NEWSSports

ഓസ്ട്രേലിയ പിന്മാറി, 2034 ഫിഫ ലോകകപ്പ് സൗദി അറേബ്യയില്‍

റിയാദ്:ഫിഫ 2034 ലോകകപ്പിനായി ബിഡ് സമര്‍പ്പിച്ചിരിക്കുന്ന സമയപരിധി ഇന്നലെ അവസാനിക്കെ ഓസ്‌ട്രേലിയ  ബിഡില്‍ നിന്ന് പിന്മാറി.ഇതോടെ സൗദി അറേബ്യ   2034 ഫിഫ ലോകകപ്പിന് ആതിഥേയത്വം വഹിക്കുമെന്ന് ഏറെക്കുറെ ഉറപ്പായി.

2034 എഡിഷൻ ഏഷ്യയിലോ ഓഷ്യാനിയയിലോ മാത്രമേ നടത്തൂ എന്ന് ഫിഫ നേരത്തെ തന്നെ നിർദ്ദേശം നൽകിയിരുന്നു. ഏഷ്യൻ ഫുട്ബോള്‍ കോണ്‍ഫെഡറേഷൻ (എഎഫ്‌സി) പ്രസിഡന്റ് കൂടിയായ ഷെയ്ഖ് സല്‍മാൻ ബിൻ ഇബ്രാഹിം അല്‍ ഖലീഫി സമര്‍പ്പിച്ച ബിഡിന് എ എഫ് സിയിലെ എല്ലാ രാജ്യങ്ങളുടെയും പിന്തുണയുമുണ്ട്.

ലോകകപ്പ് നടത്തി ഖത്തർ ലോകത്തിന്റെ ശ്രദ്ധാകേന്ദ്രമായതു മുതൽ അതിനെ മറികടക്കാനുള്ള പ്രവർത്തനങ്ങൾ അയൽരാജ്യമായ സൗദി അറേബ്യയും നടത്തുന്നുണ്ട്. ലോകകപ്പിന് പിന്നാലെ ക്രിസ്റ്റ്യാനോ റൊണാൾഡോ അടക്കമുള്ള വമ്പൻ താരങ്ങളെ സൗദിയിലേക്ക് എത്തിച്ചത് അതിനുള്ള ഉദാഹരണമാണ്. അതിനു പിന്നാലെ 2030 ലോകകപ്പ് നടത്താനുള്ള ശ്രമങ്ങൾ അവർ നടത്തിയെങ്കിലും  പിന്നീട് പിന്മാറി.എന്നാൽ 2034ലെ ലോകകപ്പിന് ആതിഥേയത്വം വഹിക്കാനുള്ള കൊണ്ടുപിടിച്ച ശ്രമങ്ങളാണ് സൗദി നടത്തിവന്നിരുന്നത്..അതിൽ അവർ ഏറെക്കുറെ വിജയിച്ചതായാണ് സൂചന.

 2034ലെ ലോകകപ്പ് സൗദി അറേബ്യയിൽ വെച്ചു തന്നെ നടക്കാനുള്ള സാധ്യതകൾ വളരെയധികം വർധിച്ചുവെന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. 2026ലെ ലോകകപ്പ് അമേരിക്ക, കാനഡ, മെക്‌സിക്കോ തുടങ്ങിയ രാജ്യങ്ങളിൽ വെച്ചും 2030ലെ ലോകകപ്പ് സ്പെയിൻ, പോർച്ചുഗൽ മൊറോക്കോ തുടങ്ങിയ രാജ്യങ്ങളിൽ വെച്ചും നടത്താൻ ഫിഫ തീരുമാനിച്ചിട്ടുണ്ട്. അതിനു ശേഷമുള്ള ലോകകപ്പ് നടത്താൻ ഏഷ്യ, ഓഷ്യാനിയ മേഖലയെയാണ് ഫിഫ പരിഗണിക്കുന്നത്.

ഏഷ്യ, ഓഷ്യാനിയ മേഖലയിൽ നിന്നും ലോകകപ്പിനായി ബിഡ് സമർപ്പിച്ചിട്ടുള്ളത് സൗദി അറേബ്യയും ഓസ്‌ട്രേലിയയും മാത്രമായിരുന്നു. ബിഡ് പിൻവലിക്കാനുള്ള അവസാന ദിവസമായ ഇന്നലെ ഓസ്‌ട്രേലിയ അതിൽ നിന്നും പിന്മാറിയതോടെയാണ് സൗദിയിൽ തന്നെ 2034 ലോകകപ്പ് നടക്കുമെന്ന് ഏറെക്കുറെ ഉറപ്പായത്.

Back to top button
error: