KeralaNEWS

ബാര്‍ക്കോഴക്കേസില്‍ പിന്തുണച്ചില്ല; കോണ്‍ഗ്രസിന് നേരെ വിരല്‍ചൂണ്ടി മാണിയുടെ ആത്മകഥ

തിരുവനന്തപുരം: ബാര്‍കോഴ വിവാദത്തില്‍ യു.ഡി.എഫ്. പിന്തുണച്ചില്ലെന്നും ഗൂഢാലോചനയുണ്ടായെന്നും കെ.എം. മാണിയുടെ ‘ആത്മകഥ’. ചില കോണ്‍ഗ്രസ് നേതാക്കളുടെ പിന്‍ബലമുള്ള തലസ്ഥാനത്തെ ബാറുടമയാണ് താന്‍ ഒരുകോടിരൂപ വാങ്ങിയെന്ന് ആരോപണം ഉന്നയിച്ചത്. രമേശ് ചെന്നിത്തലയെ മുഖ്യമന്ത്രിയാക്കണമെന്ന ഒരു കോണ്‍ഗ്രസ് നേതാവിന്റെ ആവശ്യത്തോട് മുഖംതിരിച്ചപ്പോള്‍ ‘ഇത്തിരി വെള്ളം കുടിക്കട്ടെ, ഒരു പാഠം പഠിക്കട്ടെ’യെന്ന് ചെന്നിത്തല മനസ്സില്‍ പറഞ്ഞിരിക്കാമെന്ന് ആത്മകഥയില്‍ പറയുന്നു.

വിദേശത്തായിരുന്ന ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല തിരിച്ചെത്തിയ ഉടന്‍ അടിയന്തരകാര്യംപോലെ കോഴ ആരോപണത്തെപ്പറ്റി വിജിലന്‍സിന്റെ ത്വരിതാന്വേഷണം പ്രഖ്യാപിച്ചു. ധനമന്ത്രിയായ തന്നെ വട്ടമിട്ട് ആക്രമിച്ച ബാറുടമയുടെ മകളുടെ കല്യാണാഘോഷത്തിനുപോയ ഉമ്മന്‍ചാണ്ടിയും രമേശ് ചെന്നിത്തലയും വിവാഹം നടത്തിപ്പുകാരായിമാറിയെന്നും ആത്മകഥയില്‍ കുറ്റപ്പെടുത്തുന്നു.

Signature-ad

കോഴയാരോപണം അന്വേഷിക്കണമെന്ന് സി.പി.എമ്മില്‍നിന്ന് ആദ്യം ആവശ്യപ്പെട്ട വി.എസ്. അച്യുതാനന്ദന്, താനൊഴികെ മറ്റെല്ലാവരും അഴിമതിക്കാരാണെന്ന ധാരണയായിരുന്നു. മൂന്നാര്‍ കൈയേറ്റത്തിന്റെ പേരില്‍ വി.എസ്. കാട്ടിക്കൂട്ടിയതെല്ലാം മണ്ടത്തരങ്ങളായിരുന്നെന്നും മാണി പരിഹസിക്കുന്നു. ചന്ദ്രശേഖര്‍ പ്രധാനമന്ത്രിയായപ്പോള്‍ കേരള കോണ്‍ഗ്രസിന് മന്ത്രിസ്ഥാനം വാഗ്ദാനംചെയ്തെങ്കിലും അത് ഇല്ലാതാക്കിയത് കെ. കരുണാകരനായിരുന്നെന്നും മാതൃഭൂമി ബുക്‌സ് പുറത്തിറക്കിയ ആത്മകഥയില്‍ മാണി തുറന്നടിക്കുന്നു.

Back to top button
error: