ഇന്ന് വൃശ്ചികം ഒന്ന്. കേരളക്കരയില്‍ ഇനി ശരണ മന്ത്രത്തിന്റെ നാളുകള്‍. ശരണം വിളിയുടെ ശംഖൊലികള്‍ പ്രഭാതങ്ങളെ പുളകിതമാക്കും.കാറ്റിന് കര്‍പ്പൂരത്തിന്റെയും പൂജാദ്രവ്യങ്ങളുടേയും മണമാകും ഇനി അനുഭവപ്പെടുക.
ഭക്തിസാന്ദ്രമായ, ശരണമന്ത്രങ്ങളാല്‍ മുഖരിതമായ മണ്ഡലകാലത്തിനാണ് ഇന്ന് ആരംഭം കുറിക്കപ്പെടുന്നത്. കലിയുഗവരദനായ ശ്രീധര്‍മ്മ ശാസ്താവിന്റെ പുണ്യദര്‍ശനം നേടാന്‍ വ്രതമെടുത്ത് മലചവിട്ടാന്‍ ഭക്തര്‍ തയ്യാറെടുക്കുകയാണ്. ദൈവവും മനുഷ്യനും ഒന്നാണെന്ന തത്വമസി വാക്യം കര്‍മ്മപദത്തിലേക്ക് ആവാഹിച്ചാണ് ഓരോ തീര്‍ത്ഥാടകരും അയ്യപ്പനെ വണങ്ങി മലയിറങ്ങുന്നത്.
41 ദിവസമാണ് ഒരു മണ്ഡലകാലം. പൗര്‍ണ്ണമിക്കു ശേഷം പ്രതിപദം മുതല്‍ അടുത്ത പൗര്‍ണ്ണമി വരെ 30 ദിവസവും പിന്നീട് ഏകാദശി വരെയുള്ള 11 ദിവസവും ചേരുന്നതാണ് 41 ദിവസത്തെ മണ്ഡലകാലം. നവംബര്‍-ഡിസംബര്‍ മാസങ്ങളില്‍ മണ്ഡലക്കാലം എന്നറിയപ്പെടുന്ന 41 ദിവസങ്ങളാണ് ശബരിമലയിലെ പ്രധാന തീര്‍ത്ഥാടനകാലയളവ്. അത് കഴിഞ്ഞാല്‍ പ്രധാനം മകരവിളക്കാണ്.
അയ്യപ്പ രൂപം മുദ്രണം ചെയ്ത രുദ്രാക്ഷമാലയും ധരിച്ച്, കറുപ്പുടുത്ത് വ്രതശുദ്ധിയോടെയാണ് ഓരോ അയ്യപ്പന്മാരും മലചവിട്ടുന്നത്. ജീവിതത്തില്‍ ഇന്നു വരെ ചെയ്തുപോന്ന സകല പുണ്യപാപങ്ങളെയും ഇരുമുടിക്കെട്ടായി ശിരസ്സിലേറ്റി, ഭഗവാന്റെ കാല്ക്കല് സമര്‍പ്പിച്ച് മോക്ഷപ്രാപ്തിക്കായൊരു യാത്ര. അതാണ് ഓരോ അയ്യപ്പന്റെയും ലക്ഷ്യം. ജാതിമത ഭേദമന്യേ സര്‍വ്വമത സാഹോദര്യത്തിന്റെ പ്രതീകമായി നിലകൊള്ളുന്ന ശബരീശ സന്നിധിയില്‍ എത്തിച്ചേരുകയെന്നത് മോക്ഷപ്രാപ്തിയായാണ് ഭക്തലക്ഷങ്ങള്‍ വിശ്വസിച്ചു പോരുന്നത്.
ഹരിഹരസുതനാണ് അയ്യപ്പ സ്വാമി എന്ന് വിശ്വാസം. മഹിഷീ ശാപമോചനത്തിനായി ശാസ്താവ് സ്വയം ഭൂവായി അവതരിച്ചതാണ് അയ്യപ്പന് എന്നാണ് സങ്കല്‍പ്പം. വലതുകൈ കൊണ്ട് തള്ളവിരലും ചൂണ്ടാണി വിരലും ചേര്‍ത്തു ചിന്മുദ്ര കാണിച്ചു കൊണ്ട് വിരാജിക്കുന്ന രൂപത്തില്‍ കിഴക്കോട്ട് ദര്‍ശനമായി അയ്യപ്പന് വാണരുളുന്നു. തൊട്ടടുത്താണ് മാളികപ്പുറത്തമ്മക്ഷേത്രം. മാളികപ്പുറത്തമ്മയെ ഉപദേവതയായി കരുതുന്നു. രണ്ടുനിലയിലുള്ള മാളികയുടെ പുറത്താണ് ദേവി വിരാജിക്കുന്നത്. ഇതുമൂലമാണ് ദേവിക്ക് ഈ പേരുവന്നത്.