IndiaNEWS

പകൽ ഡ്രൈവര്‍, രാത്രി പതിവായി നൂറിലേറെ ഇളനീര്‍ മോഷ്ടിക്കും, ഒടുവില്‍ കുടുങ്ങി; കവര്‍ച്ചയ്ക്ക് പിന്നിലെ കാരണം കേൾക്കൂ

ബെംഗ്‌ളുറു നഗരത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്ന് രാത്രിയില്‍ ഇളനീര്‍ മോഷ്ടിക്കുകയും പകല്‍ സമയത്ത് മറ്റ് കച്ചവടക്കാര്‍ക്ക് വില്‍ക്കുകയും ചെയ്തു കൊണ്ടിരുന്ന യുവാവിനെ സിറ്റി പൊലീസ് അറസ്റ്റ് ചെയ്തു. തമിഴ്‌നാട് സ്വദേശിയായ മോഹന്‍ എന്നയാളാണ് പിടിയിലായത്. കഴിഞ്ഞ മൂന്ന് മാസമായി ബെംഗ്‌ളുറു നഗരത്തിലാണ് ഇയാളുടെ താമസം. സാധാരണ വിലപിടിപ്പുള്ള വസ്തുക്കള്‍ മാത്രമാണ് കള്ളന്മാര്‍ കവര്‍ച്ച ചെയ്യുന്നതെങ്കില്‍ മോഹന്‍ ഇളനീര്‍ ലക്ഷ്യം വെച്ചതിന് പിന്നിലുള്ള കാരണവും പൊലീസ് വെളിപ്പെടുത്തിയിട്ടുണ്ട്

പകല്‍ ഡ്രൈവര്‍, രാത്രി കള്ളന്‍

പ്രതി മോഹന്‍ മുമ്പ് ഇളനീര്‍ വില്‍പനക്കാരനായിരുന്നു. ഓണ്‍ലൈന്‍ റമ്മി ഗെയിമില്‍ ലക്ഷക്കണക്കിന് രൂപ നഷ്ടപ്പെട്ടതിനെത്തുടര്‍ന്ന് ഇയാള്‍ക്ക് വലിയൊരു കടബാധ്യതയുണ്ടായി. പിന്നീട് വാടകയ്ക്ക് കാര്‍ എടുത്ത് പകല്‍ സമയത്ത് ക്യാബ് ഡ്രൈവറായി ജോലി ചെയ്യുകയും ഇതേ കാര്‍ ഉപയോഗിച്ച് രാത്രി ഇളനീര്‍ മോഷ്ടിക്കുകയും ചെയ്തു’.

രാജണ്ണ എന്ന ഇളനീര്‍ വില്‍പനക്കാരന്‍ ഗിരിനഗര്‍ പൊലീസ് സ്റ്റേഷനില്‍ പരാതി നല്‍കിയതോടെയാണ് വിചിത്ര മോഷണം പുറത്തുവന്നത്. ദിവസവും 100 മുതല്‍ 200 വരെ ഇളനീര്‍ മോഷ്ടിക്കുകയും പുലര്‍ച്ചെ മറ്റ് കച്ചവടക്കാര്‍ക്ക് വില്‍ക്കുകയും ചെയ്യും. സിസിടിവി ദൃശ്യങ്ങള്‍ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിലാണ് മോഹന്‍ കുടുങ്ങിയത്. കവര്‍ച്ച ചെയ്ത ഇളനീരും എട്ട് ലക്ഷം രൂപ വിലമതിക്കുന്ന കാറും റോയല്‍ എന്‍ഫീല്‍ഡ് ബൈക്കും പൊലീസ് പിടിച്ചെടുത്തു.

Back to top button
error: