KeralaNEWS

ഓൺലൈൻ തട്ടിപ്പുകാർ വിഹരിക്കുന്നു, മാവിലായിക്കാരി യുവതിക്ക് നഷ്ടപ്പെട്ടത് 6.6 ലക്ഷം, ഗൂഗിളിൽ നിന്ന് ലഭിച്ച ആശുപത്രിയുടെ നമ്പറിൽ വിളിച്ച കണ്ണൂർഏച്ചൂർ സ്വദേശി യുവതിക്ക് നഷ്ടമായത് 1 ലക്ഷം രൂപ

     കണ്ണൂരിലെ ഏച്ചൂരിൽ നിന്നും മംഗലാപുരത്തുള്ള ആശുപത്രിയിൽ അപ്പോയിൻമെന്റിന് വേണ്ടി ഗൂഗിളിൽ സെർച്ച്‌ ചെയ്ത് കിട്ടിയ നമ്പറിൽ വിളിച്ച യുവതിക്ക് ഒരു ലക്ഷം രൂപ നഷ്ടമായി.

ഗൂഗിളിൽ നിന്നും ലഭിച്ച ഫോൺ നമ്പറിൽ വിളിച്ചപ്പോൾ യുവതിയുടെ വാട്സ് ആപ്പിൽ രോഗിയുടെ വിവരങ്ങൾ ആവശ്യപ്പെട്ട് കൊണ്ട് ഒരു ലിങ്ക് അയച്ചു കൊടുക്കാനും ഒപ്പം 10 രൂപ അടക്കാനും ആവശ്യപ്പെട്ടു.

തുടർന്ന് യുവതി അതിൽ രോഗിയുടെ വിവരങ്ങൾ രേഖപ്പെടുത്തി അയച്ചു കൊടുക്കുകയും അയച്ചു തന്ന ലിങ്കിൽ കയറി പണം അടക്കാൻ ശ്രമിക്കുകയും ചെയ്തപ്പോഴാണ് അക്കൗണ്ടിൽ നിന്നും ഒരു ലക്ഷം രൂപ നഷ്ടമായത്.

കണ്ണൂർ മാവിലായി സ്വദേശിയായ യുവതിയെ ഓൺലൈൻ ട്രേഡിങ്ങിലൂടെ വൻ തോതിൽ പണം സമ്പാദിക്കാം എന്ന് പറഞ്ഞ് വിശ്വസിപ്പിച്ച് 6,66,600 രൂപ തട്ടിയെടുത്തു. യുവതിയുടെ പരാതിയിൽ കണ്ണൂർ ടൗൺ പോലീസ് കേസ് എടുത്തിട്ടുണ്ട്. യുവതിയുടെ ഫോണിലേക്ക് ടെലഗ്രാം ആപ്പ് വഴിയാണ് തട്ടിപ്പുകാർ സന്ദേശം അയച്ചത്. ഇതിൽ കയറിയപ്പോൾ ഗൂഗിൾ മാപ്പിലേക്ക് എത്തുകയും തട്ടിപ്പുകാരുടെ നിർദ്ദേശം അനുസരിച്ച് കുറച്ച് സ്ഥലങ്ങൾക്ക് റേറ്റിംഗ് കൊടുക്കുകയും ആയിരുന്നു തുടക്കം. ഇതിന് പ്രതിഫലമായി ആദ്യം കുറച്ച് പണം യുവതിക്ക് ലഭിച്ചു. പിന്നീട് അവർ ഓൺലൈൻ ട്രേഡിംഗിലൂടെ കൂടുതൽ പണം സമ്പാദിക്കാം എന്ന് പറഞ്ഞ് വിശ്വസിപ്പിച്ചു. ഇതനുസരിച്ച് യുവതി പലതവണയായി 6,61,600 രൂപ തട്ടിപ്പുകാർക്ക് നൽകിയ ബാങ്ക് അക്കൗണ്ടിലേക്ക് അയച്ചു നൽകി. ട്രേഡിങ് നടത്തുന്നതിന് വേണ്ടി ടെലഗ്രാം വഴി ഒരു ട്രേഡിങ് ആപ്പും പരിചയപ്പെടുത്തി. ഇതിലൂടെ ട്രേഡിങ് സംബന്ധിച്ച് നിരന്തരം ചാറ്റ് ചെയ്യുകയും ചെയ്തു. ഏറ്റവും ഒടുവിൽ ടാസ്ക് കഴിഞ്ഞു എന്നും പണം തിരികെ ലഭിക്കണമെങ്കിൽ ക്രെഡിറ്റ് സ്കോർ വർദ്ധിപ്പിക്കാൻ നാലുലക്ഷം രൂപ കൂടി അയച്ചു നൽകണമെന്നും ആവശ്യപ്പെട്ടു അനുതോടെയാണ് തട്ടിപ്പ് മനസ്സിലായതെന്ന് യുവതിയുടെ പരാതിയിൽ പറയുന്നു.

സൈബർ കുറ്റകൃത്യങ്ങൾ വർധിച്ച് വരുന്ന സാഹചര്യത്തിൽ അജ്ഞാത നമ്പറിൽ നിന്ന് ലിങ്കിൽ കയറി പണം അടക്കാൻ ആവശ്യപ്പടുമ്പോൾ ജാഗ്രത പാലിക്കുക.

സൈബർ കുറ്റകൃത്യങ്ങൾക്ക് ഇരയായാൽ ഉടൻ 1930 എന്ന പോലീസ് സൈബർ ഹെൽപ് ലൈനിൽ ബന്ധപ്പെടുക. അല്ലെങ്കിൽ www.cybercrime.gov.in എന്ന വെബ്സൈറ്റ് സന്ദർശിച്ച് പരാതി റിപ്പോർട്ട് ചെയ്യുക.

Back to top button
error: