ന്യൂഡല്‍ഹി: ലോകകപ്പ് ക്രിക്കറ്റ് ഫൈനലില്‍ ഇന്ത്യയുടെ പരാജയത്തെ തുടര്‍ന്നുള്ള കോണ്‍ഗ്രസ് ബിജെപി വാക്‌പോര് തുടരുന്നു. മുന്‍ പ്രധാനമന്ത്രി ഇന്ദിരാ ഗാന്ധിയുടെ ജന്മദിനത്തില്‍ ഫൈനല്‍ മത്സരം നടന്നതിനാലാണ് ഇന്ത്യ പരാജയപ്പെട്ടതെന്നാണ് പുതിയ ആരോപണം. ബിജെപി നേതാവും അസം മുഖ്യമന്ത്രിയുമായ ഹിമന്ത ബിശ്വ ശര്‍മയാണ് ഇത്തരത്തില്‍ ആരോപണം ഉന്നയിച്ചത്.
”നമ്മള്‍ എല്ലാ മത്സരവും വിജയിച്ചുവന്ന് ഫൈനലില്‍ പരാജയപ്പെട്ടു. എന്തുകൊണ്ടാണ് നമ്മള്‍ പരാജയപ്പെട്ടതെന്ന് ഞാന്‍ ഏറെ അന്വേഷിച്ചു, ഇന്ദിരാ ഗാന്ധിയുടെ ജന്മദിനത്തിന്റെ അന്നാണ് ഫൈനല്‍ മത്സരം അരങ്ങേറിയത് എന്നതാണ് കാരണമായി കണ്ടെത്തിയത്. ഇന്ദിരാ ഗാന്ധിയുടെ ജന്മദിനത്തില്‍ ഫൈനല്‍ മത്സരം കളിച്ചു, രാജ്യം പരാജയപ്പെടുകയും ചെയ്തു. എനിക്ക് ബിസിസിഐയോട് ഒരു അപേക്ഷയുണ്ട്. ഗാന്ധി കുടുംബത്തിലെ ആരുടെയെങ്കിലും ജന്മദിനത്തിന്റെ അന്ന് ഇന്ത്യയുടെ മത്സരങ്ങള്‍ നടത്തരുത്. ലോകകപ്പ് ഫൈനലില്‍നിന്നാണ് എനിക്കിത് മനസ്സിലായത്”ഹിമന്ത ശര്‍മ പറഞ്ഞു.
നവംബര്‍ 19ന് അഹമ്മദാബാദിലെ നരേന്ദ്ര മോദി സ്റ്റേഡിയത്തില്‍ നടന്ന ഇന്ത്യ ഓസ്‌ട്രേലിയ ക്രിക്കറ്റ് ഫൈനല്‍ മത്സരത്തില്‍ ആറു വിക്കറ്റിനാണ് ഇന്ത്യ പരാജയപ്പെട്ടത്. ഇതിനു പിന്നാലെ പ്രധാനമന്ത്രി നരേന്ദ്ര മോദിയെ പരിഹസിച്ച് കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി രംഗത്തുവന്നിരുന്നു. ഇന്ത്യ ലോകകപ്പ് നേടേണ്ടതായിരുന്നു എന്നും ‘അപശകുനം’ എത്തിയതോടെയാണ് പരാജയപ്പെട്ടതെന്നും ലോകകപ്പ് ഫൈനലിലെ മോദിയുടെ സാന്നിധ്യത്തെ രാഹുല്‍ പരോക്ഷമായി പരിഹസിച്ചിരുന്നു.
രാഹുലിന്റെ പരാമര്‍ശത്തിനെതിരെ നടപടിയെടുക്കണമെന്ന് ആവശ്യപ്പെട്ട് ബിജെപി തിരഞ്ഞെടുപ്പ് കമ്മിഷനു പരാതിയും നല്‍കി. 1982ലെ ഏഷ്യാഡ് ഹോക്കി ഫൈനലില്‍ ഇന്ത്യ പാക്കിസ്ഥാനോടു ഗോള്‍നിലയില്‍ പിന്നിട്ടു നില്‍ക്കുമ്പോള്‍ ഇന്ദിരാ ഗാന്ധി ഇറങ്ങിപ്പോയത് ടീമിനെ അവഹേളിക്കുന്നതായിരുന്നെന്നും അന്നാരും അപശകുനം എന്നു വിളിച്ചില്ലെന്നും ബിജെപി ജനറല്‍ സെക്രട്ടറി രാധാമോഹന്‍ അഗര്‍വാള്‍ പറഞ്ഞു.