കൊച്ചി: പന്നി ഫാമിലേക്ക് തീറ്റയുമായി പോയ വാഹനങ്ങള്‍ പിടിച്ചെടുത്തതിനെതിരെ കൊച്ചി കോര്‍പ്പറേഷൻ ഓഫീസില്‍ പന്നി കര്‍ഷകരുടെ പ്രതിഷേധം. കൊച്ചി നഗരത്തിലെ ഹോട്ടലുകളില്‍ നിന്ന് ശേഖരിച്ച ഭക്ഷണാവശിഷ്ടങ്ങളുമായി പോയ എട്ട് വാഹനങ്ങളാണ് കോര്‍പ്പേറേഷൻ ആരോഗ്യ വിഭാഗം പിടിച്ചെടുത്തത്. ഹോട്ടലുകളില്‍ നിന്നുള്ള ഭക്ഷണാവശിഷ്ടങ്ങള്‍ ശേഖരിച്ച് പന്നികള്‍ക്ക് ഭക്ഷണം കൊടുക്കുന്നത് ഏറെക്കാലമായി തുടരുന്ന കാര്യമാണെന്ന് കര്‍ഷകര്‍ പറഞ്ഞു.
ഇതുവഴി പന്നികള്‍ക്ക് ഭക്ഷണം കിട്ടുന്നുവെന്നത് മാത്രമല്ല നഗരത്തിലെ ഹോട്ടലുകളിലെ ഏറിയ പങ്ക് മാലിന്യവും ഒഴിവാക്കാനാവുന്നുവെന്നതും ഗുണമായിരുന്നു. എന്നാല്‍ ഇത് കോര്‍പ്പറേഷൻ ഇപ്പോള്‍ തടയുകയാണ്. മാലിന്യം ശേഖരിക്കാൻ കരാറിലേര്‍പെട്ട കമ്പനികളുടെ സമ്മര്‍ദ്ദത്തിലാണ് കോര്‍പ്പറേഷൻ ഈ നിലപാട് സ്വീകരിക്കുന്നതെന്നും കര്‍ഷകര്‍ കുറ്റപെടുത്തി.
എന്നാല്‍ ഹോട്ടലുകളില്‍ നിന്ന് ശേഖരിക്കുന്ന ഭക്ഷണാവശിഷ്ടങ്ങളില്‍ പന്നികള്‍ തിന്നാത്തത് റോഡരികില്‍ തള്ളുന്നുവെന്ന പരാതിയെ തുടര്‍ന്നാണ് വാഹനങ്ങള്‍ പിടിച്ചെടുത്തതെന്നാണ് കോര്‍പ്പറേഷന്‍റെ വിശദീകരണം. കര്‍ഷകരും കോര്‍പ്പറേഷനും ഇങ്ങനെ തര്‍ക്കിക്കുമ്പോള്‍ ഭക്ഷണം കിട്ടാതെ വലയുന്നത് ഫാമിലെ പാവം പന്നികളാണ്.