KeralaNEWS

ലോക്സഭാ തെരഞ്ഞെടുപ്പ് മുന്നിൽ കണ്ട് സംസ്ഥാന ബജറ്റ് നേരത്തെയാക്കാൻ തിരക്കിട്ട നീക്കവുമായി സര്‍ക്കാർ; ജനുവരിയിൽ അവതരിപ്പിച്ചേക്കും

തിരുവനന്തപുരം: ലോക്സഭാ തെരഞ്ഞെടുപ്പ് മുന്നിൽ കണ്ട് സംസ്ഥാന ബജറ്റ് നേരത്തെയാക്കാൻ തിരക്കിട്ട നീക്കവുമായി സര്‍ക്കാര്‍. ജനുവരിയിൽ തന്നെ ബജറ്റ് അവതരിപ്പിച്ച് പാസാക്കിയെടുക്കാനാണ് ധാരണ. തെരഞ്ഞെടുപ്പ് വര്‍ഷമായതുകൊണ്ട് തന്നെ ജനപ്രിയ നിര്‍ദ്ദേശങ്ങൾക്കായിരിക്കും ബജറ്റിൽ മുൻഗണന. ഫെബ്രുവരി അവസാനമോ അല്ലെങ്കിൽ മാര്‍ച്ച് ആദ്യമോ ആയിരുന്നു സംസ്ഥാന ബജറ്റിന്റെ പതിവ് രീതി.

ബജറ്റ് നിയമസഭയിൽ അവതരിപ്പിച്ചാൽ മാത്രം പോര, അത് പാസാക്കിയെടുക്കാൻ ആഴ്ചകൾ നീണ്ട നടപടി ക്രമങ്ങളുണ്ട്. ലോക്‌സഭാ തെരഞ്ഞെടുപ്പിന് മുൻപ് ഇതെല്ലാം പൂര്‍ത്തിയാക്കണമെങ്കിൽ ജനുവരിയിൽ തന്നെ ബജറ്റ് നിയമസഭയിൽ അവതരിപ്പിക്കണം. ധനവകുപ്പും പ്ലാനിംഗ് ബോര്‍ഡും ഇതിനായി ചര്‍ച്ചകളും കൂടിയായാലോചനകളും തുടങ്ങിയെന്നാണ് വിവരം.

സര്‍ക്കാര്‍ സേവനങ്ങൾക്കും നികുതികൾക്കും എല്ലാം നിരക്ക് കൂട്ടിയും ഇന്ധന സെസ്സ് ഏര്‍പ്പെടുത്തിയും സാധാരണക്കാരന് തിരിച്ചടിയാകുന്ന നിര്‍ദ്ദേശങ്ങൾക്കായിരുന്നു കഴിഞ്ഞ ബജറ്റിൽ മുൻതൂക്കം. സംസ്ഥാന സര്‍ക്കാരിന്‍റെ വരുമാന വര്‍ദ്ധനയുടെ പേര് പറഞ്ഞ് നടത്തിയ പ്രഖ്യാപനങ്ങളെല്ലാം വലിയ വിമര്‍ശനങ്ങൾക്കും പ്രതിഷേധങ്ങൾക്കും ഇടയാക്കിയിരുന്നു. ലോക്സഭാ തെരഞ്ഞെടുപ്പ് അടുത്തിരിക്കെ ഇത്തവണ ജനപ്രിയ നിര്‍ദ്ദേശങ്ങൾക്കാകും ബജറ്റ് മുൻതൂക്കമെന്നാണ് പ്രതീക്ഷിക്കുന്നത്.

Back to top button
error: