുമാരിയുടെ വേഷവുമാണ് പ്രധാനമായി അവതരിപ്പിച്ചിരുന്നത്.

സഹോദരൻ റിഥുലും ചവിട്ടുനാടങ്ങളിൽ സജീവമാണ്. കുറുമ്പത്തുരുത്ത് യുവകേരള ചവിട്ടുനാടക കലാസമിതിയുടെ ആശാനായിരുന്നു റോയ് ജോർജുകുട്ടി. റോയിയുടെ വീട്ടുമുറ്റത്താണു ചവിട്ടുനാടകങ്ങളുടെ പരിശീലനം നടന്നിരുന്നത്.

കുസാറ്റ് ക്യാമ്പസില്‍ നാലു പേരുടെ മരണത്തിനിടയാക്കിയ സംഭവത്തില്‍ നടുക്കം രേഖപ്പെടുത്തി ഗായിക നികിത ഗാന്ധി. ‘ഞാന്‍ വേദിയിലെത്തുന്നതിന് മുമ്പ് തന്നെ അപകടമുണ്ടായി. ഹൃദയവേദന പ്രകടിപ്പിക്കാന്‍ വാക്കുകള്‍ ലഭിക്കുന്നില്ല. അപകടത്തില്‍പ്പെട്ട വിദ്യാര്‍ഥികളുടെയും കുടുംബത്തിന്റെയും ദുഃഖത്തില്‍ പങ്കുചേരുന്നു.’ നികിത ഗാന്ധി സാമൂഹ്യമാധ്യമങ്ങളിൽ കുറിച്ചു.

ശനിയാഴ്ച വൈകിട്ട് ഏഴു മണിയോടെ ക്യാംപസിലെ ഓപ്പൺ എയർ ഓഡിറ്റോറിയത്തിൽ സംഗീതനിശ ആരംഭിക്കുന്നതിനു തൊട്ടുമുന്‍പായിരുന്നു ദുരന്തം. സ്കൂൾ ഓഫ് എൻജിനീയറിങ് ആണ് പരിപാടി സംഘടിപ്പിച്ചത്.  മഴ പെയ്തതോടെ പുറത്തുനിന്നുള്ളവർ ഉൾപ്പെടെ നിരവധി ആളുകൾ ഓഡിറ്റോറിയത്തിലേക്ക് ഓടിക്കയറി. ഇതിനിടെ തിരക്കിൽപ്പെട്ട് പടിക്കെട്ടിൽ വീണ വിദ്യാർഥികളുടെ മുകളിലേക്ക് മറ്റുള്ളവരും വീഴുകയായിരുന്നു.

മന്ത്രിമാരായ പി.രാജീവും ആർ.ബിന്ദുവും സംഭവസ്ഥലത്ത് എത്തി പ്രവർത്തനങ്ങൾക്കു നേതൃത്വം നൽകി വരുന്നു.

Back to top button
error: