IndiaNEWS

റോഡില്‍ പൊട്ടിക്കിടന്ന വൈദ്യുതി കമ്പിയിൽ ചവിട്ടി അപകടം: 23 കാരിക്കും 9 മാസം പ്രായമുള്ള മകള്‍ക്കും ദാരുണാന്ത്യം

     റോഡില്‍ പൊട്ടിക്കിടന്ന വൈദ്യുതി  കമ്പിയില്‍ അബദ്ധത്തില്‍ ചവിട്ടിയ യുവതിക്കും കൈക്കുഞ്ഞിനും ദാരുണാന്ത്യം. ബെംഗ്‌ളൂറു സ്വദേശിനിയായ സൗന്ദര്യ (23) യും, ഇവരുടെ ഒന്‍പത് മാസം പ്രായമുള്ള മകളുമാണ് മരിച്ചത്. രാവിലെ നടക്കാനിറങ്ങിയ പ്രദേശവാസികളാണ് വിവരം അറിയിച്ചത്.

സംഭവത്തില്‍ കടുഗോഡി പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. ബെംഗ്‌ളൂറു ഇലക്ട്രിസിറ്റി സപ്ലൈ കംപനി ലിമിറ്റഡ് ഉദ്യോഗസ്ഥരെ ചോദ്യം ചെയ്തു വരികയാണെന്ന് പൊലീസ് പറഞ്ഞു. വിവരമറിഞ്ഞ് പൊലീസ് എത്തുമ്പോള്‍ വൈദ്യുതാഘാതമേറ്റ് മരിച്ച് കിടക്കുന്ന അമ്മയെയും മകളെയുമാണ് കണ്ടത്.

ഇന്ന് (ഞായർ) രാവിലെ 6 മണിയോടെയാണ് സംഭവം. തമിഴ്‌നാട്ടില്‍ നിന്ന് ബെംഗ്‌ളൂറിലെ വീട്ടിലേക്ക് മടങ്ങുമ്പോഴായിരുന്നു അമ്മയും മകളും അപകടത്തില്‍പെട്ടത്. തമിഴ്‌നാട്ടില്‍ നിന്നും ട്രെയിനില്‍ ബെംഗ്‌ളൂറിലെത്തിയ ഇരുവരും വീട്ടിലേക്ക് നടന്ന് പോകുന്നതിനിടെയാണ് സംഭവം.

കൈക്കുഞ്ഞുമായി നടന്ന് പോകവേ വൈറ്റ് ഫീല്‍ഡ് ഏരിയയില്‍ റോഡരികില്‍ പൊട്ടിക്കിടന്ന വൈദ്യുതി കമ്പിയില്‍ അബദ്ധത്തില്‍ ചവിട്ടുകയായിരുന്നു. ഇരുട്ടായതിനാല്‍ യുവതി വൈദ്യുതി കമ്പി കാണാനാവാതെ ചവിട്ടുകയായിരുന്നു എന്നാണ് പ്രാഥമിക നിഗമം.

വിഷയത്തില്‍ വിശദമായ അന്വേഷണം നടക്കുന്നുണ്ട്, ഉദ്യോഗസ്ഥരെ ചോദ്യം ചെയ്ത് വരികയാണെന്നും ഉചിതമായ നടപടി സ്വീകരിക്കുമെന്നും വൈറ്റ് ഫീല്‍ഡ് ഡെപ്യൂടി പൊലീസ് കമീഷണര്‍ ശിവകുമാര്‍ ഗുണാരെ വ്യക്തമാക്കി.

Leave a Reply

Your email address will not be published. Required fields are marked *

Back to top button
error: