BusinessTRENDING

ജനങ്ങളെ ഊറ്റി പൊതുമേഖലാ എണ്ണ കമ്പനികൾ; 2023-24 സാമ്പത്തിക വർഷത്തിന്റെ രണ്ടാം പാദത്തിൽ ലാഭം 27,295 കോടി രൂപ!

2023-24 സാമ്പത്തിക വർഷത്തിന്റെ രണ്ടാം പാദത്തിൽ പൊതുമേഖലാ എണ്ണ കമ്പനികളുടെ ആകെ ലാഭം 27,295 കോടി രൂപ. ഉയർന്ന ക്രൂഡ് വില കാരണം കഴിഞ്ഞ സാമ്പത്തിക വർഷം നഷ്ടം നേരിട്ട സ്ഥാനത്താണ് ഇന്ത്യൻ ഓയിൽ കോർപ്പറേഷൻ ലിമിറ്റഡ് (ഐഒസിഎൽ), ഭാരത് പെട്രോളിയം കോർപ്പറേഷൻ ലിമിറ്റഡ് (ബിപിസിഎൽ), ഹിന്ദുസ്ഥാൻ പെട്രോളിയം കോർപ്പറേഷൻ ലിമിറ്റഡ് (എച്ച്പിസിഎൽ) എന്നിവയുൾപ്പെടെയുള്ള കമ്പനികൾ ലാഭം നേടിയത്.

രാജ്യത്തെ ഏറ്റവും വലിയ എണ്ണ കമ്പനിയായ ഇന്ത്യൻ ഓയിൽ രണ്ടാം പാദത്തിൽ 12,967 കോടി രൂപയുടെ അറ്റാദായം കൈവരിച്ചു . കഴിഞ്ഞ വർഷം ഇതേ കാലയളവിൽ ഇത് 272 കോടി രൂപയായിരുന്നു. സെപ്റ്റംബർ 30ന് അവസാനിച്ച പാദത്തിൽ ഭാരത് പെട്രോളിയവും ഹിന്ദുസ്ഥാൻ പെട്രോളിയവും യഥാക്രമം 8,501 കോടി രൂപയും 5,827 കോടി രൂപയും അറ്റാദായം നേടി.

അതേ സമയം ക്രൂഡ് ഓയിൽ വില തൊട്ടു മുൻ പാദത്തെ അപേക്ഷിച്ച് നിന്ന് 11 ശതമാനം വർധിച്ചതിനാൽ ലാഭത്തിൽ കുറവുണ്ടായി. സൗദി അറേബ്യയും റഷ്യയും ഉൽപാദനം കുറച്ചതിനാൽ ജൂലൈ മുതൽ ക്രൂഡ് വില വർധിച്ചു. മൂന്ന് എണ്ണ ശുദ്ധീകരണ കമ്പനികളുടെയും ആകെ അറ്റാദായം സാമ്പത്തിക വർഷത്തിന്റെ ആദ്യ പാദത്തിൽ 32,147 കോടി രൂപയായിരുന്നു. ക്രൂഡ് വില ബാരലിന് 85 ഡോളറിനടുത്താണ് വ്യാപാരം നടത്തുന്നതെങ്കിലും രാജ്യത്തുടനീളം തിരഞ്ഞെടുപ്പ് അടുക്കുന്നതിനാൽ, എണ്ണകമ്പനികൾ ഇന്ധന വില മാറ്റമില്ലാതെ നിലനിർത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്. ക്രൂഡ് വില ബാരലിന് 80 ഡോളറിനു മുകളിൽ വ്യാപാരം ചെയ്യുന്നതിനാൽ, രാജ്യത്ത് ഡീസൽ, പെട്രോൾ വില കുറയ്ക്കാൻ സാധ്യതയില്ല. 2022 ഏപ്രിൽ മുതൽ ഇന്ധന വിലയിൽ മാറ്റമില്ല.

Back to top button
error: